ഇസ്ലാമബാദ് : പാക്കിസ്ഥാനില്‍ ഇന്ത്യന്‍ വ്യോമസേനയുടെ ആക്രമണത്തില്‍ പാക് മദ്രസ വിദ്യാര്‍ത്ഥികളുടെ പ്രതികരണങ്ങള്‍ പുറത്ത്. വന്‍ സ്‌ഫോടനമുണ്ടായപ്പോള്‍ സൈന്യമെത്തി തങ്ങളെ ഒഴിപ്പിച്ചെന്ന് ബാലകോട്ടിലെ ജെയ്‌ഷെ ഇ മുഹമ്മദ് മദ്രസ്സ വിദ്യാര്‍ത്ഥികള്‍ ബന്ധുക്കളോട് പറഞ്ഞതായാണ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.
ഇന്ത്യ നടത്തിയ ആക്രമണത്തെ പാക്കിസ്ഥാന്‍ നിഷേധിക്കുന്നതിനിടെയാണ് ജെയ്‌ഷെ ഇ മുഹമ്മദ് സെമിനാരിയിലെ മദ്രസ തലീം ഉല്‍ ഖുറില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ ഈ വെളിപ്പെടുത്തല്‍. ഇന്ത്യന്‍ സൈന്യം ആക്രമണം നടത്തിയതിന് പിന്നാലെ മദ്രസകളിലെ വിദ്യാര്‍ത്ഥികളെ അവിടെ നിന്ന് സുരക്ഷിതമായ മറ്റൊരു സ്ഥാനത്തേക്ക് മാറ്റിയിരുന്നു. പിന്നീട് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇവരെ അവരുടെ വീടുകളിലേക്ക് അയച്ചത്. ആക്രമണം നടക്കുമ്പോള്‍ മദ്രസയിലുണ്ടായിരുന്ന വിദ്യാര്‍ത്ഥിയുടെ ബന്ധു വഴിയാണ് ഈ വിവരങ്ങള്‍ പുറത്തെത്തിയത്.
ഫെബ്രുവരി 26ന് പുലര്‍ച്ചെയായിരുന്നു സൈന്യത്തിന്റെ ആക്രമണം. അതിരാവിലെ സ്‌ഫോടനത്തിന്റെ ശബ്ദം കേട്ടെങ്കിലും പിന്നീട് ഒച്ചയൊന്നും കേള്‍ക്കാത്തതിനാല്‍ തങ്ങള്‍ ശ്രദ്ധിച്ചില്ലെന്നാണ് വിദ്യാര്‍ത്ഥി പറഞ്ഞതെന്നാണ് റിപ്പോര്‍ട്ട്. ഉണര്‍ന്നെഴുന്നേറ്റപ്പോള്‍ തങ്ങളെ മദ്രസയില്‍ നിന്ന് മാറ്റാനായി സൈന്യം എത്തിയിരുന്നെന്നും വിദ്യാര്‍ത്ഥി പറഞ്ഞു.
















