കണ്ണൂര്‍: യുദ്ധം തുടങ്ങുന്നതിനു മുന്‍പ് സേനാനായകന്‍ ഒളിച്ചോടിയെന്നും വയനാട് ചുരം കയറാനുള്ള രാഹുലിന്റെ തീരുമാനം കേരളത്തിലെ എന്‍ഡിഎയുടെ വിജയം ഉറപ്പിച്ചെന്നും ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്. എന്‍ഡിഎ കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സേനാനായകന്‍ ഒളിച്ചോടിയതോടെ കോണ്‍ഗ്രസ് ആയുധം വച്ച് കീഴടങ്ങുന്നതാണ് നല്ലത്. കോണ്‍ഗ്രസും യുപിഎയും സമ്പൂര്‍ണ പരാജയം സമ്മതിച്ചതിന് തെളിവാണ് രാഹുലിന്റെ ഒളിച്ചോട്ടം.
രാഹുലിന് ഉത്തരേന്ത്യയില്‍ വിജയിക്കാന്‍ സാധിക്കില്ലെന്ന് വ്യക്തമായതോടെ ഒരൊറ്റ കോണ്‍ഗ്രസ് നേതാക്കള്‍ക്കും വിജയം സാധ്യമല്ലെന്ന് വ്യക്തമായി. മോദി വേണോ രാഹുല്‍ വേണോ എന്നതാണ് തെരഞ്ഞെടുപ്പിലെ മുഖ്യ ചോദ്യം. രാഹുലിനെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടി മറ്റ് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസുമായി സഖ്യം ചെയ്താണ് സിപിഎം മത്സരിക്കുന്നത്. ഈ സാഹചര്യത്തില്‍ വയനാട് മണ്ഡലത്തില്‍ സിപിഎം എന്ത് നിലപാടെടുക്കും. യെച്ചൂരിയും രാഹുലും തമ്മിലുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് രാഹുല്‍ വയനാട്ടിലേക്ക് വരുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
















