തൃശൂര്‍: തിരുവാഭരണങ്ങള്‍ ഉള്‍പ്പെടെയുള്ള സ്വര്‍ണം വില്ക്കാന് നീക്കമെന്ന ജന്മഭൂമി വാര്‍ത്തക്ക് വിശദീകരണവുമായി കൊച്ചിന് ദേവസ്വം ബോര്‍ഡ്. കടുത്ത പ്രതിസന്ധിയിലായ ബോര്‍ഡ് പെന്ഷന് നല്‍കാനായാണ് സ്വര്‍ണം വില്‍ക്കുന്നതെന്നും തിരുവാഭരണങ്ങള്‍ വില്‍ക്കില്ലെന്നും ബോര്‍ഡ് പ്രസിഡന്റ് പത്രക്കുറിപ്പില്‍ പറയുന്നു.
ബാങ്കിലുള്ള സ്വര്‍ണ നിക്ഷേപത്തിന്റെ കാലാവധി പൂര്‍ത്തിയായി. കുറഞ്ഞപലിശയാണ് ഇതിന് ലഭിക്കുന്നത്. അതുകൊണ്ട് നിക്ഷേപം പുതുക്കുന്നതിന് പകരം സ്വര്‍ണം ഉരുക്കി വില്‍പ്പന നടത്താനാണ് ആലോചന. കുറച്ച് സ്വര്‍ണം ചോറ്റാനിക്കര ക്ഷേത്രത്തില്‍ ലോക്കറ്റാക്കി വില്‍പ്പന നടത്തും, പ്രസിഡന്റ് വിശദീകരിക്കുന്നു. ഏതാണ്ട് 55 കിലോ സ്വര്‍ണം വില്‍ക്കാനാണ് തീരുമാനം. ഇതിന് പതിനെട്ട് കോടിയിലേറെ വിലമതിക്കും. ഇത് പെന്ഷന് നല്‍കുന്നതിനുളള സ്ഥിര നിക്ഷേപമാക്കും.
ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ പണം നിക്ഷേപിക്കരുതെന്ന ചില സംഘടനകളുടെ നിലപാടാണ് ബോര്‍ഡിനെ പ്രതിസന്ധിയിലാക്കിയതെന്നും പ്രസിഡന്റ് എ.ബി. മോഹനന് പറയുന്നു. എന്നാല്‍ കൊച്ചിന് ദേവസ്വം ബോര്‍ഡിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട് എന്നതാണ് വസ്തുത. ഇത് പ്രസിഡന്റ് മറച്ചുവെക്കുകയാണ്.
കാലാകാലങ്ങളില്‍ ദേവസ്വം ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളുടെ വാടകനിരക്കുകള്‍ വര്‍ധിപ്പിക്കാത്തതും കെടുകാര്യസ്ഥതയും അഴിമതിയുമാണ് ബോര്‍ഡിനെ പ്രതിസന്ധിയിലാക്കിയത്. വാടകനിരക്കുകള്‍ വര്‍ധിപ്പിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് കുറിപ്പില്‍ പ്രസിഡന്റ് പറയുന്നുണ്ട്. കടുത്ത എതിര്‍പ്പുയര്‍ന്ന സാഹചര്യത്തിലാണ് വിശദീകരണവുമായി ബോര്‍ഡ് രംഗത്ത് വരുന്നത്. അതേ സമയം ഹൈക്കോടതിയുടെ അനുമതി ലഭിച്ചാലേ സ്വര്‍ണ വില്‍പ്പന നടത്താനാകൂ. ഇതിനായുള്ള ശ്രമം തുടരുകയാണ്.
ഹൈക്കോടതി അനുമതി ലഭിച്ചാല്‍ ഇതിന്റെ മറവില്‍ തിരുവാഭരണങ്ങള്‍ ഉള്‍പ്പെടെ വില്‍പ്പന നടത്താനാകുമെന്നും മുന്‍പ് കൊച്ചിന് ദേവസ്വം ബോര്‍ഡില്‍ ഇത്തരം സംഭവങ്ങള്‍ നടന്നിട്ടുണ്ടെന്നും വിവിധ ഭക്തജന സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. തൃപ്പൂണിത്തുറ ക്ഷേത്രത്തിലെ തിരുവാഭരണങ്ങളും രത്നങ്ങളും നഷ്ടപ്പെട്ടത് ഇത്തരമൊരു നീക്കത്തിന്റെ ഭാഗമായായിരുന്നു. അതിന്റെ അന്വേഷണം പോലും എങ്ങുമെത്തിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: