അബുദാബി: ഇസ്ലാമിക് രാജ്യങ്ങളുടെ അന്താരാഷ്‌ട്ര സമ്മേളനത്തില്‍ തീവ്രവാദ വിഷയം ഇന്ത്യയുടെ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഉന്നയിച്ചേക്കും. സമ്മേളനത്തില്‍ വിശിഷ്ടാതിഥിയായി ആണ് ഇന്ത്യയെ പ്രതിനിധീകരിച്ച് സുഷമ സ്വരാജ് പങ്കെടുക്കുന്നത്. ഇന്നും നാളെയുമായി അബുദാബിയിലാണ് ഇസ്ലാമിക രാഷ്‌ട്രങ്ങളിലെ അന്താരാഷ്‌ട്ര സമ്മേളനം നടക്കുന്നത്.
തീവ്രവാദത്തിനെതിരെ ഒന്നിച്ച് നില്‍ക്കുക എന്ന ലക്ഷ്യം കൂടുതല്‍ ഊര്‍ജിതപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാകും സുഷമ സ്വരാജ് ഈ വിഷയം സമ്മേളനത്തില്‍ ഉയര്‍ത്തുക. സുഷമയെ ക്ഷണിച്ചതില്‍ പ്രതിഷേധിച്ച് പാക്കിസ്ഥാന്‍ സമ്മേളനത്തില്‍ നിന്ന് പിന്മാറിയിരുന്നു. ബലാകോട്ട് പ്രത്യാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയെ ഒഴിവാക്കണമെന്നാണ് പാകിസ്ഥാന്‍ ആവശ്യപ്പെട്ടിരുന്നത്,
എന്നാല്‍ ഇത് യുഎഇ അംഗീകരിച്ചില്ല. ഈ സാഹചര്യത്തിലാണ് യോഗം തന്നെ ബഹിഷ്‌കരിക്കുന്നുവെന്നും സമ്മേളനത്തില്‍ നിന്ന് പിന്‍മാറുന്നുവെന്നും പാകിസ്ഥാന്‍ വ്യക്തമാക്കിയത്. പുല്‍വാമ ഭീകരാക്രമണത്തിന് ബദലായി ബാലാകോട്ടില്‍ ഇന്ത്യ പ്രത്യാക്രമണം നടത്തിയത് അവകാശത്തിന് മേലുള്ള കടന്നു കയറ്റമായാണ് പാകിസ്ഥാന്‍ ചിത്രീകരിക്കുന്നത്.
എന്നാല്‍ നയതന്ത്രമേഖലയില്‍ പാകിസ്ഥാന് കൃത്യമായ ന്യായീകരണങ്ങളില്ല. അമേരിക്കയും യുഎന്നും ഉള്‍പ്പടെ ഇന്ത്യക്ക് പിന്തുണയുമായി എത്തിയത് പാകിസ്ഥാന് വന്‍ തിരിച്ചടിയാണ്. സൈനിക നടപടി സ്വീകരിക്കരുതെന്നും അതിര്‍ത്തിയിലെ ഭീകരക്യാംപുകള്‍ ഒഴിപ്പിക്കണമെന്നും പാകിസ്ഥാനോട് അമേരിക്ക ആവശ്യപ്പെടുകയും ചെയ്തിരുന്നു.
















