ഇടത്-വലത് മുന്നണികളെ മാറിമാറി വരിച്ച കൊല്ലം ലോക്സഭാമണ്ഡലം ഇക്കുറി ത്രികോണമത്സരത്തിന്റെ ചൂടിലേക്കാണ്. ചവറ മുതല്‍ നീണ്ടകര വരെ നീണ്ടുനിവര്‍ന്നു കിടക്കുന്ന സംഘടനയെന്ന പരിഹാസപ്പേര് പേറുന്നുവെങ്കിലും ആര്‍എസ്പിയാണ് കൊല്ലത്തെ തെരഞ്ഞെടുപ്പിനെ വേറിട്ടുനിര്‍ത്തുന്ന ഘടകം. തലയെടുപ്പുള്ള ഒട്ടേറെ നേതാക്കള്‍ അണിനിരന്ന് നയിച്ചിരുന്ന ആ പാര്‍ട്ടിയിപ്പോള്‍ ഇരുമുന്നണികളുടെയും പിന്നാമ്പുറത്ത് നില്‍പ്പാണ്. എന്നിട്ടും ശ്രീകണ്ഠന്നായരിലൂടെ നാല് തവണയും പ്രേമചന്ദ്രനിലൂടെ മൂന്ന് തവണയും കൊല്ലം ലോക്സഭാമണ്ഡലത്തെ പ്രതിനിധാനം ചെയ്തതാണ് ആര്‍എസ്പിയുടെ ചരിത്രം. കോണ്‍ഗ്രസ് നാല് തവണയും സിപിഎം രണ്ട് തവണയും സിപിഐ ഒരു തെരഞ്ഞെടുപ്പിലും കൊല്ലത്ത് വിജയം നേടി.
എല്ഡിഎഫിലായിരിക്കെ ആര്‍എസ്പിയുടെ കൈയിലിരുന്ന കൊല്ലം സീറ്റ് 1999ലാണ് സിപിഎം പിടിച്ചെടുത്ത് പി. രാജേന്ദ്രനെ മത്സരിപ്പിച്ചത്. എം.പി. ഗംഗാധരനെ തോല്‍പ്പിച്ച് രാജേന്ദ്രന് എംപി ആയി. 2009-ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ എന്‍. പീതാംബരക്കുറുപ്പ് രാജേന്ദ്രനെ പരാജയപ്പെടുത്തി കൊല്ലം പിടിച്ചെടുത്തു. അടുത്ത തെരഞ്ഞെടുപ്പോടെ കൊല്ലം സീറ്റ് മടക്കിച്ചോദിച്ച ആര്‍എസ്പിക്ക് സിപിഎം അത് വിട്ടുനല്‍കിയില്ല. തുടര്‍ന്ന് ഇടതുമുന്നണി വിട്ട ആര്‍എസ്പി കൊല്ലം സീറ്റ് സ്വന്തം അക്കൗണ്ടില്‍ തിരികെ ചേര്‍ത്തു. സിപിഎം പോളിറ്റ് ബ്യൂറോ അംഗവും കുണ്ടറ എംഎല്‍എയും ആയിരുന്ന എം.എ. ബേബിയെയാണ് 2014 ല്‍ സിപിഎം കൊല്ലത്ത് അങ്കത്തിനിറക്കിയത്.
അന്ന് പാര്‍ട്ടി സെക്രട്ടറി ആയിരുന്ന പിണറായി വിജയന്റെ പരനാറി പരാമര്‍ശം ആ തെരഞ്ഞെടുപ്പിലാണ് വിവാദക്കൊടുമുടിയേറിയത്. ഒടുവില്‍ ഫലം വന്നപ്പോള്‍ എന്‍.കെ. പ്രേമചന്ദ്രന് 37,649 വോട്ടുകള്‍ക്ക് എം.എ. ബേബിയെ പരാജയപ്പെടുത്തി.
ക്രമാനുഗതമായ വളര്‍ച്ചയാണ് ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎയുടേത്. അവഗണിക്കാനാകാത്ത ശക്തിയായി അത് വളര്‍ന്നുകഴിഞ്ഞു. കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കൊല്ലം കോര്‍പ്പറേഷനില്‍ രണ്ട് കൗണ്‍സിലര്‍മാരെ വിജയിപ്പിക്കുകയും എട്ടോളം സീറ്റുകളില്‍ രണ്ടാമതെത്തുകയും ചെയ്ത എന്‍ഡിഎയ്ക്ക് മണ്ഡലത്തില്‍ ഒന്നേമുക്കാല്‍ ലക്ഷം വോട്ടിന്റെ കരുത്തുണ്ട്. പുതിയ സാഹചര്യത്തില്‍ ജയിച്ചുകയറാനാവുന്ന പിന്‍ബലമാണത്. നിയമസഭാതെരഞ്ഞെടുപ്പില്‍ ചാത്തന്നൂര്‍ മണ്ഡലത്തില്‍ രണ്ടാമതെത്തിയതും ആവേശം പകരുന്ന മുന്നേറ്റമാണ്.
സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയവും കശുവണ്ടി, തീരദേശമേഖലകള്‍ നേരിടുന്ന പ്രശ്നങ്ങളും ശബരിമല സംഭവങ്ങളും കൊല്ലത്തെ തെരഞ്ഞെടുപ്പുപോരിലെ നിര്‍ണായക ചര്‍ച്ചാവിഷയങ്ങളാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: