തൃശൂര്‍: സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് ഇടഞ്ഞ് നില്ക്കുന്ന സിപിഐയുടെ സിറ്റിങ് എം.പി. സി.എന്‍.ജയദേവന്റെ പരസ്യ പ്രതികരണങ്ങള്‍ പാര്‍ട്ടിയെ വലയ്ക്കുന്നു. പരസ്യ പ്രതിഷേധം തുടര്‍ന്നാല്‍ നടപടിയെടുക്കുമെന്ന നിലപാടിലാണ് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. കാനം അതൃപ്തി ജയദേവനെ അറിയിച്ചിട്ടുമുണ്ട്. സീറ്റ് നിഷേധിച്ചതോടെ കിട്ടുന്ന അവസരത്തിലെല്ലാം സിപിഎം, സിപിഐ നേതൃത്വങ്ങള്‍ക്കെതിരെ ജയദേവന് പ്രതിഷേധം പ്രകടിപ്പിക്കുകയാണ്. കഴിഞ്ഞ ദിവസം എല്‍ഡിഎഫ് തൃശൂര്‍ മണ്ഡലം കണ്‍വെന്‍ഷനില്‍ നിന്ന് ജയദേവന് പ്രതിഷേധിച്ച് ഇറങ്ങിപ്പോയിരുന്നു. കാനവും സ്ഥാനാര്‍ഥി രാജാജി മാത്യു തോമസും വേദിയിലിരിക്കെയാണ് ജയദേവന്റെ വാക്കൗട്ട്. സിറ്റിങ് എംപിയായിട്ടും കണ്‍വെന്‍ഷനില്‍ അദ്ദേഹത്തിന് പ്രസംഗിക്കാന്‍ അവസരം നല്‍കിയില്ല. വേദിയിലിരുത്തി അപമാനിക്കുകയായിരുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടാണ് ഗുരുവായൂര്‍ മേല്‍പ്പാലമടക്കം അനവധി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടസമെന്ന് നേരത്തെ ഗുരുവായൂരില്‍ നടന്ന ഒരു ചടങ്ങില്‍ വച്ച് ജയദേവന് പറഞ്ഞതും നേതൃത്വത്തെ ഞെട്ടിച്ചു. സിപിഎം ജില്ലാ നേതൃത്വവും തൃശൂര്‍ കോര്പ്പറേഷന് നേതൃത്വവുമായി കടുത്ത ഭിന്നതയിലാണ് ജയദേവന്. ജയദേവന് സീറ്റ് നിഷേധിച്ചത് ശരിയായില്ല എന്ന അഭിപ്രായം പാര്‍ട്ടിയില്‍ ഒരു വിഭാഗത്തിനുമുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ സ്വീകാര്യതയുള്ള നേതാവാണ് ജയദേവന്. തെരഞ്ഞെടുപ്പായതിനാല്‍ തത്കാലം ജയദേവനെതിരെ സിപിഐ നേതൃത്വം താക്കീതിനപ്പുറം മറ്റ് നടപടികളിലേക്കു കടക്കാനിടയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: