കാസര്‍കോട്: കാസര്‍കോട് പെരിയ കല്യോട്ട് സിപിഎമ്മുകാര്‍ വെട്ടിക്കൊന്ന കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബങ്ങളെ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് കോണ്‍ഗ്രസ്സിന്റെ സഹായം തേടി. ഇന്നലെ വിവിധ പരിപാടികള്‍ക്കായി ജില്ലയിലെത്തിയപ്പോഴാണ് സഹായമഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രിക്കുവേണ്ടി പി.കരുണാകരന് എംപിയും സിപിഎം ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണനും ഉള്‍പ്പെടെ ഉന്നത നേതാക്കള്‍ കോണ്‍ഗ്രസ്സ് നേതൃത്വത്തെ സമീപിച്ചത്.
കല്യോട് പ്രദേശത്തേക്ക് മുഖ്യമന്ത്രിയും സംഘവും പോയാല്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെയും കൊല്ലപ്പെട്ടവരുടെ വീട്ടുകാരുടെയും പ്രതികരണം എങ്ങനെയായിരിക്കുമെന്ന് ഉറപ്പ് നല്കാന് കഴിയില്ലെന്ന് പറഞ്ഞ് കോണ്‍ഗ്രസ്സ് നേതാക്കള്‍ കൈയൊഴിഞ്ഞതോടെ സന്ദര്‍ശനം വേണ്ടെന്ന് വെക്കുകയായിരുന്നു. കോണ്‍ഗ്രസ്സ് നേതാക്കള്‍ അനുവാദം നല്‍കാത്തതാണ് സന്ദര്‍ശനം ഉപേക്ഷിക്കാന്‍ കാരണമെന്ന നാണംകെട്ട പ്രസ്താവനയും സിപിഎം നേതൃത്വം പുറത്തിറക്കി.
ഊരിപ്പിടിച്ച വാളിനിടയിലൂടെ ബ്രണ്ണന്റെ മണ്ണില്‍ നടന്നിട്ടുണ്ടെന്ന് വീരവാദം മുഴക്കിയിട്ടുള്ള മുഖ്യനാണ് സംസ്ഥാനത്തെ പോലീസ് സംവിധാനം മുഴുവന്‍ കൈയിലുണ്ടായിട്ടും കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിക്കാന്‍ ധൈര്യമില്ലാതെ പിന്മാറിയത്. കഴിഞ്ഞ ദിവസം സിപിഐ നേതാവും മന്ത്രിയുമായ ഇ.ചന്ദ്രശേഖരന് കൊല്ലപ്പെട്ടവരുടെ വീട്ടിലെത്തിയപ്പോള്‍ വലിയ അപശബ്ദങ്ങള്‍ നേരിടേണ്ടി വന്നിരുന്നില്ല. കൊല്ലപ്പെട്ടവരുടെ വീട് സന്ദര്‍ശിക്കാതെ മുഖ്യമന്ത്രി പോയത് സിപിഎം അണികള്‍ക്കിടയില്‍ പോലും പരിഹാസ്യമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: