ന്യൂദല്‍ഹി: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ചിന്താധാരകള്‍ക്ക് വിരുദ്ധമാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലവിലെ സംസ്ക്കാരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗാന്ധിയന്‍ ചിന്തകളുടെ നേരേ മറുപുറത്താണ് ഇപ്പോള്‍ കോണ്‍ഗ്രസ് നില്‍ക്കുന്നത്. ഒരുപിടി ഉപ്പ് ഒരു സാമ്രാജ്യത്തെ കുലുക്കിയപ്പോള്‍ എന്ന തലക്കെട്ടോടെ പ്രധാനമന്ത്രിയുടെ ബ്ലോഗിലെ പുതിയ ലേഖനത്തിലാണ് കോണ്‍ഗ്രസിനെ മോദി നിശിതമായി വിമര്‍ശിച്ചത്.
ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ ദണ്ഡി മാര്‍ച്ച് സംഘടിപ്പിക്കുന്നതില്‍ സര്‍ദാര്‍ വല്ലഭഭായ് പട്ടേലിന്റെ സംഘാടക മികവ് ദൃശ്യമായിരുന്നു. മാര്‍ച്ചിന്റെ ആദ്യം മുതല്‍ അവസാനം വരെയുള്ള ഓരോ മിനിറ്റും പട്ടേലാണ് ആസൂത്രണം ചെയ്തത്. കോണ്‍ഗ്രസ് സംസ്ക്കാരത്തില്‍ നിന്ന് ഇന്ത്യയെ മുക്തമാക്കണമെന്ന ഗാന്ധിജിയുടെ ആഗ്രഹം സാക്ഷാത്ക്കരിക്കുന്നതിനാണ് തന്റെ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും മോദി ബ്ലോഗില്‍ കുറിച്ചു.
ദാരിദ്ര്യനിര്‍മാര്‍ജനത്തിനായുള്ള എന്‍ഡിഎ സര്‍ക്കാരിന്റെ ശ്രമങ്ങള്‍ ഗാന്ധിജിയുടെ ആശയങ്ങള്‍ സാക്ഷാത്ക്കരിക്കുന്നതിനാണ്. കേന്ദ്രസര്‍ക്കാരിന്റെ എല്ലാ പ്രവര്‍ത്തനവും ഇതിനെ ലക്ഷ്യമിട്ടുകൊണ്ട് മുന്നോട്ടു പോകുന്നു. അസമത്വവും ജാതി വിവേചനവും അവസാനിക്കണമെന്ന് ഗാന്ധിജി ആഗ്രഹിച്ചെങ്കിലും സമൂഹത്തെ വിഭജിക്കുന്നതില്‍ നിന്ന് കോണ്‍ഗ്രസ് ഒരിക്കലും പിന്നോട്ട് പോയിട്ടേയില്ല. ഏറ്റവും രൂക്ഷമായ ജാതി കലാപവും ദളിത് കൂട്ടക്കൊലയും നടന്നത് കോണ്‍ഗ്രസ് ഭരണകാലത്താണ്, മോദി കുറ്റപ്പെടുത്തി.
അഴിമതിരഹിതമായ ഇന്ത്യയാണ് ഗാന്ധിജി ആഗ്രഹിച്ചത്. എന്നാല്‍ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ അഴിമതിയുടെ ആള്‍രൂപങ്ങളായി നിലകൊണ്ടു. പ്രതിരോധ, ടെലികോം, ജലസേചന, കായിക, കൃഷി, ഗ്രാമ വികസന മേഖലകളില്‍ പോലും കോണ്‍ഗ്രസ് സര്‍ക്കാര്‍ അഴിമതി നടത്തി. അധികമായ സ്വത്ത് സമ്പാദനത്തെ ഗാന്ധിജി എതിര്‍ത്തപ്പോള്‍ എല്ലാ കോണ്‍ഗ്രസ് നേതാക്കളും പാവപ്പെട്ടവരുടെ പണമെടുത്ത് വന്‍ തോതില്‍ സ്വത്ത് സമ്പാദിക്കുകയും ധാരാളിത്തം നിറഞ്ഞ ജീവിതരീതി പിന്തുടരുകയുമായിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ വര്‍ഗീയമായ നീക്കുപോക്കുകള്‍ നടത്തുന്നതില്‍ വ്യാപൃതരാണെന്നും ഗാന്ധിജി കുറ്റപ്പെടുത്തിയിട്ടുണ്ട്, മോദി ബ്ലോഗില്‍ എഴുതി. ദണ്ഡി മാര്‍ച്ചിന്റെ 89-ാം വാര്‍ഷികത്തിലാണ് മോദി ഗാന്ധിജിയെയും കോണ്‍ഗ്രസിനെയും ബന്ധപ്പെടുത്തി ലേഖനം എഴുതിയത്. അഹമ്മദാബാദില്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തക സമിതി യോഗം ചേരുന്ന സമയത്ത് തന്നെയാണ് കോണ്‍ഗ്രസിനെതിരായ ഗാന്ധിജിയുടെ നിലപാടുകള്‍ വ്യക്തമാക്കി മോദിയുടെ ബ്ലോഗ് എന്നതും ശ്രദ്ധേയമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: