പാലക്കാട്: ചെര്‍പ്പുളശ്ശേരിയില്‍ സിപിഎം ഏരിയാ കമ്മിറ്റി ഓഫീസില്‍ പീഡിപ്പിക്കപ്പെട്ടുവെന്ന് പരാതിപ്പെട്ട യുവതി ഇന്നലെ പാലക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന് മുന്നിലെത്തി രഹസ്യമൊഴി നല്‍കി. ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവതി ഇന്നലെ ഉച്ചയോടെയാണ് കോടതിയിലെത്തി രഹസ്യമൊഴി നല്‍കിയത്.
ആരോപണ വിധേയനായ തട്ടാരുത്തൊടി പ്രകാശന്‍ (27) ഇന്നലെ മുതല്‍ കസ്റ്റിഡിയിലാണെന്നാണ് ലഭിക്കുന്ന വിവരം. പോലീസിന്റെ ഭാഗത്തുനിന്ന് ഇതു സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. പെണ്‍കുട്ടി നല്‍കിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍ വസ്തുത പരിശോധന നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമാവും അറസ്റ്റ് ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടിയിലേക്ക് നീങ്ങുക. ആരോപണ വിധേയനായ ആള്‍ക്ക് സിപിഎമ്മുമായി യാതൊരു ബന്ധവുമില്ലെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞെന്നാണ് പോലീസ് പറയുന്നത്.
















