വാഷിങ്ടണ്‍ : യുഎസില്‍ മൂന്നു വയസ്സുകാരി ഷെറിന്‍ മാത്യൂസിനെ കൊലപാതകക്കേസില്‍ അറസ്റ്റിലായിരുന്ന വളര്‍ത്തമ്മ സിനി മാത്യൂസിനെ വെറുതെ വിട്ടു. സിനിക്കെതിരെ തെളിവുകള്‍ ഇല്ലെന്ന കണ്ടെത്തലിലാണ് വെറുതെ വിട്ടത്.
ഡള്ളാസ് ജില്ലാ അറ്റോര്‍ണി ഓഫീസിന്റേതാണ് ഈ നടപടി. എന്നാല്‍ കൊലപാതകക്കുറ്റം ചുമത്തിയിരിക്കുന്നതിനാല്‍ സിനിയുടെ ഭര്‍ത്താവ് മാത്യൂസിന് വിചാരണ നേരിടണം.
സിനിക്കെതിരെ അടുത്തമാസം വിചാരണ തുടങ്ങാനിരിക്കേയാണ് പ്രോസിക്യൂഷന്റെ ഈ നടപടി. കേസില്‍ 20 വര്‍ഷം വരെ തടവ് ശിക്ഷ അനുഭവിക്കാന്‍ സാധ്യതയുള്ള കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരുന്നത്. അതേസമയം ജയിലില്‍ നിന്ന് പുറത്തുവന്ന സിനി മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായില്ല.
2017 ഓക്ടോബറിലാണ് ദത്ത്പുത്രിയായ ഷെറിനെ വീട്ടിലാക്കി സിനിയും ഭര്‍ത്താവ് മാത്യൂസും സ്വന്തം കുഞ്ഞിനേയും കൊണ്ട് പുറത്ത് ഭക്ഷണം കഴിക്കാനായി പോയത്. തിരിച്ചെത്തിയപ്പോള്‍ ഷെറിനെ കാണാതാവുകയും പിന്നീട് വീടിന് ഒരു കിലോമീറ്റര്‍ അകലെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
സ്വന്തം കുഞ്ഞിനൊപ്പം പുറത്തുപോയപ്പോള്‍ വളര്‍ത്തുമകളായ ഷെറിനെ സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളില്‍ ഉപേക്ഷിത്തെന്നതാണ് ഇവര്‍ക്കെതിരെയുള്ള കേസ്. എന്നാല്‍ സിനി പുറത്തു പോയതിന്റേയോ, ഭക്ഷണം കഴിച്ചതിന്റേയോ ബില്ലുകളോ, സാക്ഷികളേയോ കണ്ടെത്താന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് ഇവരെ കുറ്റവിമുക്തയാക്കിയത്. അപകടം നടന്ന് 15 മാസത്തിന് ശേഷമാണ് ഇവര്‍ മോചിതയാകുന്നത്.
















