കൊച്ചി: സ്ഥാനാര്‍ഥികള്‍ ആരെന്ന കാത്തിരിപ്പ് കഴിഞ്ഞ് ഒരാഴ്ചയായപ്പോള്‍ എറണാകുളം മണ്ഡലത്തിന്റെ മത്സരചിത്രം മാറിമറിയുകയാണ്. ആദ്യം സ്ഥാനാര്‍ഥി ആരാണെന്ന് പ്രഖ്യാപിച്ചത് ഇടതുമുന്നണിയാണ്. തുടക്കം മുതലേ ബാഹ്യ പ്രചാരണത്തില്‍ മുന്‍തൂക്കം നേടാന്‍ രാജീവിനായി. എന്നാല്‍ തൊട്ടുപിന്നാലെ കെ.വി. തോമസിനെ വെട്ടി ഹൈബി ഈഡന്റെ രംഗപ്രവേശനവും എന്‍ഡിഎ സ്ഥാനാര്‍ഥി കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം കളം നിറഞ്ഞതും മണ്ഡലത്തില്‍ പ്രചാരണത്തിന്റെ ചിത്രം മാറ്റിമറിച്ചു.
തുടക്കത്തില്‍ മുന്നിട്ട് നിന്ന രാജീവ്, പ്രചാരണ രംഗം ചൂടുപിടിച്ചതോടെ പിന്നിലായി. ചെങ്ങന്നൂര്‍ ഉപതെരെഞ്ഞെടുപ്പിലെ പ്രചാരണത്തിന്റെ ചുവട് പിടിച്ച് മണ്ഡലത്തില്‍ ആവിഷ്ക്കരിച്ച പ്രചാരണതന്ത്രം തുടക്കത്തിലേ പാളി. 20 മേഖലകളാക്കി തിരിച്ച് 10 വീടുകള്‍ക്ക് ഒരു പാര്‍ട്ടിയംഗത്തിന് ചുമതല എന്ന രീതിയിലായിരുന്നു ആദ്യം തിരുമാനിച്ചത്. പിന്നീടത് 100 വീടുകള്‍ക്ക് നാല് സ്ക്വാഡ് എന്ന രീതിയിലാക്കി.
വോട്ട് അഭ്യര്‍ത്ഥിച്ച് വീടുകള്‍ കയറിയിറങ്ങിയ പ്രവര്‍ത്തകരുടെ അനുഭവം അത്ര ആശ്വാസകരമല്ലെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സിപിഎം സ്വീകരിച്ച നിലപാടാണ് പാര്‍ട്ടിക്ക് തലവേദനയാകുന്നത്. വീട്ടുകാരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്കാനാവാതെ പ്രവര്‍ത്തകര്‍ കുഴയുകയാണ്. വ്യക്തിയെന്ന നിലയില്‍ രാജീവിനോട് എതിര്‍പ്പില്ല, പക്ഷേ ചിഹ്നം പ്രശ്നമാണ് തങ്ങളുടെ വിശ്വാസത്തെ ചുെട്ടരിക്കാന് ശ്രമിച്ച പാര്‍ട്ടിയുടെ ചിഹ്നമായ അരിവാള്‍ ചുറ്റികയില്‍ എങ്ങനെ വോട്ടുചെയ്യുമെന്ന ചോദ്യമായിരുന്നു പലയിടത്തുനിന്നും ഉയര്‍ന്നത്.
വ്യക്തിപരമായി ഫോണില്‍ വോട്ടു ചോദിച്ച മുന്‍ അദ്ധ്യാപികയില്‍നിന്ന് രാജീവിന് കിട്ടിയ മറുപടിയും വിശദീകരണവും പാര്‍ട്ടിപ്രവര്‍ത്തകര്‍തന്നെ പ്രചരിപ്പിക്കുന്നു. ”രാജീവിനോട് പിണക്കമില്ല, പക്ഷേ, ശബരിമലയില്‍ നിങ്ങളുടെ സര്‍ക്കാര്‍ കാണിച്ചതിനോട് യോജിക്കാനാവില്ല, പിന്നെ ആ ചിഹ്നത്തില്‍ വോട്ടു കുത്താന്‍ തീരെ മനസും വരുന്നില്ല,”- എന്നായിരുന്നു അധ്യാപികയുടെ മറുപടി. രണ്ടുവട്ടം പൂര്‍ത്തിയാക്കിയ പ്രചാരണ പരിപാടികള്‍ക്ക് ഒടുവില്‍ സ്ഥാനാര്‍ഥിയും ഇടതു മുന്നണി നേതാക്കളും കടുത്ത നിരാശയിലും ആശങ്കയിലുമാണ്.
സ്ഥലം എംപി കെ.വി. തോമസ് ഇനിയും മണ്ഡലത്തില്‍ എത്താത്തതും പ്രചാരണത്തിനിറങ്ങാത്തതും യുഡിഎഫിനേയും ഹൈബി ഈഡനേയും കുഴപ്പത്തിലാക്കിയിട്ടുണ്ട്. അവസാനം കളത്തിലിറങ്ങിയ എന്‍ഡിഎ സ്ഥാനാര്‍ഥി മണ്ഡലത്തിന്റെ മനസ് കീഴടക്കി മുന്നേറുകയാണ്. വരും നാളുകളില്‍ കേന്ദ്ര മന്ത്രിമാരടക്കം പ്രചാരണത്തിന് വരുന്നതോടെ പ്രചാരണ കാര്യങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താനാണ് എന്‍ഡിഎ പദ്ധതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: