അടുത്ത രണ്ട് സൂത്രങ്ങളിലൂടെ ജ്യോതിശ്ചരണാധികരണം പൂര്‍ത്തിയാവുന്നു.
സൂത്രം – ഭൂതാദിപാദവ്യപദേശോപപത്തേശ്ചൈവം
(ഭൂതാദി പാദ വ്യപദേശ ഉപ പത്തേ: ച ഏവം )
ഭൂതങ്ങള്‍ മുതലായ പാദങ്ങളെ പറഞ്ഞിട്ടുള്ളതിന്റെ ഔചിത്യം കൊണ്ടും ഇങ്ങനെ തന്നെയാകുന്നു.
ഭൂതം മുതലായ പാദങ്ങളെ വേണ്ട വിധം പറഞ്ഞതിനാല്‍ മുന്‍ വാക്യത്തിലുള്ളത് ബ്രഹ്മമെന്ന് കല്പിക്കണം. അങ്ങനെ ആയാലേ ശരിയാകൂ.
ഭൂതം, പൃഥ്വി, ശരീരം, ഹൃദയം എന്നീ നാലെണ്ണത്തെയാണ് ആദ്യം പറഞ്ഞത്. തുടര്‍ന്ന് ‘ സൈഷാ ചതുഷ്പദാഷഡ് വിധാ ഗായത്രീ ‘ എന്നതില്‍ ഗായത്രി നാലു പാദങ്ങളും ആറ് അക്ഷരങ്ങളുമുള്ളതാണെന്ന് പറഞ്ഞിട്ടുണ്ട്. അത് ബ്രഹ്മത്തെ സൂചിപ്പിക്കുന്നതാണ്. അങ്ങനെയല്ലെങ്കില്‍ വെറു
മൊരു ഛന്ദസ്സിന് ഭൂതം മുതലായ നാല്പാദങ്ങള്‍ എങ്ങനെയുണ്ടാകും. താവാനസ്യ മഹിമാ എന്നാല്‍ ബ്രഹ്മത്തിന്റെ മഹിമയെയാണ് പറയുന്നത്. ബ്രഹ്മത്തെയാണ് ആശ്രയിക്കേണ്ടത്. അതിനാല്‍ ഗായത്രിയും ബ്രഹ്മവും ഒന്നു തന്നെയെന്നറിയണം.
ഛാന്ദോഗ്യോപനിഷത്തിലെ ഗായത്രീ വര്‍ണനം കേവലം ഛന്ദസ്സിന്റെയല്ല എന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം. നേരത്തെ ഗായത്രി രൂപത്തില്‍ ബ്രഹ്മത്തെയാണ് ഉദേശിക്കുന്നത് എന്ന് പറഞ്ഞിരുന്നു. ഈ അഭിപ്രായത്തെ ഒന്ന് കൂടി ഉറപ്പിക്കുകയാണ് ഈ സൂത്രത്തിലൂടെ.
ബ്രഹ്മത്തിന്റെ നാല് പാദങ്ങളില്‍ ഒന്ന് ചരാചരാത്മക പ്രപഞ്ചമായെന്നും മറ്റ് മൂന്നും അമൃത സ്വരൂപമായി ഉപരിലോകത്തിലിരിക്കുന്നും വര്ണിച്ചതിനെ പിന്തുണയ്ക്കുകയാണ് ഈ സൂത്രം. മുന്‍സൂത്രത്തെ പൂര്‍ണ്ണമായും ശരി വെക്കുന്നു ഇത്.
സൂത്രം – ഉപദേശാഭേദാന്നേതി ചേത് ന, ഉഭയസമിന്നപ്യവിരോധാത്
(ഉപദേശഭേദാത് ന ഇതി ചേത് ന ഉഭയസ്മിന് അപി അവിരോധാത്)
ലക്ഷണത്തെ പറഞ്ഞിട്ടുള്ളതില്‍ വ്യത്യാസമുള്ളതിനാല്‍ ഇത് ബ്രഹ്മമല്ല എന്നാണെങ്കില്‍ അങ്ങനെയല്ല, രണ്ടിലും തമ്മില്‍ വിരോധമില്ലാത്തതിനാല്‍ ബ്രഹ്മം തന്നെയാണ്.
ശ്രുതിയില്‍ ഒരിടത്ത് ‘ത്രിപാദസ്യാമൃതം ദിവി’ എന്ന് സപ്തമി വിഭക്തിയില്‍ പറയുന്നു. മറ്റൊരിടത്ത് ‘അഥ യദത: പരോ ദിവ:’ എന്ന് ഷഷ്ഠി വിഭക്തിയിലുമാണ് പറയുന്നത്. അതിനാല്‍ രണ്ടും വേറെയായിരിക്കുമെന്നാണ് പൂര്‍വ്വപക്ഷത്തിന്റെ വാദം. അത് ശരിയല്ല. കാരണം രണ്ടും തമ്മില്‍ വിരോധമില്ല. സപ്തമിയില്‍ ആധാരമായും ഷഷ്ഠിയില്‍ അവധിയായി പറഞ്ഞാലും ഒരേ അര്‍ത്ഥം കിട്ടും. കിളി മരത്തിന്റെ കൊമ്പിലിരിക്കുന്നു എന്നതും കിളി മരത്തിലിരിക്കുന്നു എന്നതും ഒന്നു തന്നെയാണ്.
പരോദിവ: എന്ന് ജ്യോതി: ശ്രുതിയിലും അമൃതം ദിവി എന്ന് ഗായത്രീ ശ്രുതിയിലും പറയുന്നത് ബ്രഹ്മത്തിന് പറ്റിയത് തന്നെയാണ്.
വര്‍ണനയുടെ ശൈലിയിലും വാക്കുകളിലും വ്യത്യാസമുണ്ടാകാമെങ്കിലും താല്പര്യത്തില് മാറ്റമില്ല. ജ്യോതിരൂപത്തിലും ഗായത്രീരൂപത്തിലും വര്‍ണിച്ച ബ്രഹ്മത്തിന്റെ പരമമായ അവസ്ഥയെ കാണിച്ചു തരുന്നതാണ് ശ്രുതിയുടെ ലക്ഷ്യം. അത് രണ്ട് വിവരണത്തിലും ഉണ്ട്. അതിനാല്‍ അവ രണ്ടും രണ്ട് വസ്തുവിന്റെ വിവരണമല്ല ഏകമായ ബ്രഹ്മത്തെക്കുറിച്ചെന്ന് ഉറപ്പിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: