ന്യൂദല്‍ഹി: അഴിമതിക്കെതിരെ നരേന്ദ്ര മോദി സര്‍ക്കാര്‍ കൈക്കൊള്ളുന്ന ശക്തമായ നടപടികളില്‍ സുപ്രധാനമായ ഒന്നാണ് ലോക്പാല്‍ നിയമനം. പ്രധാനമന്ത്രിക്കെതിരായ അഴിമതി ആരോപണങ്ങള്‍ വരെ അന്വേഷിക്കാന്‍ അധികാരമുള്ള, സുപ്രീംകോടതിയും തെരഞ്ഞെടുപ്പു കമ്മീഷനും പോലെ സ്വതന്ത്രമായ ഏജന്‍സിയാണ് ലോക്പാലും.
ലോക്പാല്‍ പ്രവര്‍ത്തനം തുടങ്ങുന്നതോടെ അഴിമതി കുറയുമെന്നു മാത്രമല്ല, തെളിവുകളോ സൂചനകളോ പോലും ഇല്ലാതെ അഴിമതി ആരോപിച്ച് എതിരാളികളെ സംശയത്തിന്റെ പുകമറയിലാക്കുന്ന പരിപാടിയുമില്ലാതാകും. എത്ര വലിയ കേസാണെങ്കിലും അന്വേഷണവും വിധിയും രണ്ടു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്നാണ് ലോക്പാല്‍ നിയമം അനുശാസിക്കുന്നത്.
സുപ്രീം കോടതി മുന്‍ ജഡ്ജി പിനാകി ചന്ദ്രഘോഷിനെ ലോക്പാലായി നിയമിക്കാനാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന, പ്രധാനമ്രന്തി അധ്യക്ഷനായ, ചീഫ് ജസ്റ്റിസ് അംഗമായ സമിതി തീരുമാനിച്ചത്. ചരിത്രപരമായ തീരുമാനത്തെ അഴിമതിക്കെതിരെ യുദ്ധം നടത്തുന്ന അണ്ണ ഹസാരെ സ്വാഗതം ചെയ്തിട്ടുണ്ട്.
യുപിഎ ഭരണത്തില്‍ അഴിമതി പെരുകിയപ്പോഴാണ് ലോക്പാലെന്ന ദീര്‍ഘനാളായ ആവശ്യം ഉന്നയിച്ച് പ്രമുഖ ഗാന്ധിയനും സാമൂഹ്യ പ്രവര്‍ത്തകനുമായ അണ്ണാ ഹസാരെ പ്രക്ഷോഭം തുടങ്ങിയത്.
2011ലാണ് പ്രക്ഷോഭം കരുത്താര്‍ജിച്ചത്. ബിജെപി പ്രക്ഷോഭത്തെ ശക്തമായി പിന്തുണച്ചു. ഒടുവില്‍ 2013ലാണ് ലോക്പാല്‍ നിയമം പാര്‍ലമെന്റ് പാസാക്കിയത്. സംസ്ഥാനങ്ങളില്‍ ലോകായുക്തയെയും കേന്ദ്രത്തില്‍ ലോക്പാലിനെയും നിയമിക്കാന്‍ നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നു. 63ല്‍ ഡോ. എല്‍.എം. സിങ്ങ്വിയാണ് ലോക്പാല്‍ എന്ന വാക്ക് രൂപീകരിച്ചത്. 68 ല്‍ അഡ്വ. ശാന്തിഭൂഷണാണ് ജന്‍ലോക്പാല്‍ ബില്‍ നിര്‍ദേശിച്ചത്. പതിറ്റാണ്ടുകള്‍ നീണ്ട കോണ്‍ഗ്രസ്, യുപിഎ ഭരണകാലത്ത് പത്തു തവണയെങ്കിലും ബില്‍ അവതരിപ്പിച്ചെങ്കിലും ഒരിക്കലും അത് പാസായിരുന്നില്ല. ഒടുവില്‍ നീണ്ട നാലര പതിറ്റാണ്ടുകള്‍ക്കു ശേഷം വിവാദങ്ങള്‍ക്കൊടുവില്‍ ഗത്യന്തരമില്ലാതെ, 2013 ഡിസംബര്‍ 18ന് ബില്‍ പാര്‍ലമെന്റ് പാസാക്കി. ഇന്ത്യയെ കുലുക്കിയ ഹസാരെയുടെ സമരമാണ് ഒടുവില്‍ അതിന് വഴിയൊരുക്കിയത്.
എന്നാല്‍, പിന്നെ ഒന്നും ചെയ്തില്ല. മോദി സര്‍ക്കാര്‍ വന്ന ശേഷം അതിനുള്ള നടപടികള്‍ തുടങ്ങിയെങ്കിലും പല കാരണങ്ങളാല്‍ വൈകി. കോണ്‍ഗ്രസിന്റെ നിസ്സഹകരണം ഒരു പ്രധാനകാരണമായിരുന്നു. ലോക്പാലിനെ നിയമിക്കാനുള്ള നടപടികളില്‍ നിന്ന് കോണ്‍ഗ്രസ് വിട്ടുനിന്നു. ഒടുവില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗവും കോണ്‍ഗ്രസ് ബഹിഷ്ക്കരിച്ചു. മോദി സര്‍ക്കാര്‍ തന്നെ അഴിമതിക്കെതിരായ ആ നടപടിയും കൈക്കൊണ്ടു.
പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാര്‍, എംപിമാര്‍ എന്നിവര്‍ക്കെതിരെ അഴിമതി ആരോപണങ്ങളില്‍ ഒരു വര്‍ഷത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണം. ഒരു വര്‍ഷത്തിനകം വിധിയും പറയണം. കേസും ആരോപണങ്ങളും വ്യാജമാണോയെന്ന് കണ്ടെത്തേണ്ടതും ലോക്പാലാണ്. വ്യാജമാണെന്ന് കണ്ടെത്തിയാല്‍ ആരോപണം ഉന്നയിച്ചവര്‍ക്ക് പിഴയും തടവും വിധിക്കാനും ലോക്പാലിന് അധികാരമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: