ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കലാണ് രാജ്യം. വിവിധ വിഷയങ്ങളില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നിലപാട് വ്യക്തമാക്കുന്നു
? ഭൂരിപക്ഷ സര്‍ക്കാര്‍ എന്ന നിലയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഭരണത്തെ എങ്ങനെ കാണുന്നു.
ബിജെപിയെ സംബന്ധിച്ച് തെരഞ്ഞെടുപ്പുകള്‍ ജനാധിപത്യത്തിന്റെ ഉത്സവങ്ങളാണ്. സര്‍ക്കാരിന്റെ പ്രവൃത്തികളും ഞങ്ങളുടെ ആശയവും ജനങ്ങളിലെത്തിക്കാനുള്ള അവസരമാണിത്. ശ്രദ്ധ വഴിതിരിച്ചുവിടാനും ആശയക്കുഴപ്പം ഉണ്ടാക്കാനും ശ്രമിക്കുന്നവരെ കരുതിയിരിക്കണം. ഇപ്പോഴുള്ളതിനേക്കാള്‍ വലിയ ഭൂരിപക്ഷത്തില്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ ഭരണത്തില്‍ തുടരും. രാജ്യത്തെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശേഷിയുള്ള ശക്തമായ ഭൂരിപക്ഷ സര്‍ക്കാരാകും അത്.
? അഞ്ച് വര്‍ഷം മുന്‍പ് യുപിഎ സര്‍ക്കാരിന്റെ ഭരണവും നരേന്ദ്ര മോദിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിത്വവുമാണ് നിര്‍ണായകമായത്. ഇപ്പോള്‍ ഭരണവിരുദ്ധവികാരമുണ്ട്. പ്രതീക്ഷകള്‍ നിറവേറ്റുകയെന്നത് ബുദ്ധിമുട്ടല്ലേ
സ്ഥിരതയുള്ള സര്‍ക്കാര്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് കേവലഭൂരിപക്ഷം എന്നതാണ്. എങ്കില്‍ മാത്രമേ ശക്തനായ നേതാവിന് പോലും ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കൂ. മോദി ശക്തനായ നേതാവാണ്. അദ്ദേഹത്തിന്റെ ഭരണത്തില്‍ ലോകത്തിലെ ഏറ്റവും ശക്തമായ സമ്പദ്വ്യവസ്ഥയുള്ള അഞ്ച് രാജ്യങ്ങളില്‍ ഇന്ത്യ ഉള്‍പ്പെട്ടു. രാജ്യത്തെ സുരക്ഷിതമാക്കാന്‍ ആര്‍ക്ക് സാധിക്കുമെന്നത് വലിയ പ്രശ്നമാണ്. ഇതിനെ അടിസ്ഥാനമാക്കിയാകണം തെരഞ്ഞെടുപ്പ്. കഴിഞ്ഞ എഴുപത് വര്‍ഷമായി പരിഗണിക്കാതിരുന്ന അമ്പത് കോടി അടിച്ചമര്‍ത്തപ്പെട്ട, പാവപ്പെട്ട, ദളിത് ആദിവാസി വിഭാഗങ്ങളുണ്ട്. അവരുടെ ജീവിതനിലവാരം ഉയര്‍ത്താനുള്ള സര്‍ക്കാര്‍ വേണം. അന്താരാഷ്ട്രതലത്തില്‍ ഇന്ത്യയുടെ അഭിമാനം ഉയര്‍ത്താന്‍ സാധിക്കുന്ന സര്‍ക്കാര്‍ വരണം.
? സ്ഥിതിഗതികള്‍ മുന്പത്തെക്കാളും മോശമായെന്നാണ് പ്രതിപക്ഷം പറയുന്നത്
2014ന് മുന്‍പ് രാജ്യത്ത് എത്രയാളുകള്‍ക്ക് ബാങ്ക് അക്കൗണ്ട് ഇല്ലായിരുന്നുവെന്നും പ്രതിപക്ഷം പറയണം. ഇന്ന് 30 കോടിജനങ്ങള്‍ക്ക് ബാങ്ക് അക്കൗണ്ട് ഉണ്ട്. ആറ് കോടി പാവപ്പെട്ടവര്‍ക്ക് ഉള്‍പ്പെടെ 13 കോടിയാളുകള്‍ക്ക് ഗ്യാസ് കണക്ഷനുണ്ട്. പത്ത് കോടി വീടുകളില്‍ ടോയ്ലറ്റ് ഉണ്ടായിരുന്നില്ല. ഇപ്പോള്‍ എട്ട് കോടി വീടുകള്‍ക്ക് അതു നല്‍കിക്കഴിഞ്ഞു. 2.5 കോടി കുടുംബങ്ങള്‍ക്ക് വീടുകള്‍ നല്കി. ഇപ്പോള്‍ ഏതാണ്ട് എല്ലാവര്ക്കും വൈദ്യുതി ലഭിക്കുന്നുണ്ട്. വര്‍ഷത്തില്‍ അഞ്ച് ലക്ഷം രൂപ വരെ ലഭിക്കുന്ന ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി ആരംഭിച്ച് നാല് മാസത്തിനുള്ളില്‍ 15 ലക്ഷം ജനങ്ങള്‍ക്ക് പ്രയോജനപ്പെട്ടു. 55 വര്‍ഷം അവരാണ് ഭരിച്ചത്. എന്തുകൊണ്ടാണ് ഈ കാര്യങ്ങള്‍ മുന്‍പ് ചെയ്യാതിരുന്നത്. എന്തുകൊണ്ട് 55 മാസത്തിനുള്ളില്‍ ചെയ്യാന്‍ സാധിച്ചു. കാരണം മോദിയും ബിജെപിയും പറയുന്നത് ചെയ്യുന്നവരാണ്. 50 കോടി ജനങ്ങളുടെ ജീവിതത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഞങ്ങള്‍ക്ക് സാധിച്ചു.
രണ്ടിരട്ടി വേഗത്തിലാണ് ദേശീയപാതകള്‍ നിര്‍മിക്കുന്നത്. മുന്പത്തേക്കാള് 2.25 ഇരട്ടി വേഗത്തിലാണ് റെയില്‍വേ ട്രാക്കുകള്‍ വികസിക്കുന്നത്. പവര്‍ ഗ്രിഡുകള്‍ രണ്ട് ലക്ഷം കിലോമീറ്റര്‍ വികസിച്ചു. 13 കോടിയിലേറെയാളുകള്ക്ക് മുദ്രാ വായ്പ ലഭിച്ചു. ജോലി സൃഷ്ടിക്കുന്നതിനായി മറ്റേത് സര്‍ക്കാര്‍ ചെയ്തതിനേക്കാളുമധികം ഈ സര്‍ക്കാര്‍ ചെയ്തു. ഈ വിഷയത്തില്‍ രാജ്യത്ത് എവിടെയും സംവാദത്തിന് ഞാന്‍ തയാറാണ്.
? കാര്‍ഷിക രംഗത്തെ പ്രശ്നങ്ങള്‍ക്ക് പ്രാധാന്യം നല്‍കേണ്ട സാഹചര്യമില്ലേ
താങ്ങുവില വര്‍ധിപ്പിച്ചു. സോയില്‍ ഹെല്‍ത്ത് കാര്‍ഡ്, വെള്ളപ്പൊക്കത്തിലും വരള്‍ച്ചയിലും സഹായം എന്നിവ നല്കി. ഡ്രിപ്പ്, ചെറുകിട ജലസേചനത്തിന്റെ പരിധി നാലിരട്ടിയായി വര്‍ധിപ്പിച്ചു. 35 വര്‍ഷത്തിലേറെയായി മുടങ്ങിക്കിടന്നിരുന്ന ജലസേചന പദ്ധതികള്‍ പൂര്‍ത്തിയാക്കി. പ്രതിവര്‍ഷം ആറായിരം രൂപ നല്കാന് തീരുമാനിച്ചു. യുപിഎ സര്‍ക്കാരില്‍ 1.21 ലക്ഷം കോടിയായിരുന്നു കാര്‍ഷിക ബജറ്റ്. ഇപ്പോഴത് 2.11 ലക്ഷം കോടിയാണ്. കാര്‍ഷിക മേഖലയ്ക്ക് എത്രത്തോളം പ്രാധാന്യമാണ് നല്‍കിയതെന്നതിന്റെ തെളിവാണിത്.
? കോണ്‍ഗ്രസ്സിന്റെ 55 വര്‍ഷവും മോദിയുടെ 55 മാസവും എന്നതാണോ ബിജെപി പ്രധാന പ്രചാരണമാക്കുക.
മുദ്രാവാക്യങ്ങള്‍ കൊണ്ട് മാത്രം തെരഞ്ഞെടുപ്പുകള്‍ തീരുമാനിക്കുന്ന സമയമല്ല ഇത്. വിഷയങ്ങളുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ട സമയമാണിത്. ജാതീയത, സ്വജനപക്ഷപാതം, പ്രീണനം. അറുപതുകള്‍ മുതല്‍ 2014 വരെ ഈ വിഷയങ്ങള്‍ തെരഞ്ഞെടുപ്പില്‍ ആധിപത്യം ചെലുത്തിയിരുന്നു. നമ്മുടെ ജനാധിപത്യം ഇപ്പോള്‍ പാകപ്പെട്ടുകഴിഞ്ഞു. പ്രവൃത്തി അടിസ്ഥാനമാക്കിയുള്ള രാഷ്ട്രീയത്തെയാണ് ജനങ്ങള്‍ ഇപ്പോള്‍ സ്വീകരിക്കുന്നത്. ഞാന്‍ നേരത്തെ പറഞ്ഞ വിഷയങ്ങളാണ് ജനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കുന്നത്.
(കടപ്പാട്: ടൈംസ് ഓഫ് ഇന്ത്യ)
പ്രതികരിക്കാൻ ഇവിടെ എഴുതുക: