തിരുവനന്തപുരം: ആരോപണ വിധേയനായ മുന്‍ പ്രോട്ടോകോള്‍ ഓഫീസറെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിയമിക്കാന്‍ നീക്കം. സെക്രട്ടേറിയറ്റിലെ ജോയിന്റ് സെക്രട്ടറി ഷൈന്‍ അബ്ദുള്‍ ഹക്കിനെയാണ് ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പ്രധാന ചുമതലയില്‍ നിയമിക്കാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന് ആവശ്യപ്പെട്ട ജീവനക്കാരുടെ പട്ടികയില്‍ പ്രധാനിയായി ഷൈന്‍ ഇടം പിടിച്ചിട്ടുണ്ട്. ഇയാള്‍ പ്രോട്ടോകോള്‍ ഓഫീസറായിരിക്കെ നിരവധി നിയമലംഘനങ്ങള്‍ നടത്തിയിരുന്നു.
കേന്ദ്രമന്ത്രിമാരെ വഴിതെറ്റിക്കുക എന്നത് ഷൈന്‍ അബ്ദുള്‍ ഹക്കിന്റെ പ്രധാന വിനോദമായിരുന്നു. പ്രോട്ടോകോള്‍ ഓഫീസര്‍ക്കെതിരെ നിരവധി പരാതികള്‍ ലഭിച്ചിട്ടും സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല. കേന്ദ്രസര്ക്കാരിനെസാമൂഹിക മാധ്യമങ്ങള്‍ വഴി അധിഷേപിക്കുന്നതും ഷൈനിന്റെ പതിവായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിച്ച് നിരവധി പോസ്റ്റുകള്‍ ഇയാള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ് ചെയ്ത സര്‍ക്കാര്‍ ജീവനക്കാരനെ സസ്പെന്‍ഡ് ചെയ്ത് നിയമനടപടിക്ക് വിധേയനാക്കിയിരുന്നു. ഈ സമയത്തും പ്രധാനമന്ത്രിയെ അധിക്ഷേപിക്കുന്നത് ഷൈന്‍ തുടര്‍ന്നിരുന്നു. പ്രോട്ടോകോള്‍ ലംഘനത്തിനെതിരെയും കേന്ദ്രമന്ത്രിമാരെ അധിക്ഷേപിക്കുന്നതിനെതിരെയും ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. സുരേഷ് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിന് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് കേന്ദ്രം റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതിനെതുടര്‍ന്നാണ് അടിയന്തരമായി ഇയാളെ പ്രോട്ടോകോള്‍ ഓഫീസര്‍ സ്ഥാനത്ത് നിന്നും നീക്കിയത്. തെരഞ്ഞെടുപ്പ് കമ്മീഷനിലെ പ്രധാന തസ്തികയില്‍ ഷൈനിനെ നിയമിക്കുന്നതോടെ ഇന്റലിജന്‍സ് സംവിധാനത്തിലെ അറിയിപ്പ് ഉള്‍പ്പെടെ സിപിഎമ്മിന് ചോര്‍ത്തി നല്‍കാനാകും.
സിപിഎം ആധിപത്യമുള്ള പാര്‍ട്ടി ഗ്രാമങ്ങളില്‍ പാര്‍ട്ടി സഖാക്കളെ തെരഞ്ഞെടുപ്പ് ചുമതലയിലേക്ക് നിയമിക്കാനുമാകും. അതിനാലാണ് ഇടതുയൂണിയന്റെ നിര്‍ദേശപ്രകാരം ഷൈന്‍ അബ്ദുള്‍ ഹക്കിനെ കമ്മീഷനിലെ പ്രധാന ഓഫീസറായി നിയമിക്കാന്‍ നീക്കം നടത്തുന്നത്. ഷൈനിനെ കൂടാതെ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറാനിരിക്കുന്ന പട്ടികയില്‍ സിപിഎമ്മുമായി അടുത്ത് പ്രവര്‍ത്തിക്കുന്ന ജീവനക്കാരാണ് അധികവും. ആരോപണ വിധേയരായവരെയും സര്‍വീസിലിരിക്കെ നിയമനടപടി നേരിട്ടവരെയും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ജോലികളില്‍ നിന്നും ഒഴിവാക്കണം എന്ന നിയമം നിലനില്‍ക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കങ്ങള്‍ പാര്‍ട്ടി ഓഫീസില്‍ എത്തിക്കാന്‍ പാര്‍ട്ടിക്കാരെ നിയമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: