തിരുവനന്തപുരം: ഇന്ത്യയും ചൈനയും തങ്ങളുടെ നല്ല അയല്‍ക്കാരാണെന്നു നേപ്പാള്‍ മുന്‍ പ്രധാനമന്ത്രി ജഹ്‌ലനാഥ് ഖനല്‍. ഇന്ത്യ മതേതര രാജ്യമാണ്. അതുകൊണ്ട് എല്ലാവരേയും ഒരുപോലെ കാണാന്‍ ഇവിടത്തെ ജനങ്ങള്‍ക്കു കഴിയുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുമായും ചൈനയുമായും നല്ല ബന്ധമാണു നേപ്പാളിനുള്ളത്. ലോകത്തിലെ ഒന്നാം നമ്പര്‍ സാമ്പത്തിക ശക്തിയായി ചൈന മാറുന്നു. ഇന്ത്യ ഇക്കാര്യത്തില്‍ രണ്ടാമതാണ്. നേപ്പാളും സാമ്പത്തികമായി മുന്നേറ്റത്തിനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രസ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ജഹ്‌ലനാഥ് ഖനല്‍.
മതേതര ആത്മീയതയാണ് നേപ്പാളിന്റേത്. കേരളത്തെപ്പോലെ സമ്പൂര്‍ണ സാക്ഷരതയിലേക്കുള്ള മുന്നേറ്റത്തിലാണ് നേപ്പാളും. പ്രകൃതിരമണീയമായ നേപ്പാളിനെ 2020-ഓടെ ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
















