തിരുവനന്തപുരം: ശബരിമലയിലെ ആചാരവും വിശ്വാസവും സംരക്ഷിക്കാന്‍ പത്തനംതിട്ടയില്‍ നിന്ന് ജയിലഴിക്കുള്ളിലായ കെ. സുരേന്ദ്രന്റെ സ്ഥാനാര്‍ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചത് വിശ്വാസികള്‍ക്ക് ആവേശമായി. വ്രതംനോറ്റ് ഇരുമുടിക്കെട്ടുമായി ശബരീശ ദര്‍ശനത്തിനെത്തിയ സുരേന്ദ്രനെ വലിച്ചിഴച്ച് ജീപ്പിനുള്ളില്‍ കയറ്റുമ്പോള്‍ ഇരുമുടിക്കെട്ട് താഴെ വീഴാതെ നെഞ്ചോട് ചേര്‍ത്തുപിടിച്ച സുരേന്ദ്രന്റെ ചിത്രം അത്ര പെട്ടെന്ന് കേരള സമൂഹം മറക്കില്ല.
മണ്ഡലകാലാരംഭദിനത്തില് രാത്രി പമ്പയിലേക്ക് പോകാനായി നിലയ്ക്കലില്‍ നിന്ന് കെഎസ്ആര്‍ടിസി ബസ്സില്‍ കയറാന്‍ തുടങ്ങവെയാണ് എസ്പി യതീഷ്ചന്ദ്രയുടെ നേതൃത്വത്തില്‍ പോലീസ് തടഞ്ഞത്. കൊടുംകുറ്റവാളിയെപ്പോലെ പിടിച്ച് വലിച്ച് പോലീസ് ജീപ്പില്‍ കയറ്റി. പോലീസ് വലിച്ചെറിഞ്ഞ ഇരുമുടിക്കെട്ട് നെഞ്ചോട് ചേര്‍ത്ത് 22 ദിവസമാണ് സുരേന്ദ്രന് ജയിലില്‍ കിടന്നത്. ചരിത്രത്തില്‍ ആദ്യമായാകും ഇരുമുടിക്കെട്ടുമായി ഒരാളെ ജയിലില്‍ അടയ്ക്കുന്നത്.
ജയില്‍വാസത്തിനുശേഷം പുറത്തിറങ്ങിയ സുരേന്ദ്രനെ കാത്തിരുന്നത് ശബരിമല ഉള്‍പ്പെടുന്ന റാന്നി താലൂക്കില്‍ രണ്ടു മാസത്തേക്ക് പ്രവേശിക്കരുതെന്ന വിലക്കാണ്. എന്നിട്ടും പിണറായി സര്‍ക്കാരിന്റെ പക തീര്‍ന്നില്ല. ചിത്തിര ആട്ട വിശേഷത്തിന് ശബരിമല നട തുറന്നപ്പോള്‍ സന്നിധാനത്ത് വെച്ച് നടന്ന ആക്രമണത്തില്‍ സുരേന്ദ്രന് ഗൂഢാലോചന നടത്തിയെന്നാരോപിച്ച് വീണ്ടും കേസെടുത്തു.
ശബരിമലയില്‍ പ്രവേശിക്കാനാകാതെ വന്നതോടെ ഇരുമുടിക്കെട്ട് പന്തളം കൊട്ടാരം ഏറ്റെടുത്തു സൂക്ഷിച്ചു. ശബരിമലയില്‍ പ്രവേശിക്കാനാകുന്നത് വരെ ഇരുമുടിക്കെട്ട് ആചാരപ്രകാരം സൂക്ഷിച്ചു പന്തളം കൊട്ടാരം. ഒടുവില്‍ ശബരിമല ഉത്സവത്തിന് നടതുറന്നപ്പോഴാണ് സുരേന്ദ്രന് അതേ ഇരുമുടിക്കെട്ടുമേന്തി ശബരീശനെ ദര്‍ശിച്ചത്. അതിന് പിന്നാലെയാണ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുന്നതും.
സുരേന്ദ്രനെ അറസ്റ്റ് ചെയ്ത് എത്തിച്ചത് ചിറ്റാര്‍ പോലീസ് സ്റ്റേഷനിലായിരുന്നു. 14 ദിവസം റിമാന്‍ഡ് ചെയ്തപ്പോള്‍ സുരേന്ദ്രനെ അടച്ചിട്ട കൊട്ടാരക്കര സബ്ജയിലിനു മുന്നിലും സുരേന്ദ്രന് അഭിവാദ്യം അര്‍പ്പിക്കാനെത്തിയത് പതിനായിരങ്ങളാണ്. തിരുവനന്തപുരം, നെയ്യാറ്റിന്‍കര, കണ്ണൂര്‍ ജയിലുകളിലേക്കെല്ലാം സുരേന്ദ്രനെ കയറ്റിയിറക്കി കേരള പോലീസ്. അവിടെയല്ലാം തിങ്ങിനിറഞ്ഞത് നാനാമതത്തിലുമുള്ള വിശ്വാസി സമൂഹമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: