കൊച്ചി: ഫസല്‍ വധക്കേസിലെ പ്രതികളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും സിപിഎം സ്ഥാനാര്‍ഥികളുടെ പ്രചാരണത്തിന്റെ നിര്‍ണായക ചുമതല. പി. രാജീവ് മത്സരിക്കുന്ന എറണാകുളം ലോക്സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന തൃപ്പൂണിത്തുറയുടെ ചുമതലയാണ് കാരായി ചന്ദ്രശേഖരന്.
കാരായി രാജന് കോട്ടയം മണ്ഡലത്തില്‍പ്പെടുന്ന പിറവത്തിന്റെ ചുമതലയും. ഇരുവരും ഇരുമ്പനത്ത് താമസിച്ചാണ് പ്രചാരണത്തിന്റെ മേല്‍നോട്ടം വഹിക്കുന്നത്. തലശേരിയിലെ എന്‍ഡിഎഫ് പ്രവര്ത്തകന് ഫസലിനെ കൊലപ്പെടുത്തിയ കേസില്‍ ഇരുവരും ജാമ്യത്തിലാണ്. എറണാകുളം ജില്ല വിട്ടുപോകരുതെന്ന കര്‍ശന ഉപാധിയോടെയാണ് എറണാകുളം സിബിഐ കോടതി ഇവര്‍ക്ക് ജാമ്യം കൊടുത്തത്.
രാഷ്ട്രീയമായും നിയമപരമായും ഏറെ വിവാദങ്ങള്‍ക്കു വഴിവെച്ച സംഭവമായിരുന്നു ഫസല്‍ വധക്കേസ്. 2006 ഒക്ടോബര്‍ 22നാണ് എന്‍ഡിഎഫ് പ്രവര്‍ത്തകനായിരുന്ന ഫസലിനെ സിപിഎം ക്രിമിനലുകള്‍ കൊലപ്പടുത്തിയത്. കൊടി സുനിയടക്കമുള്ള പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് 2007ല്‍ കേസ് അന്വേഷണം ഹൈക്കോടതി സിബിഐക്ക് വിടുകയായിരുന്നു.
ജാമ്യ വ്യവസ്ഥപ്രകാരം എറണാകുളത്ത് തങ്ങിയ ഇവര്‍ പ്രവര്‍ത്തന കേന്ദ്രം കണ്ണൂരില്‍ നിന്ന് എറണാകുളത്തേക്ക് മാറ്റി. കാരായി രാജന് എറണാകുളം ജില്ലാ കമ്മിറ്റിയംഗമാണ്. ചന്ദ്രശേഖരന് തൃപ്പൂണിത്തുറ ഏരിയാ കമ്മറ്റിയംഗവുമാണ്. കൊലക്കേസ് പ്രതികള്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതില്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസം ഉടലെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: