ന്യൂദല്‍ഹി: ഏറ്റവും നിര്‍ണായകമായ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സര രംഗത്ത് നിന്ന് വിട്ടുനില്‍ക്കാനുള്ള കോണ്‍ഗ്രസ് നേതാക്കളുടെ ശ്രമത്തിന്റെ അമ്പരപ്പില്‍ ഹൈക്കമാന്‍ഡ്. നിലവിലെ എംപിമാരായ മുല്ലപ്പള്ളി രാമചന്ദ്രന്, കെ.സി. വേണുഗോപാല്‍ അടക്കമുള്ളവര്‍ സംഘടനാ ചുമതലയുടെ പേരില്‍ മത്സരരംഗത്ത് നിന്ന് വിട്ടുനില്‍ക്കുന്നത് കോണ്‍ഗ്രസിനെ ദുര്‍ബലമാക്കി.
ലോക്സഭയിലേക്ക് മത്സരിക്കാതെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മാത്രമേയുള്ളൂവെന്ന ഉമ്മന്‍ചാണ്ടിയുടെ നിലപാടും ദല്‍ഹിയില്‍ നടന്ന സ്ക്രീനിങ് കമ്മിറ്റി യോഗത്തില്‍ സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നതിന് തടസ്സമായി. ഒടുവില്‍ പതിവു പോലെ തീരുമാനം പാര്‍ട്ടി പ്രസിഡന്റ് രാഹുലിന് വിട്ടിട്ടുണ്ട്.
വടകര എംപിയായ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി മത്സരിക്കാനില്ലെന്ന നിലപാടിലാണ്. ആലപ്പുഴ എംപിയായ കെ.സി. വേണുഗോപാല്‍ എഐസിസി ജനറല്‍ സെക്രട്ടറിയുടെ ചുമതലയുള്ളതിനാല്‍ മത്സരിക്കാനില്ലെന്നും വ്യക്തമാക്കി. ഇടുക്കിയില്‍ ഉമ്മന്‍ചാണ്ടിയെ മത്സരിപ്പിക്കാനുള്ള ശ്രമങ്ങളും വിജയിക്കാതെ വന്നതോടെ സ്ക്രീനിങ് കമ്മിറ്റി പ്രതിസന്ധിയിലായി. മുല്ലപ്പള്ളി വടകരയില്‍ തന്നെ മത്സരിക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടെങ്കിലും തന്റെ വാക്കില്‍ മാറ്റമില്ലെന്ന പരസ്യ പ്രസ്താവന നടത്തി മുല്ലപ്പള്ളി ഹൈക്കമാന്‍ഡിനെ കൂടുതല്‍ ബുദ്ധിമുട്ടിലാക്കി. മുല്ലപ്പള്ളി ഇല്ലെങ്കില്‍ ആര്‍എംപി നേതാവ് കെ.കെ. രമയെ പൊതുസ്വതന്ത്രയാക്കി നിര്‍ത്താനാണ് ആലോചന.
തിരുവനന്തപുരത്ത് ശശി തരൂരും കോഴിക്കോട്ട് എം.കെ. രാഘവനും മാവേലിക്കരയില്‍ കൊടിക്കുന്നില്‍ സുരേഷും സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചു. മത്സരിക്കാനില്ലെന്ന് ആദ്യം പറഞ്ഞെങ്കിലും ഒടുവില്‍ മത്സരിക്കാന്‍ തയാറാണെന്ന് അറിയിച്ച കെ. സുധാകരന് കണ്ണൂരില്‍ സ്ഥാനാര്‍ഥിയാകും. വടകരയിലോ വയനാട്ടിലോ ടി. സിദ്ദിഖും ആലപ്പുഴയിലോ കാസര്‍കോട്ടോ പി.സി. വിഷ്ണുനാഥും സ്ഥാനാര്‍ഥികളായേക്കും. 15ന് വീണ്ടും യോഗം ചേര്‍ന്ന ശേഷം അന്തിമപട്ടിക ഹൈക്കമാന്‍ഡിന് കൈമാറുമെന്ന് സ്ക്രീനിങ് കമ്മിറ്റിക്ക് ശേഷം കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: