കൊച്ചി: അന്താരാഷ്ട്ര അഡ്വര്‍ട്ടൈസേഴ്സ് അസോസിയേഷന് (ഐഎഎ) ലോക കോണ്‍ഗ്രസിന് കൊച്ചിയില്‍ തുടക്കമായി. ബ്രാന്‍ഡ് ധര്‍മ എന്ന ആഹ്വാനമാണ് സമ്മേളനത്തിന്റേത്. മാറിയ സാഹചര്യങ്ങളില്‍ പരസ്യ രംഗത്തെ മൂല്യവല്കരണവും മാന്യവല്കരണവും ധര്മ്മവല്ക്കരണവുമാണ് ലക്ഷ്യമെന്ന് ഐഎഎ അന്താരാഷ്ട്ര പ്രസിഡന്റ് ശ്രീനിവാസന് സ്വാമി പറഞ്ഞു.
വേദിയില്‍ ശ്രീ ശ്രീ രവിശങ്കര്‍, അമിതാഭ് ബച്ചന്, ശ്രീനിവാസന് സ്വാമി, പ്രദീപ് ഗുഹ, ശ്രേയാംസ് കുമാര്‍, രമേഷ് നാരായണ്‍ തുടങ്ങിയവര്‍ ചേര്‍ന്ന് ഡിജിറ്റല്‍ ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. നാളെ സമാപിക്കുന്ന കോണ്‍ഗ്രസില്‍ 25 രാജ്യങ്ങളില്‍നിന്നുള്ള പ്രമുഖ പരസ്യ കമ്പനികളുടെ പ്രതിനിധികളുണ്ട്.
പരസ്യ ലോകം നേരിടുന്ന ഒട്ടേറെ വെല്ലുവിളികളും അവസരങ്ങളും ശ്രീനിവാസന് സ്വാമി വിവരിച്ചു. ഡിജിറ്റല്‍ ലോകത്ത് ഡാറ്റാ സംരക്ഷണവും സ്വകാര്യതയും ഗൗരവമുള്ള വിഷയങ്ങളാണ്. സ്വയം നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ വരും. 20 ലോകരാജ്യങ്ങള്‍ പുതിയ നിയമങ്ങള്‍ ഉണ്ടാക്കി, ഈ രംഗത്ത് കൂടുതല്‍ ചര്‍ച്ചകള്‍ ഉണ്ടാകണമെന്നും ബ്രാന്‍ഡ് ധര്‍മ എന്ന സങ്കല്‍പ്പം അതാണെന്നും ചെയര്മാന് ഓര്‍മിപ്പിച്ചു.
ഉപഭോക്താവിനെ കബളിപ്പിച്ച് അവരില്‍നിന്ന് കബളിപ്പിക്കപ്പെടലില്ലാതെ ഉല്‍പ്പന്നം ചെലവഴിക്കാനാവില്ലെന്ന കാര്യം മനസ്സിലാക്കുന്നിടത്താണ് ബ്രാന്ഡിങ്ങിലെ ധര്‍മമെന്ന് ജീവനകലയുടെ ആചാര്യന് ശ്രീ ശ്രീ രവിശങ്കര്‍ പറഞ്ഞു. ഒരിക്കല്‍ ഒരു ഹോട്ടല്‍ വ്യാപാരിയുടെ ആതിഥ്യം സ്വീകരിച്ചപ്പോള്‍ അയാള്‍ വീട്ടിലുണ്ടാക്കിയ ഭക്ഷണമാണ് വിളമ്പുന്നതെന്ന് പറഞ്ഞു, ഹോട്ടലിലുണ്ടാക്കുന്നത് കഴിക്കാറില്ലത്രേ. മറ്റുള്ളവര്‍ നമ്മെ വിശ്വസിക്കുമ്പോള്‍ അവരോടു വിശ്വാസവഞ്ചന ചെയ്യുന്നിടത്ത് ധാര്മമികതയില്ലെന്ന് ശ്രീ ശ്രീ പറഞ്ഞു.
ബ്രാന്‍ഡിങ്ങും ധര്‍മവും ഒന്നിച്ചുപോകാന്‍ അവ രണ്ടും എന്താണെന്ന് തിരിച്ചറിയണമെന്ന് അമിതാഭ് ബച്ചന് വിശദീകരിച്ചു. ബ്രാന്‍ഡിങ് വെറും കച്ചവടമല്ല, അത് വിശ്വാസ്യതയുണ്ടാക്കലാണ്. അതിന് ധര്‍മം അടിത്തറയാകണം. ഉപഭോക്താക്കളെ കബളിപ്പിക്കലല്ല, അവരെ ബോധവല്കരിക്കലാണ് ബ്രാന്‍ഡിങ്. അതിന് സ്വീകരിക്കുന്ന മാര്‍ഗമാണ് ധര്‍മം. സമൂഹത്തിന്റെ, രാജ്യത്തിന്റെ താല്‍പ്പര്യങ്ങള്‍ക്കും ക്ഷേമത്തിനും വികസനത്തിനും ഉതകുന്ന തരത്തില്‍ ഒരു ഉല്‍പ്പന്നത്തെ ബ്രാന്‍ഡ് ചെയ്യുമ്പോഴാണ് ധര്‍മാധിഷ്ഠിത ബ്രാന്‍ഡിങ് ആകുന്നതെന്നും ബച്ചന് വിശദീകരിച്ചു. പതഞ്ജലി ഉല്‍പ്പന്നങ്ങള്‍ ഒരു പ്രത്യേക ധര്മത്തില് പുറത്തിറക്കിയപ്പോള്‍ അതിന്റെ പിന്നിലെ ലക്ഷ്യവും താല്‍പ്പര്യവും മനസ്സിലാക്കി ബഹുരാഷ്ട്ര കമ്പനികള്‍ക്കുപോലും ആ മൂല്യമുള്ള ഉല്‍പ്പന്നങ്ങള്‍ ഇറക്കേണ്ടിവന്നു. ഇതാണ് ബ്രാന്ഡിങ്ങിലെ സ്വാധീനം, ബച്ചന് പറഞ്ഞു.
പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചാണ് സമ്മേളനം ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: