തിരൂര്‍: വോട്ട് അഭ്യര്‍ത്ഥിച്ച് മലയാള സര്‍വകലാശാലയിലെത്തിയ പൊന്നാനി മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി പ്രൊഫ. വി.ടി. രമക്ക് നേരെ അധിക്ഷേപം. ഇടത് സഹയാത്രികനായ അസി. പ്രൊഫസര്‍ എന്‍.വി. മുഹമ്മദ് റാഫിയാണ് രമയെ അപമാനിച്ചത്.
ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം. സര്‍വകലാശാല ആസ്ഥാനത്തെത്തിയ വി.ടി. രമയെ വൈസ് ചാന്‍സലര്‍ അനില്‍ വള്ളത്തോളടക്കമുള്ളവര്‍ സ്വീകരിച്ചു. അതിന് ശേഷം ലൈബ്രറിയില്‍ വിദ്യാര്‍ഥികളെ കാണാനായി എത്തിയപ്പോഴാണ് മുഹമ്മദ് റാഫി പൊട്ടിത്തെറിച്ചത്. വോട്ട് ചോദിക്കാന്‍ ഇത് ഗുജറാത്തല്ലെന്നും പുറത്തുപോകണമെന്നും പറഞ്ഞായിരുന്നു ബഹളം. ബിജെപിയെ എനിക്കിഷ്ടമല്ല, നിങ്ങള്‍ മതതീവ്രവാദികളാണ്, ഗുജറാത്ത് കലാപകാരികളാണ് എന്നൊക്കെ പറഞ്ഞ് മുഹമ്മദ് റാഫി ബഹളം തുടര്‍ന്നു. അതിനിടയില്‍ ഓടിയെത്തിയ വൈസ് ചാന്‍സലറും മറ്റ് അധ്യാപകരും ഇടപെട്ട് രംഗം ശാന്തമാക്കി. സര്‍വകലാശാലയിലുണ്ടായ അനിഷ്ട സംഭവങ്ങളില്‍ വൈസ് ചാന്‍സലര്‍ ഖേദം പ്രകടിപ്പിച്ചു.
അധ്യാപകന്‍ ഇത്രയും സംസ്‌കാരശൂന്യനായി തീര്‍ന്നാല്‍ അദ്ദേഹം പഠിപ്പിക്കുന്ന വിദ്യാര്‍ഥികള്‍ എങ്ങനെ സംസ്‌കാര സമ്പന്നരാകുമെന്നും 30 വര്‍ഷം അധ്യാപികയായിരുന്ന താന്‍ ഇതുവരെ ആരോടും ഇത്തരം അസഹിഷ്ണുത പ്രകടിപ്പിച്ചിട്ടില്ലെന്നും വി.ടി. രമ പ്രതികരിച്ചു. മലയാള സര്‍വകലാശാലയിലുണ്ടായ ഈ ദുരനുഭവം വിദ്യാഭ്യാസമേഖലയിലെ ശോച്യാവസ്ഥയുടെ ഉത്തമ ഉദാഹരണമാണെന്നും അവര്‍ പറഞ്ഞു. സംഭവത്തിന്റെ വീഡിയോ സഹിതം ബിജെപി പോലീസിനും തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കി.
എഴുത്തുകാരനെന്ന് അവകാശപ്പെടുന്ന എന്‍.വി. മുഹമ്മദ് റാഫി കോഴിക്കോട് സ്വദേശിയാണ്. തീവ്ര ഇടത് സഹയാത്രികനാണ്. ഫേസ്ബുക്ക് പോസ്റ്റുകള്‍ തീവ്രമുസ്ലീം സംഘടനകളെ അനുകൂലിക്കുന്നവയാണ്.
















