കണ്ണൂര്‍: ഇടത്-വലത് മുന്നണി സ്ഥാനാര്‍ഥികള്‍ മാറിമാറി വിജയിച്ചിട്ടുള്ള മണ്ഡലത്തില്‍ ഓരോ തെരഞ്ഞെടുപ്പ് കഴിയുമ്പോഴും ബിജെപിക്കുണ്ടായിക്കൊണ്ടിരിക്കുന്ന വളര്‍ച്ച, ഇത്തവണ കടുത്ത മത്സരത്തിന് വഴി തുറക്കുമെന്നുറപ്പാണ്.
സിറ്റിങ്ങ് എംപി പി.കെ. ശ്രീമതിയെ വീണ്ടും മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് കഴിഞ്ഞു. ഔദ്യോഗിക പ്രഖ്യാപനം ഇന്നലെയാണ് വന്നതെങ്കിലും കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കെ. സുധാകരന് സ്വയം സ്ഥാനാര്‍ഥിയായി രംഗത്തു വന്നിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും പ്രത്യേകം താല്‍പ്പര്യം കാട്ടിയ ചരിത്രം കണ്ണൂര്‍ മണ്ഡലത്തിനില്ല. 1951ല്‍ എകെജിയെ പാര്‍ലമെന്റിലേക്ക് അയച്ചുകൊണ്ടാണ് ചരിത്രം തുടങ്ങുന്നത്. 1957ല്‍ കോണ്‍ഗ്രസിനെ പിന്തുണച്ച ജനങ്ങള്‍, 1962ല്‍ എസ്.കെ.പൊറ്റെക്കാടിനെ വിജയിപ്പിച്ച് സിപിഎമ്മിന്റെ കൂടെനിന്നു. 1977ല്‍ മണ്ഡല പുനര്‍നിര്‍ണ്ണയത്തിനു ശേഷം കോണ്‍ഗ്രസ് പിന്തുണയോടെ സിപിഐയുടെ സി.കെ.ചന്ദ്രപ്പന് സിപിഎമ്മിനെ തോല്‍പ്പിച്ചു. 1980ല്‍ എ.കെ. ആന്റണി ഇടതു പാളയത്തില്‍ എത്തി. എല്‍ഡിഎഫിലെ ആന്റണി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്ന കെ. കുഞ്ഞമ്പു വിജയിച്ചു. 1984 മുതല്‍ അഞ്ചു തവണ തുടര്‍ച്ചയായി ഇപ്പോഴത്തെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് മണ്ഡലത്തെ പ്രതിനിധീകരിച്ചു. 1999ല്‍ സിപിഎമ്മിലെ എ.പി.അബ്ദുള്ളക്കുട്ടി കണ്ണൂര്‍ തിരിച്ചു പിടിച്ചു. 2004ലും അബ്ദുള്ളക്കുട്ടി ജയിച്ചു. 2009ല്‍ കെ. സുധാകരനിലൂടെ കോണ്‍ഗ്രസ് മണ്ഡലം തിരിച്ചുപിടിച്ചു. എന്നാല്‍ 2014ല്‍ രണ്ടാമങ്കത്തിനിറങ്ങിയ സുധാകരന് പരാജയപ്പെട്ടു. എല്‍ഡിഎഫിലെ പി.കെ. ശ്രീമതി 6566 വോട്ടിന് സുധാകരനെ തോല്‍പ്പിച്ചു.
ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ കണ്ണൂര്‍, ധര്‍മടം, മട്ടന്നൂര്‍, തളിപ്പറമ്പ് എന്നീ നാലു മണ്ഡലങ്ങള്‍ നിലവില്‍ ഇടതുമുന്നണിക്കൊപ്പമാണ്. അഴീക്കോട്, പേരാവൂര്‍, ഇരിക്കൂര്‍ എന്നിവ യുഡിഎഫിനൊപ്പവും. നിയമസഭാ തെരെഞ്ഞെടുപ്പ് ഫലത്തിന്റെ കണക്ക് നോക്കിയാല്‍ എല്‍ഡിഎഫിന് ഇപ്പോള്‍ ഒന്നേകാല്‍ ലക്ഷം വോട്ടിന്റെ ഭൂരിപക്ഷമുണ്ട്. സംസ്ഥാന ഭരണത്തിന്റെ പരാജയം, സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തോടുള്ള പ്രതിഷേധം, സിറ്റിംഗ് എംപി പി.കെ.ശ്രീമതി മണ്ഡലത്തിന് വേണ്ടി ഒന്നും ചെയ്തില്ല എന്ന പൊതുവികാരം, ശബരിമലയുള്പ്പെടെയുളള വിഷയങ്ങളില്‍ ജില്ലയില്‍ ബിജെപിക്കുണ്ടായ ശക്തമായ ജനപിന്തുണ തുടങ്ങിയ ഘടകങ്ങള്‍ നിര്‍ണായകമാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: