ന്യൂദല്‍ഹി: കോണ്‍ഗ്രസ് സഹയാത്രികനും പിഎസ്സി മുന്‍ ചെയര്‍മാനുമായ ഡോ.കെ.എസ്. രാധാകൃഷ്ണന് ബിജെപിയില്‍ ചേര്‍ന്നു. ദല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് ദേശീയ അധ്യക്ഷന്‍ അമിത് ഷായില്‍ നിന്ന് അംഗത്വം സ്വീകരിച്ചു. മോദി സര്‍ക്കാരിന്റെ വികസന നയങ്ങളില്‍ ആകൃഷ്ടനായാണ് ബിജെപിയില്‍ ചേര്‍ന്നതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അഞ്ച് വര്‍ഷത്തെ ഭരണത്തില്‍ കൃഷിക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും പുരോഗതിയുണ്ടായി. കുടുംബാധിപത്യത്തില്‍ അമര്‍ന്നിരിക്കുന്ന കോണ്‍ഗ്രസ്സിന് പഴയ നന്മ നഷ്ടപ്പെട്ടു. അദ്ദേഹം ചൂണ്ടിക്കാട്ടി.
ശബരിമല വിഷയത്തില്‍ വിശ്വാസികള്ക്കൊപ്പമായിരുന്ന രാധാകൃഷ്ണന് സമരപരിപാടികളില്‍ സജീവമായിരുന്നു. ബിജെപി സംസ്ഥാന നേതൃത്വവുമായി ധാരണയിലെത്തിയതിനെ തുടര്‍ന്ന് കേന്ദ്ര നേതൃത്വം ദല്‍ഹിക്ക് വിളിപ്പിക്കുകയായിരുന്നു. സംസ്ഥാന അധ്യക്ഷന്‍ അഡ്വ.പി.എസ്. ശ്രീധരന് പിള്ള, നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്, സംഘടനാ സെക്രട്ടറി എം. ഗണേശ് എന്നിവര്‍ക്കൊപ്പം കേരളത്തിന്റെ തെരഞ്ഞെടുപ്പ് പ്രഭാരിയും ദേശീയ സെക്രട്ടറിയുമായ വൈ. സത്യകുമാറുമായി ഇന്നലെ കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് അംഗത്വം സ്വീകരിച്ചത്.
എറണാകുളം മഹാരാജാസ് കോളേജില്‍ തത്വശാസ്ത്ര വിഭാഗം അധ്യാപകനായിരുന്ന രാധാകൃഷ്ണന് 2004ലെ യുഡിഎഫ് ഭരണകാലത്ത് കാലടി സര്‍വകലാശാല വൈസ് ചാന്‍സലറായിരുന്നു. കേരളത്തിന്റെ സാമൂഹ്യ സാംസ്കാരിക രംഗത്ത് നിറഞ്ഞുനില്ക്കുന്ന അദ്ദേഹം മുപ്പതിലേറെ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ആലപ്പുഴയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകുമോയെന്ന ചോദ്യത്തിന് പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടതെന്ന് അദ്ദേഹം മറുപടി നല്കി. കഴിഞ്ഞ ദിവസം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ടോം വടക്കനും ശശി തരൂരിന്റെ ബന്ധുക്കളും ബിജെപിയില്‍ ചേര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: