കൊച്ചി: വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രാന്തിന്റെ നിര്‍മാണം കൊച്ചി കപ്പല്‍ശാലയില്‍ അവസാനഘട്ടത്തില്‍. ഇന്ത്യ സ്വന്തമായി നിര്‍മിക്കുന്ന വിമാനവാഹിനി അടുത്ത വര്‍ഷം ഒക്‌ടോബറില്‍ കമ്മീഷന്‍ ചെയ്യും. റഷ്യയില്‍ നിന്ന് ലഭിക്കേണ്ട ചില സാമഗ്രികള്‍ എത്താനുള്ള തടസ്സങ്ങളും നീങ്ങി.
വിവിധ പരിശോധനകളും നടക്കുന്നു. വിമാനവാഹിനി കപ്പലിന്റെ ഏറ്റവും തന്ത്രപ്രധാനഘട്ടമാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. കപ്പലിന് ആവശ്യമായ ഉരുക്ക് ഡിആര്‍ഡിഒയുടെ സഹായത്താല്‍ സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയാണ് ഉത്പാദിപ്പിച്ചത്.
40,000 ടണ്‍ കേവു ഭാരമുള്ള സ്റ്റോബാന്‍ ഇനത്തില്‍പ്പെട്ട ഐഎന്‍എസ് വിക്രാന്തിന്റെ നിര്‍മാണത്തിന് 3500 കോടി രൂപയാണ് ചെലവഴിക്കുന്നത്. 262 മീറ്റര്‍ നീളമുള്ളതാണ് ഡെക്ക്. ഇതിന്റെ വിസ്താരം രണ്ടരയേക്കറോളം വരും. 30 യുദ്ധവിമാനങ്ങള്‍ക്കും, പത്തോളം ഹെലിക്കോപ്റ്ററുകള്‍ക്കും ഡെക്കില്‍ ഒരേസമയം താവളമടിക്കാം. വിമാനത്തിലേതുള്‍പ്പെടെ 1400 നാവികര്‍ക്ക് ഇതില്‍ താമസിക്കാം.
റഷ്യന്‍ നിര്‍മിത മിഗ് 29 കബ്, ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ആദ്യ സൂപ്പര്‍സോണിക് ജെറ്റ് വിമാനമായ തേജസിന്റെ നാവിക പതിപ്പ് എന്നിവയായിരിക്കും വിക്രാന്തില്‍ വിന്യസിക്കുന്ന പോര്‍വിമാനങ്ങള്‍. റഷ്യന്‍ കമ്പനിയായ കമോവിന്റെ കെ. 31, അഗസ്റ്റാ വെസ്റ്റ്‌ലാന്‍ഡിന്റെ സീ കിങ് എന്നിവയാണ് പരിഗണനയിലിരിക്കുന്ന ഹെലിക്കോപ്റ്ററുകള്‍.
ഇന്ത്യ ലോക സാമ്പത്തിക ശക്തിയായി വളര്‍ന്നുകൊണ്ടിരിക്കുകയും, ചൈന ഏഷ്യന്‍ സമുദ്ര മേഖലകളില്‍ സാന്നിധ്യവും സ്വാധീനവും വര്‍ധിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഭാവിയില്‍ എട്ടു വിമാനവാഹിനി കപ്പലുകളെങ്കിലും വേണമെന്നാണ് നാവികസേനയുടെ ആവശ്യം.
ഇന്ത്യ തദ്ദേശീയമായി നിര്‍മിക്കുന്ന രണ്ടാമത്തെ വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിശാലിന്റെ നിര്‍മാണവും കൊച്ചി കപ്പല്‍ശാലയില്‍ ത്തന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക