പതിനേഴാം ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പു നടപടിക്രമങ്ങള്‍ പ്രഖ്യാപിച്ചു. ഇനി രാജ്യം തെരഞ്ഞെടുപ്പുചൂടിലേക്ക്. അഞ്ചു വര്‍ഷത്തെ ഭരണ നേട്ടങ്ങളുമായി ‘ചൗക്കിദാര്‍’ ജനമനസ്സുകളില്‍ നിറഞ്ഞുനില്‍ക്കുമ്പോള്‍ ആ ചൗക്കീദാരെ കള്ളനെന്ന് ചൂണ്ടിക്കാട്ടി മറ്റൊരാള്‍ രംഗത്തുവരുന്നു എന്നതാണ് ഇത്തവണ തെരഞ്ഞെടുപ്പ് രംഗത്തെ ഏറ്റവും ഹാസ്യാത്മകമായ വശം. അറുപതു വര്‍ഷം രാജ്യം ഭരിച്ചതിന്റെ പാപഭാരത്തില്‍ നിന്ന് ഇന്നും പൂര്‍ണമായി കരകയറാന്‍ കഴിയാത്ത അവസ്ഥയുണ്ടായെങ്കില്‍ അതിന് ഉത്തരം പറയേണ്ടവര്‍ എങ്ങനെയെങ്കിലും തട്ടിക്കൂട് ഭരണത്തിനായി ഒരുങ്ങിയിരിക്കുകയാണ്.
ഭാരതത്തെ പ്രഭാവശാലിയായ രാജ്യമാക്കാനുള്ള ശ്രമം അതിന്റെ എല്ലാ ആര്‍ജവത്തോടെയും നടത്തുമ്പോള്‍ അതിനെ എങ്ങനെ തകര്‍ക്കാമെന്നാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. അതിനായി ഛിദ്രശക്തികളെയൊക്കെ കൂടെ കൂട്ടി മഹാഗട്ബന്ധന്‍നിലേക്ക് നീങ്ങുന്നു. രാജ്യത്തെ എങ്ങനെ നയിക്കാമെന്നതിനല്ല അവര്‍ പ്രാധാന്യം കൊടുക്കുന്നത്. ഇപ്പോഴത്തെ ഭരണത്തെ എങ്ങനെ പുറത്തിറക്കാമെന്നതിനാണ്. കാരണം അങ്ങേയറ്റത്തെ സാധാരണക്കാരനും ഭരണത്തിന്റെ തണലുകിട്ടുന്ന സ്ഥിതിവിശേഷമാണ് ഇപ്പോഴുള്ളത്. അങ്ങനെ വരുമ്പോള്‍ രാജ്യം മുടിക്കുന്നവര്‍ക്ക് രക്ഷയുണ്ടാവില്ല. തങ്ങളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് മുമ്പോട്ടുപോകാനാവില്ല. അതുകൊണ്ടാണ് എന്‍ഡിഎ ഭരണകൂടത്തെ അട്ടിമറിക്കാന്‍ തല്‍പരകക്ഷികളെ കൂടെക്കൂട്ടി കോണ്‍ഗ്രസ് രംഗത്തിറങ്ങുന്നത്.
രാജ്യത്തിന്റെ ഭാവിഭാഗധേയം യുവാക്കളിലാണെന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കിയാണ് മോദി ഭരണകൂടം യുക്തിസഹവും ക്രിയാത്മകവുമായി പദ്ധതികളും നടപടികളുമായി മുന്നേറുന്നത്. ‘ജയ്ജവാന്‍ ജയ്കിസാന്‍’ എന്നത് വെറും മുദ്രാവാക്യം മാത്രമല്ലെന്ന് പ്രവൃത്തിയിലൂടെ എന്‍ഡിഎ സര്‍ക്കാര്‍ തെളിയിച്ചു കഴിഞ്ഞു. രാജ്യത്തിന്റെ അഖണ്ഡതയെ അടിയറ വച്ചവരും രാജ്യം ഛിന്നഭിന്നമായിത്തീരണമെന്ന് ആഗ്രഹിച്ച് നടക്കുന്നവരും ഒന്നായി ഇപ്പോഴത്തെ ഭരണകൂടത്തിനെതിരെ രംഗത്താണ്. അവരുടെ കൂട്ടുകെട്ടിന്റെ ഉള്ളറകളിലേക്ക് ചെറുതായൊന്ന് ഊളിയിട്ടാല്‍ തന്നെ താല്‍പര്യം വ്യക്തമാവും. അങ്ങനെ പരിശോധിക്കാനും വിചിന്തനം ചെയ്യാനും ആരും തയാറാവരുതെന്ന അജണ്ട കൈവശമുള്ളതിനാലാണ് ഇന്നത്തെ ഭരണാധികാരിയെ ‘കള്ളനെന്ന്’ മുദ്രകുത്തി പ്രചാരണം നടത്തുന്നത്.
യഥാര്‍ത്ഥ കള്ളന്മാരും കൊള്ളക്കാരും ആരാണെന്ന് ഇതിനകം ജനസാമാന്യം അറിഞ്ഞുകഴിഞ്ഞിട്ടുണ്ട്. ഭരണത്തിന്റെ ആധികാരികതയും അതിലെ സുതാര്യതയും എന്താണെന്ന് ഇന്ന് രാജ്യത്തിലെ കൊച്ചു കുട്ടിക്കു കൂടി അറിയാനായിട്ടുണ്ടെങ്കില്‍ അതിന്റെ ക്രെഡിറ്റ് നിശ്ചയമായും കിട്ടുന്നത് നരേന്ദ്ര മോദി എന്ന ചൗക്കിദാറിനാണ്. അത്തരമൊരാള്‍ കാവല്‍ നില്‍ക്കുന്നതിനാലാണ് കള്ളന്മാര്‍ക്കും കൊള്ളക്കാര്‍ക്കും ഒന്നുംചെയ്യാനാവാത്തത്. അത് അവരെ അക്ഷരാര്‍ഥത്തില്‍ അരിശപ്പെടുത്തിയിട്ടുണ്ട്. അതിന്റെ പ്രതികരണമാണ് പ്രധാനമന്ത്രിക്കുപ്പായം കൊതിച്ചിരിക്കന്നയാളുടെ പ്രലപനങ്ങള്‍.
എങ്ങനെയാണ് കള്ളത്തരം നടത്തേണ്ടതെന്നും കൊള്ളയടിക്കേണ്ടതെന്നും ചിന്തിച്ചിരിക്കുന്നവര്‍ക്ക് അതല്ലാതെ മറ്റൊന്നും തോന്നില്ല. നരേന്ദ്ര മോദിയെ മ്ലേച്ഛമായി വിശേഷിപ്പിക്കുന്നവരുടെ ഉദ്ദേശ്യം വ്യക്തമാണ്. മോദിയുടെ വിദേശയാത്രയെ പരിഹസിച്ചവര്‍ ബാലകോട്ട് സംഭവത്തെ തുടര്‍ന്ന് ആഗോളതലത്തില്‍ പാകിസ്ഥാന്‍ എങ്ങനെ ഒറ്റപ്പെട്ടു എന്ന് വിശകലനം ചെയ്തില്ല. ലോകരാജ്യങ്ങളുമായി നല്ല ബന്ധം സ്ഥാപിച്ചതിന്റെ നിദര്‍ശനമായിരുന്നു അത്. ഇങ്ങനെ ഓരോ കാര്യത്തിലും നരേന്ദ്ര മോദി ആര്‍ജവത്തോടെ ചെയ്ത കാര്യങ്ങളെ വക്രീകരിച്ചും വളച്ചൊടിച്ചും മുമ്പോട്ടുപോവുന്ന സംഘവും ആദര്‍ശ പ്രചോദിതമായ ഭരണനേതൃത്വവും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടലിനാണ് ഏപ്രില്‍ 11 മുതല്‍ ഏഴു ഘട്ടമായി രാജ്യം സാക്ഷ്യം വഹിക്കുന്നത്. കൊള്ളക്കാര്‍ക്ക് രാജ്യം വിട്ടുകൊടുക്കാന്‍ ജനാധിപത്യ ബോധമുള്ള ജനങ്ങള്‍ തയാറാവില്ല എന്നുതന്നെ വിശ്വസിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: