കൊച്ചി: അച്ചടക്ക നടപടി നേരിട്ട ഏഴ് ഡിവൈഎസ്പിമാരെ സിഐമാരായി തരം താഴ്‌ത്തിയ സര്‍ക്കാര്‍ ഉത്തരവ് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ (കെഎടി) റദ്ദാക്കി. കോട്ടയം സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി എസ്. അശോക് കുമാര്‍, ആലപ്പുഴ ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി ടി. അനില്‍ കുമാര്‍, എറണാകുളം റൂറല്‍ ജില്ലാ ക്രൈം ഡിറ്റാച്ച്‌മെന്റ് ഡിവൈഎസ്പി കെ.എസ്. ഉദയഭാനു, എറണാകുളം റൂറല്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി വി.ജി. രവീന്ദ്രനാഥ്, കോഴിക്കോട് റൂറല്‍ നാദാപുരം സബ് ഡിവിഷനിലെ ഡിവൈഎസ്പി ഇ. സുനില്‍ കുമാര്‍, വയനാട് നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി എം.കെ. മനോജ് കബീര്‍, മലപ്പുറം സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി ആര്‍. സന്തോഷ് കുമാര്‍ എന്നിവരെ തരം താഴ്‌ത്തിയ നടപടിയാണ് കെഎടി റദ്ദാക്കിയത്. ഇവരുടെ റിപ്പോര്‍ട്ടുകള്‍ വകുപ്പുതല പ്രൊമോഷന്‍ കമ്മിറ്റി (ഡിപിസി) പുതിയതായി വീണ്ടും പരിശോധിക്കണമെന്നും കെഎടിയുടെ വിധിയില്‍ പറയുന്നു.
എന്നാല്‍ മട്ടാഞ്ചേരി ഡിവൈഎസ്പിയായിരുന്ന എസ്. വിജയന്‍, മലപ്പുറം ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയായിരുന്ന എം. ഉല്ലാസ് കുമാര്‍, പാലക്കാട് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയായിരുന്ന എ. വിപിന്‍ദാസ് എന്നിവരെ തരംതാഴ്‌ത്തിയ നടപടിയില്‍ കെഎടി ഇടപെട്ടില്ല. മറിച്ച് ഇവര്‍ വകുപ്പുതല പ്രൊമോഷന്‍ കമ്മിറ്റിക്ക് നല്‍കിയ അപ്പീല്‍ നിയമപരമായി പരിഗണിച്ച് ഉചിതമായ തീരുമാനമെടുക്കണമെന്ന് നിര്‍ദേശിച്ചു.
















