കൊച്ചി : ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എറണാകുളം മണ്ഡലത്തില്‍ ഹൈബി ഈഡനെതിരെ മത്സരിക്കുമെന്ന് സരിതാ നായര്‍. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി എറണാകുളം കളക്ട്രേറ്റിലെത്തി സരിത നാമനിര്‍ദ്ദേശ പത്രിക വാങ്ങി മടങ്ങി.
അതിനിടെ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ പന്ത്രണ്ടോളം നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കഴിഞ്ഞ ഒരു വര്‍ഷത്തോളമായി മെയിലുകളും ഫാക്‌സുകളും അയയ്‌ക്കുന്നുണ്ട്. എന്നാല്‍ ഒരിക്കല്‍ പോലും രാഹുല്‍ ഗാന്ധി മറുപടി നല്‍കിയിട്ടില്ല. ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രിയാവാന്‍ മത്സരിക്കുന്നയാള്‍ ഒരു സ്ത്രീയോട് ഇങ്ങനെയാണോ പ്രതികരിക്കേണ്ടതെന്നും സരിത ചോദിച്ചു.
തെരഞ്ഞെടുപ്പ് സമയങ്ങളില്‍ തട്ടിപ്പുകാരി എന്നുപറഞ്ഞ് പാര്‍ട്ടിക്കാര്‍ തന്നെ ആക്ഷേപിക്കുന്നുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് എഫ്‌ഐആറില്‍ പേരുള്ള ആളുകളും ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്. ഈ നടപടിയെ ചോദ്യം ചെയ്യുന്നതിനു വേണ്ടിയാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. അല്ലാതെ തെരഞ്ഞെടുപ്പില്‍ ജയിച്ച് എംപിയാകുന്നതിന് വേണ്ടിയല്ലെന്നും സരിത കൂട്ടിച്ചേര്‍ത്തു.
















