തൊടുപുഴ: ഇടുക്കി പാര്‍ലമെന്റ് നിയോജക മണ്ഡലം എന്‍ഡിഎ കണ്വെന്ഷന് ഇന്ന് തൊടുപുഴയില്‍ സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് രണ്ടിന് തൊടുപുഴ മൗര്യഗാര്ഡനിലാണ് പരിപാടി. സ്ഥാനാര്‍ത്ഥി ബിജു കൃഷ്ണന്റെ പര്യടനം ഇന്നലെ ദേവികുളം മണ്ഡലത്തിലായിരുന്നു. കാര്‍ഷിക,തോട്ടം മേഖലകളില്‍ സ്ഥാനാര്‍ത്ഥിക്ക് ഉജ്വല സ്വീകരണമാണ് ലഭിച്ചത്. തൊഴിലാളികള്‍ക്ക് സ്ഥാനാര്‍ത്ഥി ആവേശമായി. രാവിലെ അടിമാലി പത്താം മൈലില്‍ നിന്നും ആരംഭിച്ച പര്യടനത്തിന് നൂറു കണക്കിനാളുകള്‍ ആശംസകള്‍ നല്കി സ്ഥാനാര്‍ത്ഥിയെ സ്വീകരിച്ചു.
കാര്‍ഷിക മേഖലയുടെ തകര്‍ച്ചയില്‍ നട്ടം തിരിയുന്ന കര്ഷകന് മോദി സര്‍ക്കാര്‍ നല്കിയ കിസാന്‍ സമ്മാന പദ്ധതികളടക്കമുള്ളവ ഇനിയും തുടരേണ്ടത് നാടിന് ആവശ്യമാണെന്ന് സ്ഥാനാര്‍ത്ഥി അഭിപ്രായപ്പെട്ടു. തോട്ടം തൊഴിലാളികളെ വഞ്ചിച്ച ഇരുമുന്നണികളുടെയും ജനപ്രതിനിധികള്‍ സാധാരണക്കാരെ മുന്നില്‍ നിര്‍ത്തി വന്‍ കയ്യേറ്റത്തിന് നേത്യത്വം കൊടുത്തവരാണ്. രാജ്യത്ത് അഴിമതി രഹിത സുദൃഢ ഭര ണം തുടരേണ്ടതിന്റെ ആവശ്യം ജനങ്ങള്‍ക്ക് ബോധ്യമായി. അതിന്റെ ഏറ്റവും വലിയ തെളിവാണ് കത്തുന്ന ചൂടിലും ജനങ്ങള്‍ തനിക്ക് നല്കുന്ന സ്വീകരണമെന്ന് ബിജു കൃഷ്ണന് പറഞ്ഞു.
എന്‍ഡി.എ നേതാക്കളായ കെ.എസ്. അജി, സോജന് ജോസഫ്, വി.എന്‍.സുരേഷ് തുടങ്ങിയവര്‍ സ്ഥാനാര്‍ത്ഥിയോടൊപ്പം മണ്ഡല പര്യടനത്തില്‍ പങ്കുചേര്‍ന്നു. ഇരുമ്പുപാലം, കമ്പിലൈന്‍, കല്ലാര്‍, കൂമ്പന്‍പാറ, പള്ളിവാസല്‍, മൂന്നാര്‍, ബൈസന്‍വാലി, കഞ്ചിത്തണ്ണി, ആനമ്പാല്, വെള്ളതൂവല്‍, കല്ലാര്‍കുട്ടി, എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തി പര്യടനം അടിമാലിയില്‍ സമാപിച്ചു. ഇന്ന് തൊടുപുഴ മണ്ഡലത്തില്‍ ബിജു കൃഷ്ണന് പര്യടനം നടത്തും. തൊടുപുഴ മണ്ഡലത്തിലെ കാഞ്ഞിരമറ്റത്ത് നിന്ന് രാവിലെ 8.30 ന് പര്യടനം ആരംഭിക്കും. മുലിയാര്മഠം, കാരിക്കാട്, മങ്ങാട്ടുകവല, ഷാപ്പുംപടി, വെങ്ങല്ലൂര്‍, മണക്കാട്, നെടിയശാല, വഴിത്തല, പുറപ്പുഴ, കരിങ്കുന്നം, പുത്തന്‍പള്ളി,മുട്ടം, മ്രാല, എന്നിവടങ്ങളില്‍ വോട്ടര്മാരെകണ്ട് വോട്ടഭ്യര്‍ത്ഥിച്ച് പര്യടനം കോലാനിയില്‍ സമാപിക്കും.
എന്‍ഡിഎ സ്ഥാനാര്‍ത്ഥി ബിജു കൃഷ്ണന്റെ വിജയം ഉറപ്പാക്കാന്‍ ബൂത്തു തലത്തില്‍ സ്ക്വാഡ് പ്രവര്‍ത്തനവും ഗൃഹസമ്പര്‍ക്കവും കാര്യക്ഷമമായുണ്ട്. പ്രചാരണ രംഗത്ത് എന്‍ഡിഎ മുന്നേറ്റം നടത്തുകയാണ്. നിലവിലെ രാഷ്ട്രീയ സാഹചര്യം എന്‍ഡിഎയ്ക്ക് കൂടുതല്‍ വിജയ സാധ്യത നല്‍കുന്നതാണ്. ഇടുക്കി മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ എന്‍ഡിഎ ഗവണ്മെന്റിന്റെ സംഭാവനയാണ്. എന്നാല്‍ നിലവിലെ എംപി നടത്തുന്ന പ്രചരണങ്ങള്‍ വ്യാജവും തന്റെ തനത് ഫണ്ട് ഉപയോഗിച്ച് ചെയ്തതാണ് എന്ന അവകാശവാദം അപഹാസ്യവും അപലപനീയവുമാണെന്നും നേതാക്കള്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ പി.എ. വേലുക്കുട്ടന്, പി. രാജന്, ബിനു ജെ. കൈമള്‍, കേരളാ കോണ്‍ഗ്രസ്സ് ജില്ലാ വൈസ് പ്രസിഡന്റ് പോള്‍ ജോസഫ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: