കൊച്ചി: തമിഴ്നാട് കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് പൂക്കളുടെ വരവ് കുറഞ്ഞതോടെ ജില്ലയിലെ ചെറുതും വലുതുമായ ക്ഷേത്രങ്ങള്‍ പ്രതിസന്ധയിലേക്ക്. നിത്യപൂജക്കായി വാങ്ങിയിരുന്നു പൂക്കള്‍ ലഭിക്കാതെ വന്നതോടെ പലക്ഷേത്രക്കമ്മിറ്റിക്കളും നെട്ടോട്ടത്തിലാണ്.
തമിഴ്നാട്ടിലെ സത്യമംഗലത്ത് നിന്നാണ് ജില്ലയിലേക്ക് പൂക്കളെത്തുന്നത്. ചെണ്ടുമല്ലി, അരളി, പനിനീര്റോസ്, ലില്ലി, തെച്ചി, താമര, സാധാരണ മുല്ല, കോയമ്പത്തൂര്‍ മുല്ല തുടങ്ങിയ പൂക്കളാണ് പ്രധാനയിനങ്ങള്‍. പൂക്കളില്‍ പ്രധാനിയായ ചെണ്ടുമല്ലിയും അരളിയും കിട്ടാനില്ലാത്ത അവസ്ഥയാണ്. 40 രൂപക്ക് കിട്ടിയിരുന്ന ചെണ്ടുമല്ലിക്ക് 100 വരെ വിലയായി. അനിവാര്യമായ തുളസി, കിലോയ്ക്ക് 60 രൂപ വിലയെത്തി. അരളി തുളസിമാലയ്ക്ക് 200 രൂപയാണ് വില. വിഗ്രഹമാലയ്ക്ക് 400 രൂപ വീതം നല്‍കേണ്ടി വരുന്നുണ്ടെന്ന് ക്ഷേത്രഭാരവാഹികള്‍ പറഞ്ഞു. പക്ഷേ, കുറച്ച് ദിവസമായി പൂവിന് ഓര്‍ഡര്‍ നല്കിയാലും ലഭ്യമാകുന്നില്ല. ഇത് ക്ഷേത്രങ്ങളിലെ നിത്യപൂജയെ വരെ ബാധിക്കുന്നു. ഭക്തര്‍ വീടുകളില്‍ നിന്നെത്തിക്കുന്ന പൂവാണ് അത്യാവശ്യഘട്ടങ്ങളില്‍ ഉപയോഗിക്കുന്നത്.
അലങ്കാര പൂക്കള്‍ എത്തുന്നത് ബെംഗളൂരുവില്‍ നിന്നാണ്. അവ വിപണിയില്‍ ലഭ്യമാണെങ്കിലും പൂജയ്ക്കുപയോഗിക്കാന് പറ്റില്ല. ദിവസവും പൂക്കളുടെ വിലനിലവാരം വ്യത്യസ്തമായിരിക്കും. അടിസ്ഥാന കാരണം കാലാവസ്ഥ തന്നെയാണ്. വരള്‍ചയും ചൂടും പൂക്കൃഷിയെ ബാധിച്ചു. രണ്ട് ദിവസം വരെയാണ് പൂക്കള്‍ കടകകളില്‍ സൂക്ഷിക്കുന്നത്. ഇതിനകം കച്ചവടം നടന്നില്ലെങ്കില്‍ വെറുതെ കളയേണ്ടി വരും. കടുത്ത ചൂടില്‍ പൂക്കള്‍ പെട്ടെന്ന് വാടുന്നതിനാല് സ്റ്റോക്കെടുക്കുന്നത് വ്യാപാരികള്‍ കുറച്ചിട്ടുമുണ്ട്.
കണിക്കൊന്ന നേരത്തേ പൂത്തു
വിഷുവെത്തുമുമ്പേ കണിക്കൊന്നകള്‍ പൂത്തത് കാഴ്ചയ്ക്ക് കൗതുകമെങ്കിലും വിഷുവിന് കണികാണാന്‍ ശേഷിക്കണേയെന്ന പ്രാര്‍ത്ഥനയിലാണ് ജനം. കുറച്ചുവര്‍ഷമായി കാലംതെറ്റിപ്പൂക്കുന്ന കണിക്കൊന്നകള്‍ മലയാളിക്ക് കൗതുകമല്ല. പക്ഷേ, ഇത്തവണ പതിവിന് വിപരീതമായി കൂട്ടത്തോടെ കണിക്കൊന്നകള്‍ പൂത്തതിലാണ് ആശങ്ക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: