ഓച്ചിറയില്‍നിന്ന് തട്ടിക്കൊണ്ടുപോകപ്പെട്ട പെണ്‍കുട്ടിയുടെ അച്ഛന് വേദനയോടെ പറഞ്ഞ വാക്കുകള്‍ ഇന്നു കേരളത്തില്‍ പെണ്മക്കളുള്ള ഓരോ അച്ഛനും പറയാന്‍ ആഗ്രഹിക്കുന്നതാണ്. ഭയമാണ് ഇവിടെ ജീവിക്കാന്‍ എന്നാണ് ആ അച്ഛന് പറഞ്ഞത്.
പക്ഷേ, ഇവിടെ ജീവിച്ചേ പറ്റൂ. ഈ രാജ്യത്തു ജനിച്ചവര്‍ക്ക് ഇവിടെത്തന്നെ ജീവിക്കാന്‍ അവകാശമുണ്ട്. ആ അവകാശം സംരക്ഷിക്കപ്പെട്ടേ പറ്റൂ. കേരളവും ഇന്ത്യയുടെ ഭാഗമാണ്. ഭരിക്കുന്ന പാര്‍ട്ടിയുടെ ഇഷ്ടത്തിനും അനിഷ്ടത്തിനും അനുസരിച്ചു മാത്രമേ ജീവിക്കാവൂ എന്ന നിബന്ധന വയ്ക്കാനൊന്നും ഇവിടെ ആര്‍ക്കും അവകാശമില്ല. രാജസ്ഥാനില്‍നിന്നു വന്ന് പ്രതിമകള്‍ നിര്‍മിച്ചു വിറ്റ് ഉപജീവനം നടത്തുന്ന നാടോടി കുടുംബത്തിലെ പതിനാലുകാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയിട്ടു ദിവസം നാലുകഴിഞ്ഞു. നാലുപേരെ പിടികൂടുകയും ചെയ്തു. പക്ഷേ, ഒരു സഖാവിന്റെ മകനായ മുഖ്യപ്രതിയെയും പെണ്‍കുട്ടിയേയും ഇനിയും കണ്ടെത്താനായിട്ടില്ല. മുഹമ്മദ് റോഷന് എന്ന ഈ പ്രതിയാണു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. അതുകൊണ്ടുതന്നെ പോലീസില്‍ നിന്നു തങ്ങള്‍ക്കു നീതികിട്ടുന്നില്ല എന്ന പരാതി പെണ്‍കുട്ടിയുടെ കുടുംബത്തിന് ഉണ്ടുതാനും. പിടിയിലായവര്‍ റോഷന്റെ സുഹൃത്തുക്കളും ഒട്ടേറെ ക്രിമിനല്‍ കേസുകളിലെ പ്രതികളുമാണ്.
വീട്ടില്‍ അതിക്രമിച്ചുകയറി അച്ഛനമ്മമാരെ മര്‍ദ്ദിച്ച് അവശരാക്കിയാണ് പെണ്‍കുട്ടിയെ പിടികൂടി കൊണ്ടുപോയത്. മുന്‍പും ഇത്തരം ശ്രമങ്ങള്‍ നടന്നിരുന്നു. നിരന്തരമായ ഭീഷണികളുടെ തുടര്‍ച്ചയായിരുന്നു തട്ടിക്കൊണ്ടുപോകല്‍. അതിനര്‍ത്ഥം ഭരണകക്ഷിയുടെ തണലുണ്ടെങ്കില്‍, വഴങ്ങാത്ത ആരെയും തന്നിഷ്ടത്തിനു കൈകാര്യംചെയ്യാന്‍ ചിലര്‍ക്ക് ഇവിടെ സ്വാതന്ത്ര്യമുണ്ടെന്നാണല്ലോ. എങ്കില്‍ ആ സ്വാതന്ത്ര്യം ആര് അനുവദിച്ചു എന്നും ആര് അതു സംരക്ഷിക്കുന്നു എന്നും കണ്ടെത്തണം. നാടോടിയായാലും ഭരണാധികാരിയായാലും നിയമത്തിനുമുന്നില്‍ വ്യത്യാസമില്ല. അത് അംഗീകരിക്കാന്‍, നാഴികയ്ക്കു നാല്‍പ്പതുവട്ടം പാവങ്ങളുടേയും അധ്വാനിക്കുന്നവരുടേയും വനിതകളുടേയും അവകാശത്തേക്കുറിച്ചു പ്രസംഗിക്കുന്ന കമ്യൂണിസ്റ്റുപാര്‍ട്ടിയും അവര്‍ നയിക്കുന്ന സംസ്ഥാന സര്‍ക്കാരും തയാറാകണം.
പ്രണയം നിരസിച്ചതിന്റെ പേരില്‍ തിരുവല്ലയില്‍ യുവാവ് പെട്രോളൊഴിച്ചു കത്തിച്ച ഒരു യുവതി മരണത്തിനു കീഴടങ്ങിയിട്ടു രണ്ടു ദിവസമേ ആയിട്ടുള്ളു. മൂന്നുസെന്റിലെ വീട്ടില്‍ താമസിക്കുന്ന കുടുംബത്തിനു മൃതദേഹം സംസ്കരിക്കാന്‍ പോലും സ്വന്തമായി സ്ഥലമില്ലായിരുന്നു. ആരെ പ്രണയിക്കണമെന്നു തീരുമാനിക്കാന്‍ ഇവിടെയുള്ളവര്‍ക്ക് അവകാശമില്ലേ? കൊച്ചിയില്‍ ആക്രമണത്തിനിരയായ മറ്റൊരു യുവതി ഭാഗ്യംകൊണ്ടുമാത്രമാണു രക്ഷപ്പെട്ടത്. കാഞ്ഞിരപ്പള്ളി കോളജിലെ വിദ്യാര്‍ഥിനി ജെസ്നയെന്ന യുവതിയെ കാണാതായിട്ടു വര്‍ഷം ഒന്നുതികഞ്ഞു. ഇതുവരെ അവരെക്കുറിച്ച് ഒരുതുമ്പും കണ്ടെത്താന്‍ പൊലീസ് സംവിധാനത്തിനു കഴിഞ്ഞിട്ടില്ല. അന്വേഷണം എങ്ങും എത്തിയിട്ടുമില്ല.
ഇതിനിടയിലാണ് പാര്‍ട്ടി ഓഫീസില്‍ കുട്ടിസഖാവു തന്നെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി എന്ന പരാതിയുമായി, പാര്‍ട്ടിക്കാരിയായ മറ്റൊരു യുവതി രംഗത്തുവന്നിരിക്കുന്നത്. നവജാത ശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതു സംബന്ധിച്ച കേസിന്റെ അന്വേഷണമാണ് പീഡനവിവരവും യുവതിയുടെ പ്രസവവിവരവും പുറത്തുകൊണ്ടുവന്നത്. പാര്‍ട്ടി എംഎല്‍എയുടെ പീഡനവിവരം പാര്‍ട്ടിതലത്തില്‍ അന്വേഷിച്ച് ഒതുക്കിതീര്ത്തതിനു പിന്നാലെയാണ് ഭരണകക്ഷിക്കു പുതിയ തലവേദനയുമായി പുതിയ പീഡനവാര്‍ത്തയുടെ വരവ്. നാടോടികള്‍ക്കും പാവങ്ങള്‍ക്കും സാധാരണക്കാര്‍ക്കും മാത്രമല്ല പാര്‍ട്ടി സഖാക്കള്‍ക്കുപോലും പെണ്മക്കളെക്കുറിച്ച് ആശങ്കയോടെ ജീവിക്കേണ്ട സംസ്ഥാനമായി കേരളം മാറുകയാണ്. ഇവിടെയൊരു സര്‍ക്കാരുള്ളതു ജനസംരക്ഷണത്തിനോ, ജനദ്രോഹികളുടെ സംരക്ഷണത്തിനോ? പൊതുജനത്തിന്റെ ഈ ആശങ്കയ്ക്കു സര്‍ക്കാര്‍ മറുപടി നല്‍കിയേ പറ്റൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: