തിരുവനന്തപുരം: പുല്‍വാമയിലെ ഭീകരാക്രമണത്തെ തുടര്‍ന്ന് തെറ്റായ വാര്‍ത്ത പ്രസിദ്ധീകരിക്കുന്നതിനും സാമൂഹ്യ മാധ്യമങ്ങള്‍ വഴി രാജ്യത്തെയും സൈന്യത്തെയും അപകീര്‍ത്തിപ്പെടുത്തുന്ന പോസ്റ്റുകള്‍ക്കും സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയെങ്കിലും ഒന്നും ബാധകമല്ലാതെ കേരളം. വീരമൃത്യു വരിച്ച സൈനികരുടെ കുടുംബത്തെ അവഹേളിച്ചും സൈനികരുടെ മനോവീര്യം തകര്‍ക്കുന്ന തരത്തിലും നിരവധി പോസ്റ്റുകളാണ് സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നത്. ഇതില്‍ പാക്കിസ്ഥാന് പിന്തുണ നല്കുന്ന പോസ്റ്റുകളും നിരവധിയുണ്ട്.
മുഖ്യമന്ത്രിക്കെതിരെ പോസ്റ്റിട്ടവരെ കൈയോടെ പിടികൂടി ജയിലില്‍ അടച്ച സംസ്ഥാന പോലീസ് രാജ്യത്തിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന നിരവധി പോസ്റ്റുകള്‍ പ്രചരിച്ചിട്ടും കണ്ടില്ലെന്ന മട്ടാണ്. വീരമൃത്യു വരിച്ച സൈനികരെ പരിഹസിക്കുന്ന പോസ്റ്റുകള്‍ വരെ പ്രചരിച്ചിട്ടും യാതൊരു നിരീക്ഷണവും നടത്താതെ അവരെ പ്രോത്സാഹിപ്പിക്കുകയാണ് പോലീസ്.
പാക്കിസ്ഥാനെ ആക്രമിച്ചാല്‍ ഇന്ത്യക്ക് അവരുടെ തിരിച്ചടി വാങ്ങേണ്ടി വരും എന്ന പോസ്റ്റുകള്‍ വരെ വ്യാപകമായി പരക്കുന്നുണ്ട്. കാര്‍ബോംബ് സ്ഫോടനത്തിന് സഹായിച്ചവരെ സൈന്യം പിടികൂടി മര്‍ദ്ദിക്കുന്നുവെന്നും ഇന്ത്യ ഭീകരവാദികളെ സൃഷ്ടിക്കുന്നത് ഇങ്ങനെയാണെന്നും ഇവന് തീവ്രവാദി ആയില്ലെങ്കില്‍ അത്ഭുതപ്പെടണം എന്ന നിരവധി പോസ്റ്റുകളും സാമൂഹ്യമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നു.
രാജ്യ സ്നേഹം മണ്ണാങ്കട്ട, വേറെ ഒരു ജോലിയും ലഭിക്കുവാന്‍ സാധ്യതയില്ലാത്തവരാണ് ജീവിക്കുവാന്‍ മാത്രം ശമ്പളവും 15 കൊല്ലത്തെ സര്‍വീസും കഴിഞ്ഞാല്‍ നാട്ടില്‍ ഒരു ജോലിയും പിന്നെ പെന്‍ഷനും. സൈനു കെ.പി എന്ന അധ്യാപകന്റെ പേരിലുള്ള ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നതിങ്ങനെ.
പുല്‍വാമ ആക്രമണത്തിലെ ചാവേറായ ആദില്‍ ദര് ആണ് യഥാര്‍ത്ഥ രക്തസാക്ഷി എന്നാണ് കാസര്‍കോട്ടെ കേന്ദ്രസര്‍വ്വകലാശാലയിലെ ഇടതുപക്ഷ വിദ്യാര്‍ത്ഥിയുടെ പ്രതികരണം. പ്രതിഷേധം ശക്തമായതോടെയാണ് വിദ്യാര്‍ഥിക്കെതിരെ കേസെടുക്കാന്‍ പോലീസ് തയാറായത്. കശ്മീര്‍ പാകിസ്ഥാന് കൊടുത്താല്‍ ഇന്ത്യക്ക് സമാധാനമായി കഴിഞ്ഞുകൂടാമെങ്കില്‍ അതങ്ങു കൊടുക്കുന്നതല്ലേ നല്ലതെന്ന തരത്തിലും ചിലര്‍ പോസ്റ്റിട്ടു. ആഹ്ലാദിപ്പിന്‍ അറുമാദിപ്പിന്‍ ഇസ്രയേല്‍ നരഭോജിയുടെ പിന്തുണ കിട്ടിയിട്ടുണ്ട് ഇന്ത്യന്‍ നരഭോജിക്കെന്നാണ് വെല്‍ഫെയര്‍ പാര്‍ട്ടി നേതാവ് ശ്രീജയുടെ പ്രതികരണം. കൂടാതെ പട്ടാളക്കാര്‍ ഇന്ത്യന്‍ മുസ്ലിങ്ങളെ കൊലപ്പെടുത്താന്‍ ആരംഭിച്ചിട്ടുണ്ട് എന്ന തരത്തിലുള്ള പോസ്റ്റുകളും ശ്രീജയുടേതായി പ്രചരിക്കുന്നു.
വീരമൃത്യു വരിച്ച ജവാന്മാരുടെ ഉറ്റവരുടെ കണ്ണീരിന് ശമനമായിട്ടില്ല. അതിനിടെയാണ് കൊലയാളിയെ പറഞ്ഞുവിട്ട രാജ്യത്തിന് പിന്തുണയേകുന്ന പോസ്റ്റുകള്‍ സംസ്ഥാനത്താകമാനം പ്രചരിക്കുന്നത്.
കാര്‍ബോംബ് സ്ഫോടനത്തിനു ശേഷം രാജ്യത്തെ എല്ലാ സേനാവിഭാഗങ്ങളോടും സംസ്ഥാന പോലീസിനോടും, ഇന്റലിജന്‍സ് വിഭാഗത്തോടും കടുത്ത ജാഗ്രത പുലര്‍ത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ സംസ്ഥാനത്തെ ആഭ്യന്തര സംവിധാനം ഇതൊന്നും അറിഞ്ഞ മട്ടില്ല. മറ്റ് സംസ്ഥാനങ്ങളില്‍ ഇത്തരം പോസ്റ്റുകള്‍ ഇട്ടവര്‍ക്കെതിരെ ഇന്റലിജന്‍സും പോലീസും കര്‍ശന നടപടികള്‍ സ്വീകരിച്ചു തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: