ന്യൂദല്‍ഹി: പുല്‍വാമയിലെ 44 ജവാന്മാരുടെ വീരമൃത്യുവിന് ഇന്ത്യന്‍ സൈന്യം കണക്കുതീര്‍ത്ത് തുടങ്ങി. പാക് ഭീകരസംഘടന ജെയ്ഷെ മുഹമ്മദിന്റെ ചീഫ് ഓപ്പറേഷണല്‍ കമാന്‍ഡറും മസൂദ് അസറിന്റെ അടുത്ത അനുയായിയുമായ കമ്രാന്‍, പുല്‍വാമ ആക്രമണത്തിനെത്തിയ ചാവേറിന് പരിശീലനം നല്കിയ കമാന്‍ഡര്‍ ഘാസി റഷീദ് എന്നിവരെ അവരുടെ താവളത്തില്‍ കടന്നുചെന്ന് സൈന്യം കൊന്നു. കശ്മീരിലെ ഭീകരവിരുദ്ധ പോരാട്ടത്തിലെ സുപ്രധാന നേട്ടമാണിത്, ഭീകരര്‍ക്ക് കനത്ത തിരിച്ചടിയും.
പിഞ്ചിലാന ഗ്രാമത്തില്‍ ഭീകരരുമായി പന്ത്രണ്ട് മണിക്കൂറിലേറെ നീണ്ട ഏറ്റുമുട്ടലില്‍ മേജര്‍ അടക്കം നാല് സൈനികര്‍ക്ക് വീരമൃത്യു. 55 രാഷ്ട്രീയ റൈഫിള്‍സ്, സിആര്‍പിഎഫ്, സ്പെഷ്യല്‍ ഓപ്പറേഷന് ഗ്രൂപ്പ് എന്നിവയിലെ മേജര്‍ വി.എസ്. ധൗന്ദിയാല്, ഹവില്‍ദാര്‍ ഷിയോ റാം, അജയ് കുമാര്‍, ഹരി സിങ് എന്നിവര്‍ക്കാണ് ജീവന് നഷ്ടപ്പെട്ടത്. പുല്‍വാമയില്‍ ആക്രമണം നടന്ന സ്ഥലത്തുനിന്ന് പത്ത് കിലോമീറ്റര്‍ അകലെയായിരുന്നു ഏറ്റുമുട്ടല്‍.
ഭീകരരുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സൈനിക നടപടി. ഭീകരര്‍ ഒളിച്ചിരുന്ന വീട് സ്ഫോടനത്തില്‍ തകര്‍ന്നു. ഗ്രാമീണരോട് വീടിന് പുറത്തിറങ്ങരുതെന്ന് നിര്‍ദേശിച്ചാണ് സൈന്യം നടപടി ആരംഭിച്ചത്. സൈന്യവും ഭീകരരുമായി കനത്ത വെടിവയ്പ്പുണ്ടായി. സ്ഥലത്തു നിന്ന് എകെ 47 ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ പിടിച്ചെടുത്തു.
മസൂദ് അസറിന്റെ രണ്ട് അനന്തരവന്മാരെ സൈന്യം കൊലപ്പെടുത്തിയതിന് തിരിച്ചടിയായിരുന്നു പുല്‍വാമയിലെ ആക്രമണമെന്നാണ് ഭീകരര്‍ പറഞ്ഞിരുന്നത്. കമ്രാനാണ് ചാവേര്‍ ആദില്‍ അഹമ്മദ് ദറിന് ബോംബ് നിര്‍മിച്ച് നല്‍കിയത്. പുതിയ യുവാക്കളെ സംഘടനയിലേക്ക് റിക്രൂട്ട് ചെയ്ത് കശ്മീരില്‍ ഭീകരത പടര്‍ത്തുന്നതില്‍ ഇയാള്‍ക്ക് പ്രധാന പങ്കുണ്ട്. വര്‍ഷങ്ങളായി സുരക്ഷാ സേന തെരയുന്ന കമ്രാന്‍ നിരവധി തവണ തലനാരിഴയ്ക്ക് രക്ഷപ്പെട്ടിട്ടുണ്ട്.
താഴ്വരയില് യുവാക്കള്‍ക്ക് പരിശീലനം നല്‍കുന്നതിന് മസൂദ് അസറാണ് റഷീദിനെ നിയോഗിച്ചത്. 2018 ഡിസംബറിലാണ് ഇയാള്‍ ഇന്ത്യയിലെത്തിയത്. ഈ മാസം 11ന് സുരക്ഷാ സേനയുമായി ഏറ്റുമുട്ടലുണ്ടായെങ്കിലും രക്ഷപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: