ന്യൂദല്‍ഹി: ഭീകരതയ്ക്കെതിരെ യോജിച്ച് പോരാടുമെന്ന് സൗദിയും ഇന്ത്യയും. ഭീകരത രണ്ട് രാജ്യങ്ങള്‍ക്കും ഭീഷണിയാണെന്നും തുല്യ ഗൗരവത്തോടെയാണ് കാണുന്നതെന്നും ഇന്ത്യയില്‍ സന്ദര്‍ശനത്തിനെത്തിയ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന്. ഭീകരത നേരിടുന്നതില്‍ ഇന്ത്യയുമായി സഹകരിക്കും. സൗദിയുടെ രഹസ്യാന്വേഷണ വിവരങ്ങള്‍ ഇന്ത്യയുമായി പങ്കുവെക്കും. വിഷയത്തില്‍ എല്ലാ രാജ്യങ്ങളുമായും യോജിച്ച് പ്രവര്‍ത്തിക്കും. ഭീകരവാദം അടിച്ചമര്‍ത്താന്‍ പ്രധാന പങ്കുവഹിക്കുന്ന ഇന്ത്യക്ക് നന്ദി അറിയിക്കുന്നു, സല്മാന് പറഞ്ഞു. ഭീകരത പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങള്‍ക്കെതിരെ സമ്മര്‍ദം ശക്തമാക്കാന്‍ ഇരുരാജ്യങ്ങളും തീരുമാനിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ദല്‍ഹിയില്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം സംയുക്ത പ്രസ്താവനയിലാണ് ഇരുവരും നിലപാട് വ്യക്തമാക്കിയത്. പ്രധാനമന്ത്രിയുടെ അഭ്യര്‍ഥനയെത്തുടര്‍ന്ന് സൗദിയില്‍ തടവില്‍ കഴിയുന്ന 850 ഇന്ത്യക്കാരെ മോചിപ്പിക്കുമെന്നും സല്മാന് രാജകുമാരന് പ്രഖ്യാപിച്ചു.
ഭീകരവാദത്തിനെതിരെ യോജിച്ച നിലപാടാണ് ഇന്ത്യക്കും സൗദിക്കുമുള്ളതെന്ന് മോദി ചൂണ്ടിക്കാട്ടി. മേഖലയിലെ സമാധാനവും സ്ഥിരതയും നിലനിര്‍ത്തേണ്ടതുണ്ട്. നാവിക, സൈബര്‍ സുരക്ഷയിലും ഇരുരാജ്യങ്ങളും തമ്മില്‍ സഹകരണം ശക്തിപ്പെടുത്തും. ഇന്ത്യയുടെ ഏറ്റവും വിലയേറിയ നയതന്ത്ര പങ്കാളിയാണ് സൗദി. ഈ സന്ദര്‍ശനത്തോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമായിരിക്കുന്നു. സൗദിയുടെ നിക്ഷേപങ്ങളെ ഇന്ത്യ സ്വാഗതം ചെയ്യുന്നു. രാജ്യാന്തര സൗരോര്‍ജ സഖ്യത്തില്‍ പങ്കാളിയാകാന്‍ അവരെ ക്ഷണിക്കുകയും ചെയ്യുന്നു. പ്രസംഗത്തില്‍ പുല്‍വാമയിലെ ഭീകരാക്രമണവും മോദി പരാമര്‍ശിച്ചു.
അടിസ്ഥാന സൗകര്യം, നിക്ഷേപം തുടങ്ങിയവയുമായി ബന്ധപ്പെട്ട് ഇന്ത്യയും സൗദിയും അഞ്ച് ധാരണാ പത്രങ്ങളില്‍ ഒപ്പുവെച്ചു. പുല്‍വാമയിലെ പാക് ഭീകരാക്രമണത്തിന് പിന്നാലെ ഭീകരത നേരിടുന്നതില്‍ സൗദി പിന്തുണ വ്യക്തമാക്കിയത് ഇന്ത്യക്ക് നേട്ടമായി. ഭീകരത പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങള്‍ എന്ന സംയുക്ത പ്രസ്താവനയിലെ പരാമര്‍ശം പാക്കിസ്ഥാനെയാണ് ലക്ഷ്യം വെക്കുന്നത്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് ചൊവ്വാഴ്ച വൈകിട്ടാണ് സല്മാന് ഇന്ത്യയിലെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി വിമാനത്താവളത്തില്‍ നേരിട്ടെത്തി സ്വീകരിച്ചു. ഇന്നലെ രാഷ്ട്രപതി ഭവനില്‍ അദ്ദേഹത്തിന് രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രിയും ഊഷ്മള സ്വീകരണം നല്കി. പാക്കിസ്ഥാന് സന്ദര്‍ശനത്തിന് ശേഷമാണ് അദ്ദേഹം ഇന്ത്യയിലെത്തിയത്. എന്നാല്‍ നേരിട്ട് വരാതെ പാക്കിസ്ഥാനില്‍നിന്നും സൗദിയിലെത്തി ദല്‍ഹിക്ക് തിരിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: