കോട്ടയം: സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ പത്ത് ദിവസം മാത്രമുള്ളപ്പോള്‍ സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍. പണം കിട്ടാനായുള്ളത് 30,000 ബില്ലുകള്‍. കരാറുകാരുടെ അടക്കം കോടികളുടെ ബില്ലുകളാണ് മാറാതെ കിടക്കുന്നത്. ഇതോടെ, സംസ്ഥാനത്ത് നിര്‍മാണമേഖലയിലടക്കം സ്തംഭനാവസ്ഥ നിലനില്ക്കുന്നു. ഖജനാവ് പൂട്ടേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കണമെങ്കില്‍ സര്‍ക്കാര്‍ 6,000 കോടി രൂപയോളം അടിയന്തരമായി കണ്ടെത്തണം.
ഒരു മാസം മുമ്പ് ആരംഭിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പരമാവധി തുക കടമെടുക്കുന്നു. സഹകരണ ബാങ്കുകള്‍, കെഎസ്എഫ്ഇ, ബിവറേജസ് കോര്പ്പേറേഷന് എന്നിവയുടെ പണമെടുത്ത് പ്രതിസന്ധി മറികടക്കാനും നീക്കമുണ്ട്. ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള ബില്ലുകളൊന്നും മാറുന്നില്ല. വിവിധ സ്കോളര്‍ഷിപ്പുകളും വെട്ടിക്കുറയ്ക്കുന്നു.
അധ്യയന വര്‍ഷം അവസാനിക്കാറായപ്പോള്‍ സ്കോളര്‍ഷിപ്പുകള്‍ ലഭിക്കാതെയിരിക്കുന്നത് വിദ്യാര്‍ഥികളെ ത്രിശങ്കുവിലാക്കി. മുന്നാക്ക വിഭാഗ കോര്പ്പറേഷന് നല്കിയ സ്കോളര്‍ഷിപ്പില്‍ നിന്ന് ഹൈസ്കൂള്‍ വിദ്യാര്‍ഥികളെ ഒഴിവാക്കിയത് ഇതിന് ഉദാഹരണമാണ്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ബില്ലുകളാണ് ഏറ്റവും കൂടുതല്‍ മാറാതെ കിടക്കുന്നത്. മാര്‍ച്ചിലെ അവസാനത്തെ രണ്ട് ദിവസങ്ങളിലാണ് ബില്ലുകള്‍ കൂടുതല്‍ മാറുന്നത്. എന്നാല്‍, ഖജനാവില്‍ പണമില്ലാത്തതിനാല്‍ ബില്ലുകള്‍ മാറിക്കിട്ടാന്‍ ഒരു മാസം കൂടി അനുവദിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ സംസ്ഥാനത്തുണ്ടായ സാമ്പത്തിക പ്രതിസന്ധി സര്‍ക്കാരിന് തലവേദനയായിരിക്കുകയാണ്. എന്നാല്‍, ഇതിനെക്കുറിച്ച് പരസ്യമായി ഒന്നും സംസാരിക്കാതെ മൂടിവയ്ക്കാനാണ് ധനവകുപ്പ് ശ്രമിക്കുന്നത്. നിലവില്‍ ശമ്പളവും പെന്‍ഷനും കൊടുക്കാന്‍ മാത്രമാണ് ഖജനാവ് തുറക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: