കാസര്‍കോട്: പെരിയ കൂട്ടക്കൊലക്കേസ് പ്രാദേശിക നേതൃത്വത്തില്‍ ഒതുക്കി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന സിപിഎമ്മിനെ വെട്ടിലാക്കി അറസ്റ്റിലായ ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ കുടുംബത്തിന്റെ വെളിപ്പെടുത്തല്‍. പെരിയ കലേ്യാട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത്ത് എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ സിപിഎം പെരിയ ലോക്കല്‍ കമ്മറ്റി അംഗം പീതാംബരന് അറസ്റ്റിലായിരുന്നു. സംഭവത്തില്‍ പങ്കില്ലെന്നു പറഞ്ഞ് പീതാംബരനെ സിപിഎം പുറത്താക്കി.
രണ്ടു ചെറുപ്പക്കാരെ പീതാംബരന് കൊന്നിട്ടുണ്ടെങ്കില്‍ അത് പാര്‍ട്ടി പറഞ്ഞിട്ടാകുമെന്ന വെളിപ്പെടുത്തലുമായി ഇന്നലെ പീതാംബരന്റെ കുടുംബം രംഗത്തു വന്നു. പാര്‍ട്ടി അറിയാതെ ഒന്നും സംഭവിക്കില്ലെന്നും അത് പാര്‍ട്ടിയുടെ അറിവോടെയായിരിക്കുമെന്നും പീതാംബരന്റെ ഭാര്യ മഞ്ജുവും മകള്‍ ദേവികയും മാധ്യമങ്ങളോട് വ്യക്തമാക്കി. പാര്‍ട്ടിക്ക് പങ്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കള്‍ ആണയിടുമ്പോഴാണ് ഈ വെളിപ്പെടുത്തല്‍.
കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷ അനുഭവിക്കണം. പീതാംബരന് സ്വന്തം നിലയ്ക്ക് കൊല നടത്താന്‍ സാധ്യതയില്ല. കൊല ചെയ്തിട്ടുണ്ടെങ്കില്‍ അത് പാര്‍ട്ടിയുടെ അറിവോടെയാണ്. കൊല്ലപ്പെട്ട യുവാക്കള്‍ നേരത്തെ പീതാംബരനെ തല്ലിയിരുന്നു. ജനുവരി അഞ്ചിന് മര്‍ദ്ദനമേറ്റശേഷം പാര്‍ട്ടിക്കു വേണ്ടി തല്ലാനൊന്നും പോയിട്ടില്ല. കൊലപാതകത്തില്‍ പങ്കെടുത്തു എന്ന് വിശ്വസിക്കുന്നില്ല. മറ്റാര്‍ക്കോ വേണ്ടി പീതാംബരന് കുറ്റം ഏറ്റെടുക്കുകയായിരുന്നു. പാര്‍ട്ടി പറഞ്ഞാന്‍ എന്തും ചെയ്യുന്നയാളാണ് പീതാംബരന്. മുമ്പ് കുറ്റകൃത്യങ്ങള്‍ ചെയ്തത് മുഴുവന്‍ പാര്‍ട്ടി പറഞ്ഞിട്ടാണെന്നും ഭാര്യയും മകളും വ്യക്തമാക്കി.
സംഭവത്തിന്റെ സത്യാവസ്ഥ പുറത്തു കൊണ്ടു വരണം. പാര്ട്ടിക്കാര് ഒരാള്‍ പോലും സംഭവത്തിനു ശേഷം തങ്ങളെ സമീപിച്ചിട്ടില്ലെന്നും മഞ്ജു മാധ്യമങ്ങളോട് വ്യക്തമാക്കി. കൊല്ലാന്‍ പറഞ്ഞതും ഒളിപ്പിച്ചതും ഗത്യന്തരമില്ലാതെ പിടിച്ചുകൊടുത്തതും പാര്‍ട്ടിയാണെന്ന പീതാംബരന്റെ ഭാര്യയുടെ വെളിപ്പെടുത്തല്‍ സിപിഎമ്മിനെ കൂടുതല്‍ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ഭര്‍ത്താവ് കേസില്‍പ്പെട്ടതിന്റെ വിഷമത്തില്‍ ഭാര്യ പറയുന്ന കാര്യങ്ങള്‍ എന്നാണ് ഇതിനോടു കോടിയേരി ബാലകൃഷണന് പ്രതികരിച്ചത്.
ഇരട്ടക്കൊലപാതകം പീതാംബരന് ഒറ്റയ്ക്ക് ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണെന്ന തരത്തില്‍ പാര്‍ട്ടി സമ്മര്‍ദ്ദത്തിന്റെ ഫലമായി മൊഴി നല്‍കിയിരിക്കുകയാണ് കസ്റ്റഡിയിലുള്ളവരെല്ലാം. കേസന്വേഷണം മറ്റ് നേതാക്കളിലേക്ക് നീളാതിരിക്കാനാണ് ഇത്തരത്തിലൊരു മൊഴിയെന്ന സംശയത്തിലാണ് പോലീസ്. മൊഴികള്‍ പൂര്‍ണമായും മുഖവിലയ്ക്കെടുക്കാതെയാണ് പോലീസ് അന്വേഷണം നടത്തുന്നത്.
അതിനിടെ പീതാംബരനെ ഹോസ്ദുര്‍ഗ് മജിസ്ട്രേറ്റ് കോടതി ഏഴ് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. സമൂഹ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന കുറ്റകൃത്യമാണ് നടന്നതെന്ന് കോടതി നിരീക്ഷിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: