ബെംഗളൂരു: ബിജെപിക്കെതിരായ പ്രതിപക്ഷ ഐക്യമായി രാജ്യം മുഴുവന്‍ ഉയര്‍ത്തിക്കാട്ടിയ കന്നഡ സഖ്യം പൊളിയുന്നു. മുന്‍ പ്രധാനമന്ത്രിയും ജെഡിഎസ് അധ്യക്ഷനുമായ എച്ച്.ഡി. ദേവഗൗഡ മത്സരിക്കുന്ന തുമക്കൂരു ലോക്സഭാ മണ്ഡലത്തില്‍ സിറ്റിങ് എംപിയും കോണ്‍ഗ്രസ് നേതാവുമായ മുദ്ദഹനുമെഗൗഡ നാമനിര്‍ദേശപത്രിക നല്കി.
കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസ്ഥാനാര്‍ഥിയായി എച്ച്.ഡി. ദേവഗൗഡയും ഇന്നലെ പത്രിക സമര്‍പ്പിച്ചു. കോണ്‍ഗ്രസ് നേതാവും ഉപമുഖ്യമന്ത്രിയുമായ ജി. പരമേശ്വരയും ദേവഗൗഡയ്ക്കൊപ്പമുണ്ടായിരുന്നു. ദേവഗൗഡയ്ക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ‘ഗോ ബാക്ക്’ വിളികളുമായി എത്തിയത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.
പ്രധാന കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമൊപ്പം എത്തിയാണ് മുദ്ദഹനുമെഗൗഡ പത്രിക സമര്‍പ്പിച്ചത്. മത്സരത്തില്‍ നിന്ന് പിന്മാറില്ലെന്ന് ഇദ്ദേഹം പറഞ്ഞു. എല്ലാ സിറ്റിങ് എംപിമാരുടെയും സീറ്റ് നിലനിര്‍ത്തിയപ്പോള്‍ എന്തു കാരണത്താലാണ് തന്റെ മണ്ഡലം ജെഡിഎസിന് വിട്ടു നല്‍കിയതെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കണം. മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കും. ചിഹ്നം അനുവദിച്ച് തരണമെന്ന് ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അനുവദിച്ചില്ലെങ്കില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ദേവഗൗഡയ്ക്കെതിരെ വിമത സ്ഥാനാര്ഥിയെത്തിയതില് ജെഡിഎസ് നേതൃത്വം കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തെയും ഹൈക്കമാന്‍ഡിനെയും പ്രതിഷേധം അറിയിച്ചു. തുമക്കൂരുവില്‍ മത്സരിക്കുമെന്ന് ദേവഗൗഡ വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ മുദ്ദഹനുമെഗൗഡ, മുന്‍ എംഎല്‍എ കെ.എന്‍. രാജണ്ണ എന്നിവരുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ യോഗം ചേര്‍ന്ന് മുദ്ദനുമെഗൗഡയെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചു.
ഇതോടെ ഞായറാഴ്ച ദേവഗൗഡയുടെ സാന്നിധ്യത്തില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന കോണ്‍ഗ്രസ്-ജെഡിഎസ് പ്രവര്‍ത്തകരുടെ സംയുക്ത യോഗം മാറ്റിവച്ചു. ഇടഞ്ഞു നില്ക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി സംസാരിക്കാന്‍ ജി. പരമേശ്വരയെ ഹൈക്കമാന്‍ഡ് ചുമതലപ്പെടുത്തി. പരമേശ്വര ഞായറാഴ്ച വിളിച്ച യോഗത്തില്‍ നിന്ന് മുന്‍ മന്ത്രി ടി.ബി. ജയചന്ദ്ര ഉള്‍പ്പെടെയുള്ള നേതാക്കള്‍ വിട്ടുനിന്നു. യോഗത്തിനെത്തിയവര്‍ സീറ്റ് ജെഡിഎസിന് നല്‍കിയതില്‍ പ്രതിഷേധിച്ചു. ബഹളം രൂക്ഷമായതോടെ യോഗം പൂര്‍ത്തീകരിക്കാനാകാതെ പരമേശ്വര മടങ്ങി.
പത്രിക നല്കുന്നതില് നിന്ന് മുദ്ദഹനുമെഗൗഡയെ പിന്തിരിപ്പിക്കണമെന്ന് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി കഴിഞ്ഞ ദിവസം കെപിസിസി അധ്യക്ഷന്‍ ദിനേശ് ഗുണ്ട്റാവുവിനോട് ആവശ്യപ്പെട്ടിരുന്നു. എന്നിട്ടും പത്രിക നല്‍കിയത് ജെഡിഎസ് നേതൃത്വത്തെ ചൊടിപ്പിച്ചു. ജെഡിഎസിന് വിട്ടു നല്കിയ ബെംഗളൂരു നോര്‍ത്ത് മണ്ഡലത്തില്‍ മുദ്ദഹനുമെഗൗഡയെ സ്ഥാനാര്‍ഥിയാക്കാമെന്ന വാഗ്ദാനം മുന്നോട്ടു വച്ചെങ്കിലും അദ്ദേഹം അംഗീകരിച്ചില്ല. മണ്ഡലത്തിലെ പ്രാദേശിക നേതാക്കളില്‍ ഭൂരിഭാഗവും മുദ്ദഹനുമെഗൗഡയ്ക്ക് പിന്തുണ നല്‍കിയിട്ടുണ്ട്.
ഇതോടെ ജെഡിഎസ് അധ്യക്ഷന്‍ കടുത്ത മത്സരമാണ് നേരിടുന്നത്. ദേവഗൗഡ സ്ഥിരമായി മത്സരിച്ച് വിജയിക്കുന്ന ഹാസന് മണ്ഡലത്തില്‍ ഇത്തവണ ദേവഗൗഡയുടെ കൊച്ചുമകന് പ്രജ്വല്‍ രേവണ്ണയാണ് ജെഡിഎസ് സ്ഥാനാര്‍ഥി.
തുടര്‍ന്നാണ് മത്സരിക്കാന്‍ ദേവഗൗഡ ബെംഗളൂരു നോര്‍ത്ത്, തുമക്കൂരു മണ്ഡലങ്ങള്‍ പരിഗണിച്ചത്. ബെംഗളൂരു നോര്‍ത്തില്‍ കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയാണ് സ്ഥാനാര്‍ഥി. ഇവിടെ പരാജയപ്പെടുമെന്ന സൂചന ലഭിച്ചതോടെയാണ് തുമക്കൂരുവില്‍ മത്സരിക്കാന്‍ തീരുമാനിച്ചത്. ജി.എസ്. ബസവരാജാണ് ബിജെപി സ്ഥാനാര്‍ഥി. 2014ലും ബസവരാജായിരുന്നു ബിജെപി സ്ഥാനാര്‍ഥി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: