ചാലക്കുടി: ലോക്സഭയില്‍ തനിക്ക് ചാലക്കുടിയുടെ പ്രതിനിധിയാകാന്‍ അവസരം ലഭിച്ചാല്‍ കൊച്ചി മെട്രോ റെയില്‍ അങ്കമാലി വരെ എത്തിക്കുമെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ.എന്‍. രാധാകൃഷ്ണന്. ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വിധത്തില്‍ മാറ്റം വരുത്തും. വ്യവസായ, വിദ്യാഭ്യാസ ഹബ്ബിനു രൂപം നല്‍കുമെന്നും ആലുവ മണ്ഡലം പേജ് പ്രമുഖ് സമ്മേളനം ചെങ്ങമനാട് എന്‍എസ്എസ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് എ.എന്‍. രാധാകൃഷ്ണന് പറഞ്ഞു.
കൊടുങ്ങല്ലൂര്‍, കയ്പമംഗലം തുടങ്ങിയ കടലോര മേഖലകളില്‍ മത്സ്യസമ്പത്ത് ഏറ്റവും ഫലപ്രദമായി വിനിയോഗിക്കാന്‍ കഴിയുന്ന ആധുനിക സജ്ജീകരണങ്ങള്‍ ഒരുക്കും. നെടുമ്പാശ്ശേരി വിമാനത്താവളവും അനുബന്ധ സംവിധാനങ്ങളും നേരായ ദിശയില്‍ വികസിപ്പിക്കും. ടൂറിസത്തിന്റെ സാധ്യതകള്‍ പരിസ്ഥിതി സൗഹൃദമായി പ്രയോജനപ്പെടുത്തും.
ശബരിമല വിഷയത്തില്‍ വിശ്വാസ സംരക്ഷണത്തിന് ശ്രമിച്ചവര്‍ക്കെതിരെ ക്രൂരമായ കേസുകള്‍ ചുമത്തി ജനങ്ങളെ വെല്ലുവിളിക്കുന്ന നിലപാടെടുത്ത സംസ്ഥാന സര്‍ക്കാരിനെതിരായ വിധിയെഴുത്താണ് ഉണ്ടാവുയെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കൂടിയായ എ എന്‍ രാധാകൃഷ്ണന് പറഞ്ഞു. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പ് എന്‍ഡിഎയ്ക്ക് അനുകൂലമാകുമെന്നത് ഉറപ്പാണ്.എല്ലാ സാധ്യതകളും അതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാന്‍ ആലോചിക്കുന്നതിന്റെ കാരണം അമേഠിയില്‍ സ്മൃതി ഇറാനിയോട് പരാജയപ്പെടുന്ന സാഹചര്യം ഉള്ളതുകൊണ്ടാണ്. രാജ്യത്തെമ്പാടും സ്ഥിതി അതാണ്. എന്‍ ഡി എ മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെ ഭരണം നിലനിര്‍ത്തും.അതില്‍ ചാലക്കുടി അതിന്റേതായ പങ്കു വഹിച്ച് പ്രാതിനിധ്യം ഉറപ്പാക്കണം.അക്കാര്യത്തില്‍ പൂര്‍ണ വിശ്വാസമുണ്ട്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വ്യാപക കുപ്രചരണങ്ങള്‍ ആസൂത്രിതമായി പടച്ചുവിടുകയാണ്. പാവപ്പെട്ടവനും പിന്നോക്കക്കാരനുമായതിനാലാണ് മോദിക്കെതിരെ ഗൂഢശ്രമങ്ങള്‍ നടത്തുന്നത്.
കോര്‍പ്പറേറ്റ് രാജാക്കന്മാരും സംഘടിത ശക്തികളും രാഷ്ട്രീയ കൂട്ടുകെട്ടുകളുമാണ് ഇതിനെല്ലാം ചരടുവലി നടത്തുന്നത്. കേരളത്തോട് ഇത്രയും താല്പര്യം കാട്ടിയ സര്‍ക്കാര്‍ ചരിത്രത്തില്‍ വേറെയില്ല.അത്രയും സഹായങ്ങള്‍ ചെയ്തു.കേന്ദ്ര സഹായം ഏറ്റുവുമധികം ലഭിക്കാന്‍ ഭാഗ്യം കിട്ടിയ മണ്ഡലമാണ് ചാലക്കുടി. മണ്ഡലത്തിലുള്‍പ്പെട്ട, സംസ്ഥാനത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ കൊച്ചിന് റിഫൈനറിയുടെ വികസനത്തിന് മോദിസര്‍ക്കാര്‍ അനുവദിച്ചത് 34,000 കോടി രൂപയാണെന്നത് ഓര്‍ക്കണമെന്നും രാധാകൃഷ്ണന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: