ഇടുക്കി: നിരവധി നദികളും കൈവഴികളും പോഷകനദികളും തോടുകളും കായലുകളും ഉള്‍പ്പെട്ടതാണ് കേരളം. മനുഷ്യന്റെ അനിയന്ത്രിതമായ ഇടപെടല്‍ മൂലം വര്‍ഷം തോറും ഇവിടെ കുടിവെള്ളക്ഷാമം രൂക്ഷമാകുകയാണ്.
നൂറ്റാണ്ടിലെ മഹാപ്രളയത്തിന് പിന്നാലെ കേരളത്തില്‍ ഉണ്ടായിരിക്കുന്ന സാഹചര്യം അതീവഗുരുതരമാണ്. എക്കലടിഞ്ഞ് ആഴം കുറഞ്ഞതും ഉറവവറ്റിയതും മൂലം വളരെ വേഗത്തിലാണ് പുഴകളെല്ലാം വറ്റി വരണ്ടത്. ഇതിനൊപ്പം കിണറുകളും കുളങ്ങളും വറ്റിയതോടെ കുടിവെള്ളക്ഷാമം ഇരട്ടിയായി. ‘എല്ലാവര്ക്കും വെള്ള’മെന്നതാണ് ഈ വര്‍ഷത്തെ ഐക്യരാഷ്ട്രസഭയുടെ ജലദിനസന്ദേശം.
സംസ്ഥാനത്താകെയുള്ള 44 നദികളില്‍ 41 എണ്ണം പടിഞ്ഞാറോട്ടും മൂന്നെണ്ണം കിഴക്കോട്ടും ഒഴുകുന്നവയാണ്. ഇവയുടെ ഉപനദികളും തോടുകളും ചെറിയ നീര്‍ച്ചാലുകളും ഇതിന്റെ രണ്ടിരട്ടിയോളം വരും. 24 പ്രധാന കായലുകളും വലുതും ചെറുതുമായ നൂറോളം ജലതടാകങ്ങളും കുളങ്ങളും കേരളത്തിലുണ്ട്. ഇതിനെല്ലാം പുറമെ മനുഷ്യനിര്‍മിതമായ 78 ഓളം സംഭരണികളും.
ജലവൈദ്യുത പദ്ധതികളുള്ള പെരിയാര്‍, പമ്പ, മൂവാറ്റുപുഴയാര്‍ എന്നിവ ഒഴികെയുള്ള നദികളിലെല്ലാം ജലനിരപ്പ് ക്രമാതീതമായി താഴ്ന്നു. പെരിയാര്‍ ഹൈറേഞ്ചില്‍ പലയിടത്തും ഇന്ന് നീര്‍ച്ചാലാണ്. മഴവെള്ളത്തിന്റെ 70 ശതമാനവും ഒഴുകി നഷ്ടപ്പെടുന്ന നാടാണ് കേരളം. ബാക്കിയുള്ളവ സംഭരണികളില്‍ ശേഖരിച്ചാണ് കുടിവെള്ളത്തിനും വൈദ്യുതിക്കും ഉപയോഗിക്കുന്നത്. ഭാരതപ്പുഴ, ചാലിയാര്‍, ചാലക്കുടിപ്പുഴ, കടലുണ്ടിപ്പുഴ, കല്ലടയാര്‍, വളപട്ടണം പുഴ, ചന്ദ്രഗിരിപുഴ തുടങ്ങിയ വലിയ നദികളില്ലെല്ലാം വെള്ളത്തിന്റെ അളവ് ഭയാനകമാം വിധം താഴുകയാണ്.
സംസ്ഥാനത്ത് ഭൂഗര്‍ഭ ജലനിരപ്പും താഴുകയാണ്. ഭാവിയില്‍ ഇടുക്കി, ആലപ്പുഴ, കാസര്‍കോട്, , കോഴിക്കോട്, പാലക്കാട്, കൊല്ലം ജില്ലകളില്‍ ഇത് വലിയ കുടിവെള്ള ക്ഷാമത്തിന് വഴിവെക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: