തിരുവനന്തപുരം: കേരളത്തിലെ അമ്മമാരുടെ കണ്ണീരിന് ശമനം വരുത്താന്‍ ആയിരം ദിനത്തിലെ ഭരണത്തില്‍ സാധിക്കാത്തതിലും സംസ്ഥാന സര്‍ക്കാരിന്റെ സ്ത്രീ വിരുദ്ധ നിലപാടിലും പ്രതിഷേധിച്ച് എബിവിപി വനിതാ കൂട്ടായ്‌മ സംഘടിപ്പിച്ചു.
മക്കള്‍ നഷ്ടപ്പെട്ട അമ്മമാര്‍, ഭര്‍ത്താവിനെ നഷ്ടപ്പെട്ട ഭാര്യ, ചെറുപ്പത്തിലെ അച്ഛനെ നഷ്ടപ്പെടുന്ന മക്കള്‍ ഇവരുടെ ദീനരോദനത്തിന് അറുതിവരുത്താതെ നവകേരളത്തിനായി വാദിക്കുന്ന സംസ്ഥാന സര്‍ക്കാരിനെതിരെ എബിവിപി നടത്തുന്ന സമരപരിപാടിയുടെ ക്യാമ്പയ്‌നു തുടക്കം കുറിച്ചാണ് വനിതാ ദിനത്തില്‍ വിദ്യാര്‍ഥിനികള്‍ മാത്രം അണിനിരന്ന വനിതാകൂട്ടായ്‌മ സെക്രട്ടേറിയേറ്റ് പടിക്കല്‍ സംഘടിപ്പിച്ചത്. എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി അപര്‍ണ വനിതാകൂട്ടായ്‌മ ഉദ്ഘാടനം ചെയ്തു.
രാഷ്‌ട്രീയ കൊലപാതകങ്ങളുടെ വാള്‍മുനയില്‍ കൊല്ലപ്പെടുന്നവരെക്കുറിച്ച് സമൂഹം ചര്‍ച്ചചെയ്യുമ്പോള്‍ അതിന്റെ ദുഃഖം പേറി വീടുകളില്‍ തളച്ചിടുന്നവരെക്കുറിച്ച് ആരും ചര്‍ച്ച ചെയ്യുന്നില്ലെന്ന് അപര്‍ണ പറഞ്ഞു. സംസ്ഥാന സെക്രട്ടറി മനു, ദേശീയ സമതി അംഗം സ്റ്റിനിജോണ്‍, രേഷ്മ ബാബു, സംസ്ഥാന ഭാരവാഹികളായ ശരണ്യ, ആതിര, കൃപ തുടങ്ങിയവര്‍ സംസാരിച്ചു.
















