ശ്രീനാരായണ ഗുരുവിന്റെ ചൈതന്യപ്രഭയേറ്റ് പ്രബുദ്ധരും പ്രഭാവശാലികളുമായി വളര്‍ന്ന സമുദായ പരിഷ്കര്‍ത്താക്കളുടെ നിരയില്‍ മൂലൂര്‍ എസ്. പത്മനാഭപ്പണിക്കര്‍ക്ക് അദ്വിതീയമായൊരു സ്ഥാനമാണുള്ളത്. സാഹിത്യം സമുദായം, സംസ്ഥാനം എന്നിവയ്ക്കുവേണ്ടിയാണ് മൂലൂര്‍ ജീവിച്ചതെന്ന് മഹാകവി ഉള്ളൂര്‍ ആദരപൂര്‍വം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഈഴവരാദിയായ അവര്‍ണ സമുദായത്തില്‍പ്പെട്ടവര്‍ക്ക് ക്ഷേത്രപ്രവേശനം പോലെതന്നെ സാഹിത്യ ക്ഷേത്രപ്രവേശനവും അക്കാലത്ത് നിഷേധിക്കപ്പെട്ടിരുന്നു. ഈഴവസമുദായത്തില്‍ പുരാതന കാലംമുതല്‍ സംസ്കൃത പണ്ഡിതന്മാരും കവികളും ഉണ്ടായിരുന്നെങ്കിലും അവര്‍ക്കാര്‍ക്കും വേണ്ടത്ര അംഗീകാരം ലഭിച്ചിരുന്നില്ല.
ഗുരുദേവന്റെ സന്ദേശവാഹകന്
മൂലൂര്‍ സാഹിത്യ ജീവിതം ആരംഭിച്ച കാലഘട്ടം ഏതെന്ന് വ്യക്തമായി അറിഞ്ഞാല്‍ മാത്രമേ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളുടെയും കാവ്യസപര്യയുടെയും പ്രാധാന്യം വ്യക്തമായി ബോധ്യപ്പെടുകയുള്ളു. ഗുരുദേവന് നടത്തിയ അരുവിപ്പുറം പ്രതിഷ്ഠമുതല്‍ എസ്എന്‍ഡിപി യോഗത്തിന്റെ സ്ഥാപനം വരെയുള്ള അരദശകം (1888 – 1903) മൂലൂരിന്റെ സാഹിത്യജീവിതത്തിന്റെ പൂര്‍വഘട്ടമായി കരുതാം.
ഈഴവസമുദായത്തില്‍നിന്നും പലേ പ്രതിഭാശാലികള്‍ പലവഴിക്കാരംഭിച്ച സാമൂഹികവും സാംസ്കാരികവുമായ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രീകൃതനേതൃത്വവും ഐകരൂപ്യവും നല്‍കിയത് ശ്രീനാരായണഗുരുവായിരുന്നു. കൊല്ലം എസ്എന്‍ഡിപി യോഗത്തില്‍വച്ച് ശ്രീനാരായണഗുരുവുമായി അടുത്തുപരിചയപ്പെട്ടതിനുശേഷം അദ്ദേഹത്തിന്റെ ഏറ്റവും വിശ്വസ്തനായ ശിഷ്യനായിട്ടാണ് മൂലൂര്‍ ജീവിതം നയിച്ചത്. ഗുരുദേവനെ സന്ദര്‍ശിക്കുവാനും അദ്ദേഹവുമൊന്നിച്ച് കഴിയുവാനും ആ മധുരഭാഷണം കേള്‍ക്കുവാനുമുള്ള അവസരങ്ങളൊന്നും പാഴാക്കിയില്ല.
ഗുരുദേവന് മധ്യതിരുവിതാംകൂറില്‍ സന്ദര്‍ശനം നടത്തിയപ്പോഴെല്ലാം പണിക്കര്‍ സന്തതസഹചാരിയായി കൂടെയുണ്ടായിരുന്നു. സ്വഭവനത്തില്‍ ഗുരുദേവനെ സ്വീകരിച്ച് സല്‍ക്കരിക്കുവാനുള്ള മഹാഭാഗ്യവും ആ ശിഷ്യോത്തമന് ലഭിച്ചിട്ടുണ്ട്. ശ്രീനാരായണ ഗുരുവുമായി സന്ധിച്ചതിനുശേഷമുള്ള മൂലൂരിന്റെ ജീവിതം ഒരു പരിപൂര്‍ണ സമര്‍പ്പണം തന്നെയായിരുന്നു. ശ്രീനാരായണ ധര്‍മം നടപ്പില്‍ വരുത്തുന്നതിനുള്ള അതിപാവനമായ സമര്‍പ്പണം. ‘അന്യജീവനുതകി സ്വജീവിതം ധന്യമാക്കു’വാന്‍ കഴിയുന്നവര്‍ വളരെ വിരളമാണ്. ആ മഹാഭാഗ്യം പരിപൂര്‍ണമായ അളവില്‍ നിര്‍വഹിച്ച് ഗുരുദേവന്റെ അനുഗ്രഹം പൂര്‍ണമായി ലഭിച്ച മഹാനായിരുന്നു മൂലൂര്‍ എസ്. പത്മനാഭപ്പണിക്കര്‍.
ഒരേകാകിയുടെ ധര്‍മയുദ്ധം
മൂലൂര്‍ പത്മനാഭ പണിക്കരുടെ കവിരാമായണം നമ്മുടെ ഭാഷയിലെ ഒരു ചരിത്ര സംഭവമാണ്.കവിരാമായണത്തിന്റെ കഥയുടെ ചുരുക്കം ഇതാണ്.സമകാലിക മലയാള കവികളെ മഹാഭാരതത്തിലെ കഥാപാത്രങ്ങളായി സങ്കല്‍പ്പിച്ച് കവിഭാരതം എന്നൊരു കൃതി താന്‍ രചിക്കാന്‍ ആഗ്രഹിക്കുന്നതായി അറിയിച്ചുകൊണ്ടും അതില്‍ ഉള്‍പ്പെടുത്താനാഗ്രഹിക്കുന്ന കവികള്‍ അര്‍ഹത തെളിയിക്കാന്‍ മനോരമയില്‍ വന്നുകളിച്ചിടേണം എന്ന് നിര്‍ദ്ദേശിച്ചുകൊണ്ടും കുഞ്ഞിക്കുട്ടന്‍ തമ്പുരാന് ഒരു വിജ്ഞാപനം പുറപ്പെടുവിച്ചു. അതുകണ്ട മൂലൂര്‍, തമ്പുരാനോട് ഒരു വിജ്ഞാപനം നടത്തി. വെളുത്തേരിയില്‍ കേശവന് വൈദ്യന്, നാരായണ ഗുരു, പെരുന്നെല്ലി കൃഷ്ണന് വൈദ്യന് തുടങ്ങിയ പ്രശസ്തരായ കവികള്‍ ഈഴവസമുദായത്തിലുണ്ടെന്നും, കവിഭാരതത്തില്‍ അവര്‍ക്കുകൂടി സ്ഥാനം അനുവദിക്കണമെന്നുമായിരുന്നു നിവേദനം. എന്നാല്‍ അദ്ദേഹത്തിന്റെ നിവേദനം പരിഗണിക്കാന്‍ തമ്പുരാന് തയ്യാറായില്ല.
വൈകാതെ കവിഭാരതം പുറത്തുവന്നു. ഈഴവകവികളില്‍ ഒരാള്‍ക്കുപോലും അതില്‍ പ്രവേശനം നല്‍കിയിരുന്നില്ല. ജാതിപ്രേരിതമായ ഈ അവഗണന മൂലൂരിനെ അത്യധികം ക്ഷോഭിപ്പിച്ചു. ഈ അവഗണനയ്ക്കുള്ള പ്രതിഷേധം കവിഭാരതത്തിന് തുല്യമായ ഒരു കൃതിയിലൂടെ ശക്തമായി പ്രകാശിപ്പിക്കാന്‍ അദ്ദേഹം നിശ്ചയിച്ചു. 106 കവികളെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള കവിരാമായണം ഒരു വര്‍ഷത്തിനകം പുറത്തുവന്നു. കവിരാമായണത്തില്‍ അന്ന് പ്രസിദ്ധരായ എല്ലാ സവര്‍ണ കവികള്‍ക്കും അര്‍ഹമായ സ്ഥാനം നല്‍കിയിരുന്നു. അന്നത്തെ പ്രസിദ്ധരായ എല്ലാ അവര്‍ണകവികളെയും കൃതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു എന്ന കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലൊ. നാരായണ ഗുരുവിനെ വാത്മീകിയായും കൃഷ്ണന് വൈദ്യനെ ഹനുമാനായും കേശവന് വൈദ്യനെ ബാലിയായും കവിരാമായണത്തില്‍ വര്‍ണിക്കുന്നുണ്ട്.
കവിരാമായണ രചനയ്ക്കുശേഷം അവര്‍ണകവികളെ അംഗീകരിക്കാനും ആദരിക്കാനും തുടങ്ങി. കുമാരനാശാന്റെ ആദ്യത്തെ ഖണ്ഡകാവ്യമായ വീണപൂവ് കേരളവര്‍മ വലിയകോയിത്തമ്പുരാന് നേരിട്ട് പ്രസാധനം ചെയ്ത് പദ്യപാഠാവലിയില്‍ ചേര്‍ക്കുകയും എ.ആര്.രാജരാജവര്‍മ നളിനിയുടെ അവതാരികയിലൂടെ കുമാരകവിയെ മുക്തകണ്ഠം പ്രശംസിക്കുകയും ചെയ്തു. കവിരാമായണ രചനയിലൂടെ അവിസ്മരണീയമായൊരു വിശിഷ്ട ദൗത്യമാണ് അദ്ദേഹം നിര്‍വഹിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: