ന്യൂദല്‍ഹി: ബഹിരാകാശത്തും ഇന്ത്യയുടെ അത്യുജ്ജ്വലമായ മിന്നലാക്രമണം. ഇന്ത്യ സ്വന്തമായി വികസിപ്പിച്ച പടുകൂറ്റന്‍ ഉപഗ്രഹവേധ മിസൈല്‍ ഇന്നലെ വിജയകരമായി പരീക്ഷിച്ചു. ഭൂമിയോട് ഏറ്റവും അടുത്തുള്ള ഭ്രമണപഥത്തിലുണ്ടായിരുന്ന ഇന്ത്യയുടെ തന്നെ ഉപഗ്രഹമാണ് മിസൈല്‍ അയച്ച് തകര്‍ത്തത്. ഇതോടെ ഉപഗ്രഹവേധ മിസൈല്‍ ഉള്ള നാലാമത്തെ രാജ്യമായി ഇന്ത്യ. വെറും മൂന്നു മിനിറ്റു കൊണ്ടാണ് ‘മിഷന് ശക്തി’ പൂര്‍ത്തിയായതെന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി വെളിപ്പെടുത്തി.
ഡിആര്‍ഡിഒ വികസിപ്പിച്ച ആന്റി സാറ്റലൈറ്റ് (എ-സാറ്റ്) മിസൈല്‍ ഉപയോഗിച്ച് 300 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലെ(ലോവര്‍ എര്‍ത്ത് ഓര്‍ബിറ്റ്) ഉപഗ്രഹത്തെയാണ് തകര്‍ത്തത്. ഇന്ത്യയെക്കൂടാതെ അമേരിക്ക, റഷ്യ, ചൈന എന്നീ വന്‍ശക്തികള്‍ക്കും ഈ ശേഷിയുണ്ട്. ബഹിരാകാശത്ത് നടത്തിയ മിന്നലാക്രമണമെന്നാണ് ശാസ്ത്രജ്ഞര്‍ മിഷന് ശക്തിയെ വിശേഷിപ്പിച്ചത്.
ഒറീസ തീരത്തെ ഡിആര്‍ഡിഒയുടെ അധീനതയിലുള്ള എ.പി.ജെ. അബ്ദുള്‍ കലാം ദ്വീപിലെ വിക്ഷേപണത്തറയില്‍ നിന്നാണ് എ സാറ്റ് മിസൈല്‍ ആകാശത്തേക്ക് കുതിച്ചുയര്‍ന്നത്. മണിക്കൂറില്‍ എണ്ണായിരം കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന മിസൈല്‍ മൂന്നാം മിനിറ്റില്‍ ലക്ഷ്യം ഭേദിച്ചു. ഇന്ത്യയുടെ തന്നെ ഉപയോഗരഹിതമായ ഉപഗ്രഹമാണ്് മിഷന് ശക്തിക്കായി തകര്‍ത്തത്. 2014 മുതല്‍ പദ്ധതിക്കായി ഇന്ത്യ ഊര്‍ജിത ശ്രമങ്ങള്‍ ആരംഭിച്ചിരുന്നതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. ദൗത്യം വിജയകരമായതോടെ ലോ എര്‍ത്ത് ഓര്‍ബിറ്റ് ഭ്രമണപഥത്തിലുള്ള ശത്രു ഉപഗ്രങ്ങളെയും ചാര ഉപഗ്രഹങ്ങളെയും തകര്‍ക്കാനുള്ള നിര്‍ണായക ശക്തിയാണ് ഇന്ത്യ കൈവരിച്ചത്.
മൈക്രോസാറ്റ്-ആര് എന്ന കൃത്രിമ ഉപഗ്രഹത്തിന്റെ ചെറിയപതിപ്പ് ജനുവരി 24ന് ഇന്ത്യ ബഹിരാകാശത്തേക്ക് വിക്ഷേപിച്ചിരുന്നു. ഇതാണ് എ-സാറ്റ് മിസൈലുപയോഗിച്ച് തകര്‍ത്തതെന്നാണ് കരുതുന്നത്. 740 കിലോ ഭാരമുള്ള മൈക്രോസാറ്റ് 277 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തിലാണുണ്ടായിരുന്നത്. മൈക്രോസാറ്റിന്റെ വിക്ഷേപണ സമയം പ്രതിരോധാവശ്യത്തിനുള്ള സാറ്റലൈറ്റ് ആണെന്ന വിശദീകരണമാണ് ഐഎസ്ആര്‍ഒ നല്‍കിയത്. എന്നാല്‍ അതീവ രഹസ്യകരമായ ബഹിരാകാശ ദൗത്യത്തിനുള്ള ഒരുക്കങ്ങള്‍ ഇന്ത്യ നാളുകള്‍ക്ക് മുന്നേ ആരംഭിച്ചിരുന്നെന്ന് വ്യക്തമാക്കുന്നതാണ് പ്രധാനമന്ത്രി ഇന്നലെ നടത്തിയ അപ്രതീക്ഷിത പ്രഖ്യാപനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: