കോട്ടയം: കോട്ടയം അതിരൂപതയുടെ ക്നാനായ കുടുംബസംഗമത്തിന്റെ സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യുന്നതിനെതിരെ ക്നാനായ കത്തോലിക്ക നവീകരണ സമിതി രംഗത്ത്. കോട്ടയം ജില്ലയിലെ കൈപ്പുഴയില്‍ 24നാണ് ഉദ്ഘാടന ചടങ്ങ്.
ക്നാനായ സഭയിലെ അംഗങ്ങള്‍ മറ്റൊരു ക്രൈസ്തവ സഭയില്‍പ്പെട്ട പെണ്കുട്ടിയേയോ, ആണ്കുട്ടിയേയോ വിവാഹം ചെയ്താല്‍ അവരെ ക്നാനായ സഭ പുറത്താക്കും. 1945 മുതല്‍ ഇതുവരെ സഭ പുറത്താക്കിയത് 1,70,000 പേരെയാണ്. ഇഷ്ടപ്പെട്ട ആളെ വിവാഹം ചെയ്തതിന്റെ പേരിലുള്ള ഈ വിവേചനം നിലനില്‍ക്കെ, നവോത്ഥാനവും സ്ത്രീ സമത്വവും പറയുന്ന മുഖ്യമന്ത്രി പിണറായി വിജയന് ക്നാനായ കത്തോലിക്ക കുടുംബസംഗമത്തില്‍ പങ്കെടുക്കുന്നതിനെയാണ് നവീകരണ സമിതി എതിര്‍ക്കുന്നത്.
സഭ മാറി വിവാഹം ചെയ്താല്‍ ക്നാനായ സമൂഹത്തിന്റെ വംശശുദ്ധിയും രക്തശുദ്ധിയും നഷ്ടപ്പെടുമെന്നാണ് ക്നാനായ കത്തോലിക്കാ സഭാ നേതൃത്വം വിശ്വാസികളോട് പറയുന്നത്. ഇത് ദുരഭിമാന ഊരുവിലക്കിന് തുല്യമാണ്. ഭരണഘടനയുടെ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് പറയുന്ന മുഖ്യമന്ത്രി ക്നാനായ സമൂഹത്തിലെ ദുരാചരങ്ങള്ക്കും അയിത്താചാരങ്ങള്‍ക്കും എതിരെ ശബ്ദിക്കണമെന്നാണ് നവീകരണ സമിതിയുടെ നിലപാട്. സീറോ മലബാര്‍ സഭയുടെ ഭാഗമായ കോട്ടയം രൂപതയിലെ ദുരാചാരങ്ങള്‍ക്ക് ഇരയായി ക്നാനായ സമൂഹത്തില്‍ നിന്നും പുറത്തായ ആയിരക്കണക്കിന് വിശ്വാസികളുടെ വികാരം മുഖ്യമന്ത്രി മാനിക്കണമെന്നാണ് നവീകരണ സമിതി ആവശ്യപ്പെടുന്നത്.
ആചാരം ലംഘിക്കാനുള്ളതാണെന്ന് ശബരിമലയുടെ കാര്യത്തില്‍ പറഞ്ഞ മുഖ്യമന്ത്രി ക്നാനായ സമൂഹത്തിലെ ദുരാചാരത്തില്‍ എന്ത് നിലപാട് എടുക്കുമെന്നും ഇവര്‍ ചോദിക്കുന്നു. നവോത്ഥാനവും സ്ത്രീ സമത്വവും ഹിന്ദു വിശ്വാസികള്‍ക്ക് മാത്രമാണോ ബാധകമെന്ന ചോദ്യവും നവീകരണ സമിതി ഉയര്‍ത്തുന്നുണ്ട്.
കോട്ടയം ജില്ലയിലെ കടുത്തുരുത്തി, ഉഴവൂര്‍, ചുങ്കം, കിടങ്ങൂര്‍, മലബാറിലെ കുടിയേറ്റ മേഖലകളിലെല്ലാം കൂടി എണ്‍പതിനായിരം വിശ്വാസികളാണ് ക്നാനായ സമൂഹത്തിലുള്ളത്.
മുഖ്യമന്ത്രിക്ക് നിവേദനം നല്കി
കോട്ടയം: ക്നാനായ കത്തോലിക്ക സമൂഹത്തിലെ ദുരാചാരങ്ങള്‍ക്കും ദുരഭിമാന ഊരുവിലക്കിനെതിരെയും ഭരണഘടന അനുശാസിക്കുന്ന തുല്യനീതിക്കുവേണ്ടിയും നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ക്നാനായ കത്തോലിക്ക നവീകരണ സമിതി മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കിയതായി ജനറല്‍ സെക്രട്ടറി ലൂക്കോസ് മാത്യൂസ്, സെക്രട്ടറി സി.എം.സിറിയക്, ഖജാന്‍ജി സി.കെ. പുന്നന്‍ എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: