ആലപ്പുഴ: പ്രളയാനന്തരം കര്‍ഷകരെ കരകയറ്റുന്നതിന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായങ്ങളെല്ലാം പതിരായി. പുഞ്ചക്കൃഷിയിയുടെ വിളവെടുപ്പ് അടുക്കാറായിട്ടും സര്‍ക്കാരില്‍ നിന്നു ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ കുടിശികയാണെന്ന് കര്‍ഷകര്‍ പരാതിപ്പെടുന്നു. വിവിധയിനങ്ങളിലായി വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ആനുകൂല്യങ്ങള്‍ പോലും ലഭിക്കാത്ത സ്ഥിതിയുണ്ട്.
കുട്ടനാട്ടിലെ പല പാടശേഖരങ്ങളിലും വിളവെടുപ്പിന് ഇനി പത്തു ദിവസം മുതല്‍ ഒരു മാസം വരെ മാത്രമാണ് അവശേഷിക്കുന്നത്. കര്‍ഷകര്‍ കടുത്ത സാമ്പത്തിക ബാധ്യതയിലാണ്. പ്രളയത്തിനു ശേഷം കുട്ടനാട്ടില്‍ നിന്നു പലായനം ചെയ്യേണ്ടി വന്നപ്പോള്‍ രണ്ടാം കൃഷിയിറക്കിയിരുന്ന കര്‍ഷകര്‍ക്ക് വന്‍ നഷ്ടമുണ്ടായി. സര്‍ക്കാരിന്റെ പ്രഖ്യാപനങ്ങളില്‍ വിശ്വസിച്ചാണ് പ്രളയാനന്തരം കര്‍ഷകര്‍ പുഞ്ചക്കൃഷി ഇറക്കിയത്.
മഹാപ്രളയത്തില്‍ രണ്ടാംകൃഷി പൂര്‍ണമായും നശിച്ച കര്‍ഷകര്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍ ഇനിയും വിതരണം ചെയ്തിട്ടില്ല. കൃഷി തുടങ്ങിയപ്പോള്‍ ഏക്കറിന് നൂറു രൂപ പ്രകാരം കൃഷിഭവനുകളില്‍ അടച്ച് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പു വരുത്തിയ കര്‍ഷകരാണ് സഹായ ധനത്തിനായി കാത്തിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ വിഹിതം കൃത്യമായി അടയ്ക്കാത്തതാണ് പ്രതിസന്ധിയായത്.
പ്രളയത്തില്‍ പാടത്ത് അടിഞ്ഞു കൂടിയ ചെളിയും മാലിന്യങ്ങളും നീക്കം ചെയ്യുന്നതിനായി ഏക്കറിന് 4,800 രൂപ പ്രഖ്യാപിച്ചിരുന്നു. ചില കൃഷിഭവനുകളിലെ അപൂര്‍വം പാടശേഖരങ്ങളില്‍ മാത്രമാണ് ഇത് വിതരണം ചെയ്തതെന്ന് കര്‍ഷകര്‍ പറയുന്നു. വിതരണം നടന്ന പാടശേഖരങ്ങളിലെ തന്നെ മുഴുവന്‍ കര്‍ഷകര്‍ക്കും ആനുകൂല്യം കിട്ടിയിട്ടില്ല. 2014 കാലയളവ് മുതല്‍ കര്‍ഷകര്‍ക്കു നല്‍കേണ്ട പ്രൊഡക്ഷന്‍ ബോണസും കുടിശികയാണെന്ന് കര്‍ഷകര്‍ പരാതിപ്പെടുന്നു.
സര്‍ക്കാര്‍ കൈവിട്ടതിനാല്‍ പുഞ്ചക്കൃഷിയുടെ വിളവെടുപ്പ് ചെലവുകള്‍ക്ക് എങ്ങനെ പണം കണ്ടെത്തുമെന്ന ആശങ്കയിലാണിവര്‍, ഒരേക്കര്‍ നിലത്തില്‍ വിളവെടുക്കുന്നതിന് ശരാശരി 8,500 ഓളം രൂപ ചെലവാകുമെന്നാണ് കര്‍ഷകര്‍ പറയുന്നത്. കായല്‍ നിലങ്ങളില്‍ കൊയ്ത്തു യന്ത്ര വാടക മണിക്കൂറിന് 2050 രൂപയോളമാകും. പാടശേഖരങ്ങളില്‍ മണിക്കൂറിന് 1840 ആണ് ഇത്തവണത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. യന്ത്രവാടകയ്ക്കു പുറമെ ചുമട്, കേവുകൂലി, വള്ളക്കൂലിയിനങ്ങളില്‍ കൊയ്ത്തു ചെലവുകള്‍ വേറെയുമുണ്ടെന്നും കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: