ഹൈദരാബാദ്: ആന്ധ്രാപ്രദേശ് ഭരണകക്ഷിയായ തെലുങ്കുദേശം പാര്‍ട്ടി (ടിഡിപി)ക്കു വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയിരുന്ന സ്വകാര്യ ഐടികമ്പനിയില്‍ നിന്നും വോട്ടര്‍മാരുടെ വിശദാംശങ്ങള്‍ അടങ്ങിയ വിലപ്പെട്ട രേഖകള്‍ പിടിച്ചെടുത്തു. മധപ്പൂരിലുള്ള ഗ്രിഡ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയില്‍ തെലുങ്കാന പോലീസ് നടത്തിയ പരിശോധനയിലാണ് വോട്ടര്‍മാരുടെ ആധാര്‍ നമ്പര്‍ അടക്കമുള്ള രേഖകള്‍ കണ്ടെത്തിയത്.
ഡേറ്റാ വിശകലന വിദഗ്ധന്‍ തുമ്മല ലോകേശ്വര റെഡ്ഡി നല്കിയ പരാതിയിലാണ് മധപ്പൂര് പോലീസ് പരിശോധന നടത്തിയത്. ആന്ധ്രാപ്രദേശില്‍ തെരഞ്ഞെടുപ്പ് വിശകലന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ലോകേശ്വര നടത്തിയ പഠനത്തിലാണ് വോട്ടര്‍മാരുടെ മുഴുവന്‍ വിശദാംശങ്ങളും അടങ്ങിയ സോഫ്റ്റ്വെയര് ടിഡിപി പ്രവര്‍ത്തകര്‍ ഉപയോഗിക്കുന്നതായി മനസ്സിലായത്.
സേവാമിത്ര എന്ന പേരിലാണ് വോട്ടര്‍മാരുമായി ആശയപ്രചാരണം നടത്താന്‍ സാധിക്കുന്ന ആപ്ലിക്കേഷന്‍ ഐടി ഗ്രിഡ് വികസിപ്പിച്ചെടുത്തത്. ടാബിലും മൊബൈല്‍ ഫോണിലും ഉപയോഗിക്കാവുന്ന ആപ്ലിക്കേഷനാണിത്.
ഇതോടൊപ്പം പാര്‍ട്ടിയുടെ ഔദ്യോഗിക വെബ്സൈറ്റ്, ഫേസ്ബുക്ക് എന്നിവയുമായി സേവാമിത്ര ബന്ധപ്പെടുത്തിയിരിക്കുന്നു. ടിഡിപി പ്രവര്‍ത്തകര്‍ക്ക് വോട്ടര്‍മാരുടെ കൃത്യമായ വിവരങ്ങള്‍ ലഭ്യമാക്കാനാണ് ഈ ആപ്പ് ഉപയോഗിക്കുന്നത്.
വിസാഗിലുള്ള മറ്റൊരു ഐടി കമ്പനിയായ ബ്ലൂഫോര്ഗ് മൊബൈല്‍ ടെക്നോളജീസ് എന്ന സ്ഥാപനമാണ് സര്‍ക്കാര്‍ പദ്ധതികളും പ്രവര്‍ത്തനങ്ങളും ജനങ്ങളില്‍ എത്തിക്കാനുള്ള പ്രചാരണത്തിന് ഉപയോഗിക്കുന്നത്.
സര്‍ക്കാര്‍ പദ്ധതികളുടെ മറവില്‍ ബ്ലൂഫോര്ഗിന് ഗുണഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ വലിയ അളവില്‍ സര്‍ക്കാര്‍ കൈമാറിയിട്ടുണ്ട്. ജനസംഖ്യാപരം, ഭൂമിശാസ്ത്രപരം, പേര്, മേല്‍വിലാസം, വയസ്സ്, ലിംഗം, ആധാര്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങളാണ് കൈമാറിയിരിക്കുന്നത്.
ആന്ധ്രാപ്രദേശ് സ്മാര്‍ട്ട് പ്ലസ് സര്‍വെ, സ്റ്റേറ്റ് റെസിഡന്റ് ഡേറ്റാ ഹബ്, ഹൈദരാബാദ് കാവേരി ഡാറ്റാ മാനേജ്മെന്റ് സര്‍വീസ് ലിമിറ്റഡ് നടത്തിയ പ്രജാ സാദിക്കകര വേദിക സര്‍വെ, സംസ്ഥാന സര്‍ക്കാര്‍ ഐവിആര്‍എസ് സര്‍വെ എന്നിവയിലൂടെ ലഭ്യമായ രേഖകളാണ് കൈമാറിയിരിക്കുന്നത്. ബ്ലൂഫോര്ഗിന്റെ കൈവശമുള്ള രേഖകളും ഐടി ഗ്രിഡ്ഡിന് നല്‍കിയിട്ടുണ്ട്.
പോലീസ് നടത്തിയ പരിശോധനയില്‍ കമ്പനിയില്‍ നിന്ന് കമ്പ്യൂട്ടര്‍, രേഖകള്‍ സൂക്ഷിച്ചിരുന്ന ഹാര്‍ഡ് ഡിസ്ക്കുകള്‍ എന്നിവ പിടിച്ചെടുത്തു. കമ്പനി അധികാരികള്‍ക്കെതിരെ സര്‍ക്കാരില്‍ നിന്ന് ഗുണഭോക്താക്കളുടെ വിവരങ്ങള്‍ മോഷണം നടത്തി, തെരഞ്ഞെടുപ്പില്‍ ക്രമക്കേട് കാണിക്കാന്‍ ശ്രമിച്ചു, ഗൂഡാലോചന, വഞ്ചന തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസെടുത്തു.
ഐടി കമ്പനിയില്‍ നടത്തിയ പരിശോധന മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനും മകന് ലോകേഷിനും കനത്ത ആഘാതമാണ് നല്‍കിയിരിക്കുന്നത്. ബിജെപി തെരഞ്ഞെടുപ്പില്‍ കൃത്രിമം കാണിക്കുന്നുവെന്ന് വ്യാജ പ്രചാരണം നടത്തുന്നതില്‍ മുന്പില് ചന്ദ്രബാബുനായിഡുവാണ്.
എന്നാല്‍ ഇപ്പോള്‍ സ്വയം പിടിക്കപ്പെട്ടതോടെ പ്രതിരോധത്തിലായിരിക്കുകയാണ് ചന്ദ്രബാബുനായിഡു. യുപിഎക്കൊപ്പമായ ചന്ദ്രബാബുനായിഡുവിനെ തള്ളാനും കൊള്ളാനും പറ്റാത്ത അവസ്ഥയിലാണ് കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍. ലോകേഷ് ട്വിറ്ററിലൂടെ ആരോപണങ്ങള്‍ നിഷേധിച്ചെങ്കിലും ചന്ദ്രബാബുനായിഡു പ്രതികരിച്ചിട്ടില്ല.
അധികാരം നഷ്ടപ്പെടുമെന്ന ഭയത്താലാണ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ടിഡിപി ശ്രമിക്കുന്നതെന്ന് ബിജെപി അടക്കമുള്ള പ്രതിപക്ഷം ആരോപിച്ചു.
വോട്ടര്‍ പട്ടികയില്‍ നിന്ന് പേരു നീക്കം ചെയ്യാനും ശ്രമം
സേവാമിത്രയില് നിന്നു ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ടിഡിപി പാര്‍ട്ടി പ്രവര്‍ത്തകര്‍ പരിശോധനകള്‍ നടത്തി ഭരണകക്ഷിക്കെതിരായവരുടെ പേരുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യാനുള്ള ശ്രമം തുടരുകയാണ്. ഇത്തരത്തില്‍ നൂറുകണക്കിന് വോട്ടര്‍മാരെയാണ് ഓരോ നിയോജമണ്ഡലത്തിലും ടിഡിപി പ്രവര്‍ത്തകര്‍ നീക്കം ചെയ്തിരിക്കുന്നത്.
ഡാറ്റാ ശേഖരണത്തില്‍ വിദഗ്ധനായ അശോക് ദാക്കാവാരം ആണ് കമ്പനിയുടെ ഉടമ. ഇയാള്‍ നേരത്തെ യുകെയില്‍ ഐടി കമ്പനി നടത്തിയിരുന്നു. ഹൈദരാബാദില്‍ എത്തി ുമൃ്യേമിമഹ്യേെ.രീാ എന്ന ഐടികമ്പനി ആരംഭിച്ചു.
ഇതിനു ശേഷം വികസിപ്പിച്ചെടുത്തതാണ് പുതിയ ആപ്ലിക്കേഷന്‍. 13 സംസ്ഥാനങ്ങളിലെ വോട്ടര്‍മാരുടെ വിവരങ്ങള്‍ ഈ കമ്പനി ചോര്‍ത്തിയെടുത്തതായാണ് വിവരം. ഒരു നിയോജകമണ്ഡലത്തിലെ വിവരം കൈമാറാന്‍ ഒരു സ്ഥാനാര്‍ത്ഥിയില്‍ നിന്ന് 1.5ലക്ഷം രൂപ ഇയാള്‍ വാങ്ങുന്നത്.
നേരത്തെ വിവിധ സ്ഥാനാര്‍ത്ഥികള്‍ക്കായി പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായാണ് കമ്പനിയുടെ അവകാശവാദം. വോട്ടര്‍മാരുടെ വിവരങ്ങള്‍ ശേഖരിക്കുകയും ജയ, പരാജയങ്ങള്‍ മുന്‍കൂട്ടി അറിയിക്കുകയും ചെയ്തിരുന്നതായാണ് കമ്പനിയുടെ അവകാശവാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: