കോട്ടയം: സംസ്ഥാന സര്‍ക്കാരിന്റെ നോണ്‍ ബാങ്കിങ് കമ്പനിയായ കെഎസ്എഫ്ഇയ്ക്ക് ഇടപാടുകാരില്‍ നിന്ന് പിരിഞ്ഞുകിട്ടാനുള്ള കുടിശിക 2517 കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ പത്ത് വര്‍ഷത്തെ കണക്കുകള്‍ അനുസരിച്ച് കെഎസ്എഫ്ഇയുടെ സഞ്ചിതനിക്ഷേപം ശക്തിപ്പെടുത്താന്‍ കഴിയുന്നത്ര തുകയാണ് വര്‍ഷങ്ങളായി കുടിശികയില്‍ രേഖപ്പെടുത്തി ഫയലുകളില്‍ വിശ്രമിക്കുന്നത്. ഇതില്‍ ഓരോ വര്‍ഷവും ഭീമമായ വര്‍ധനയാണ് അനുഭവപ്പെട്ടുവരുന്നത്. 2007ല്‍ 155.14 കോടിയായിരുന്ന കുടിശികയാണ് 2018 എത്തിയപ്പോഴേക്കും 2517 കോടി ആയിരിക്കുന്നത്.
50 ലക്ഷം മുതല്‍ ഒരു കോടിക്കുമേല്‍ ബാധ്യതയുള്ളവര്‍ നിരവധിയാണ്. എന്നാല്‍ ഇവര്‍ക്കുമേല്‍ കാര്യമായ നടപടികള്‍ കൈക്കൊള്ളുവാന്‍ കഴിയാറില്ല. കാലാകാലങ്ങളില്‍ ഭരണത്തിലെത്തുന്നവരുടെ ഇച്ഛയ്ക്കനുസരിച്ച് രൂപീകൃതമാകുന്നതാണ് കെഎസ്എഫ്ഇയുടെ ഭരണ നിര്‍വഹണബോര്‍ഡ്. ഇവരുടെ രാഷ്ട്രീയ താല്‍പ്പര്യം മുന്‍നിര്‍ത്തിയുള്ള നയ തീരുമാനങ്ങളാണ് ഇത്തരം കുടിശികകള്‍ വര്‍ധിക്കാന്‍ മുഖ്യകാരണമായി സാമ്പത്തിക മേഖലയിലുള്ളവര്‍ ചൂണ്ടിക്കാട്ടുന്നത്.
പണമിടപാട് സ്ഥാപനമെന്ന നിലയില്‍ പൊതുമേഖല-സ്വകാര്യ ബാങ്കിങ് മേഖലയിലെ ഉദ്യോഗസ്ഥതല സംവിധാനങ്ങളൊക്കെ കെഎസ്എഫ്ഇ യിലുമുണ്ട്. കുടിശിക പിരിച്ചെടുക്കാന്‍ വേണ്ടി മാത്രം പ്രത്യേക റവന്യു റിക്കവറി വിഭാഗങ്ങളുമുണ്ട്. പക്ഷേ, വാര്‍ഷിക കണക്കില്‍ കുടിശികതുക വര്‍ധിക്കുകയല്ലാതെ കുറഞ്ഞുകാണാറില്ല.
ലോണ്‍-ചിട്ടി ഇനങ്ങളില്‍ അമ്പത് ലക്ഷത്തിന് മേല്‍ ബാധ്യതയുള്ളവരുടെ പട്ടിക ആവശ്യപ്പെട്ട് വിവരാവകാശം നല്കിയവരോട് കെഎസ്എഫ്ഇയുടെ വിശദീകരണവും വിചിത്രമായിരുന്നു. അരക്കോടി മുതല്‍ കോടികള്‍ വരെ നല്കാനുള്ളവരുടെ പേരുവിവരങ്ങള്‍ ക്രോഡീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന വാദമാണ് ചോദ്യകര്‍ത്താവിന് കെഎസ്എഫ്ഇ മറുപടി നല്‍കിയിരിക്കുന്നത്.
കെഎസ്എഫ്ഇയില്‍ 2000 മുതല്‍ 2018 വരെയുള്ള വാര്‍ഷിക കുടിശിക വിവരങ്ങളാണ് ആരാഞ്ഞതെങ്കിലും അധികൃതര്‍ നല്‍കിയിരിക്കുന്നത് 2007 മുതലാണ്. 2012 മുതലാണ് കുടിശിക വന്‍തോതില്‍ വര്‍ധിച്ചിരിക്കുന്നത്.
ഓരോ വര്‍ഷവും ഇത് ഏതാണ്ട് 500 കോടിക്കുമേല്‍ ശരാശരി വരും. ധനവിനിയോഗ സ്ഥാപനമാകുമ്പോള്‍ ഇത്തരത്തിലുള്ള ബാധ്യതകളൊക്കെ വരുമെന്നും, ഇത് ഗുരുതരമായ പ്രശ്നങ്ങളല്ലെന്നുമുള്ള മറുപടിയാണ് കമ്പനി അധികൃതരില്‍ നിന്ന് ഉണ്ടാകുന്നത്.
കെഎസ്എഫ്ഇക്ക് 2007 മുതല്‍ 2018വരെ ലഭിക്കുവാനുള്ള തുക
2007 – 155.14 കോടി രൂപ
2008-166.73,,
2009 – 188.14 ,,
2010 – 234.04 ,,
2011 – 330.09 ,,
2012 – 400.46 ,,
2013 – 481.99 ,,
2014 – 729.24 ,,
2015 – 1085.21 ,,
2016 – 1521.07 ,,
2017 – 2103.00 ,,
2018 – 2517.00 കോടി രൂപ
പ്രതികരിക്കാൻ ഇവിടെ എഴുതുക: