കോട്ടയം: കോട്ടയം ലോക്സഭാസീറ്റ് പി.ജെ. ജോസഫിന് നിഷേധിച്ചതിന് പിന്നാലെ കേരള കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. ജോസഫ് അനുകൂലികള്‍ പാര്‍ട്ടി നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തുവന്നു. ജോസഫ് കൈക്കൊള്ളുന്ന ഏത് നടപടിക്കും ഒപ്പംനില്‍ക്കാനാണ് തീരുമാനം.
അതേസമയം കെ.എം. മാണിയുടെ പാലായിലെ വസതിയില്‍ ഒത്തുകൂടിയ മാണിവിഭാഗം നേതാക്കള്‍ ജോസഫിനെ അവഗണിച്ച് തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കാന്‍ തീരുമാനിച്ചു.
തുടര്‍ന്ന് ഇന്നലെ ചാഴിക്കാടന് പ്രധാനപ്പെട്ട വ്യക്തികളെ കാണുകയും ഫോണില്‍ ബന്ധപ്പെടുകയും ചെയ്തതായി പാര്‍ട്ടി കേന്ദ്രങ്ങള്‍ വ്യക്തമാക്കി. കേരള കോണ്‍ഗ്രസിലുണ്ടായ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ഡിസിസിയില്‍ ചേരാനിരുന്ന തെരഞ്ഞെടുപ്പ് ആലോചന യോഗം മാറ്റി.
ജോസഫിനെ വെട്ടിയ മാണിയുടെ നടപടിയില്‍ അണികളും ജോസഫ് വിഭാഗം നേതാക്കളും പകച്ച് നില്‍ക്കുകയാണ്. ജോസഫ് പക്ഷത്തെ പ്രമുഖനായ മോന്‍സ് ജോസഫ് എംഎല്‍എയുടെ പ്രതികരണത്തില്‍ ഇത് വ്യക്തമാണ്.
പാര്‍ട്ടിയുടെ ഔദ്യോഗിക കമ്മിറ്റികളിലില്ലാത്ത തീരുമാനം പിന്നീട് എങ്ങനെ ഉണ്ടായെന്ന് അറിയില്ലെന്നാണ് മോന്‍സ് പറഞ്ഞത്. ജോസഫിന് സീറ്റ് നിഷേധിച്ചതില്‍ വേദനയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതേ വികാരമാണ് ജോസഫിനെ പിന്തുണയ്ക്കുന്ന അണികളും പങ്ക്വയ്ക്കുന്നത്. അതേസമയം സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത് പാര്‍ട്ടിയുടെ എല്ലാ കമ്മിറ്റികളിലും ആലോചിച്ചാണെന്നാണ് ജോസ് കെ. മാണി പ്രതികരിച്ചത്.
കേരള രാഷ്ട്രീയത്തിലെ സീനിയര്‍ നേതാക്കളില്‍ ഒരാളും പാര്‍ട്ടി വര്‍ക്കിങ് പ്രസിഡന്റുമായ ജോസഫിനെ അപമാനിക്കുകയായിരുന്നു മാണി വിഭാഗം ചെയ്തതെന്ന വികാരമാണ് അണികളില്‍. ഇവരില്‍ പലരും പാര്‍ട്ടിസ്ഥാനങ്ങള്‍ രാജിവയ്ക്കാനുള്ള ഒരുക്കത്തിലാണ്.
പഴയ ജോസഫ് വിഭാഗം പുനരുജ്ജീവിപ്പിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. മാണി വിഭാഗം വിട്ട് പാര്‍ട്ടി പുനരുജ്ജീവിപ്പിച്ച് യുഡിഎഫില്‍ തുടരണമെന്ന വികാരമാണ് അവര്‍ പങ്കുവയ്ക്കുന്നത്.
പാര്‍ട്ടിയിലുണ്ടായ പ്രതിസന്ധിക്ക് മുഴുവന്‍ ഉത്തരവാദിയും ജോസ് കെ. മാണിയാണെന്നാണ് ജോസഫ് വിഭാഗം കുറ്റപ്പെടുത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: