ഓരോ ക്ഷേത്രത്തിനും സവിശേഷമായ ആചാരരീതികളും ആരാധനാസമ്പ്രദായങ്ങളുമാണ് കണ്ടു വരാറ്. എന്നാല്‍ ഇരുപത് കിലോമീറ്റര്‍ ദൂരപരിധിയില്‍ രണ്ട് മലഞ്ചെരിവുകളിലായി സ്ഥിതി ചെയ്യുന്ന രണ്ടു ക്ഷേത്രങ്ങള്‍ ഒരു മാസത്തിന്റെ ഇടവേളയില്‍ നടക്കുന്നത് നൂറുശതമാനം സമാനതകളുള്ള ഉത്സവാഘോഷം. കണ്ണൂര്‍ ജില്ലയിലെ വയത്തൂര് കാലിയാര് ക്ഷേത്രവും പയ്യാവൂര്‍ ശിവക്ഷേത്രവുമാണ് ഈ രണ്ടു ക്ഷേത്രങ്ങള്‍. കര്‍ണാടകത്തിലെ കുടക് ജില്ലയില്‍ നിന്നുള്ളവരുടെ പങ്കാളിത്തം കൊണ്ട് സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്നവ കൂടിയാണ് ഈ രണ്ടു ക്ഷേത്രങ്ങള്‍. കുടകിന്റെ കാര്‍ഷികസംസ്കൃതിയും വടക്കെ മലബാറിന്റെ ദേവാരാധനാസംസ്കൃതിയും ഒന്നുചേരുന്ന ജനകീയ ഉത്സവമാണ് ഈ ക്ഷേത്രങ്ങളില്‍ നടക്കുന്നത്. രണ്ടിടത്തും ആരാധിക്കപ്പെടുന്നത് കാലിയാറീശ്വരന് എന്നറിയപ്പെടുന്ന കിരാതമൂര്‍ത്തി. രണ്ടിടത്തെയും ഉത്സവം അറിയപ്പെടുന്നത് ഊട്ടുത്സവം എന്ന പേരില്‍.
കേരള-കര്‍ണാടക വനാതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശമാണ് വയത്തൂരും പയ്യാവൂരും. കുടകുമലനിരകളോട് അഭിമുഖമായുള്ള കേരളത്തിലെ രണ്ട് മലയോരപ്രദേശങ്ങള്‍. വയത്തൂരില്‍ നിന്ന് പയ്യാവൂരിലേക്കുള്ള ദൂരം ഏതാണ്ട് 20 കിലോമീറ്റര്‍. കൃത്യം ഒരുമാസത്തെ ഇടവേളയില്‍ ഈ രണ്ട് ക്ഷേത്രസങ്കേതങ്ങളിലും നടക്കുന്ന ഉത്സവത്തിന്റെ പേരും ചടങ്ങുകളുമെല്ലാം സമാനമാണ്. കുടകര്‍ എത്തിക്കുന്ന അരികൊണ്ടുള്ള ഊട്ട് ദേവന് നിവേദ്യമായും ഭക്തര്‍ക്ക് അന്നപ്രസാദമായും നല്കുന്ന, പതിനാല് ദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവം.
വയത്തൂര് കാലിയാര് ക്ഷേത്രത്തിലാണ് വര്‍ഷത്തില്‍ ആദ്യത്തെ ഊട്ടുത്സവം. മകരം ഒന്നുമുതല്‍ പതിനാല് ദിവസം. തൊട്ടടുത്ത മാസമായ കുംഭത്തിലെ ഒന്നാം തീയതി മുതലുള്ള പതിനാല് ദിവസമാണ് പയ്യാവൂര്‍ ശിവക്ഷേത്രത്തിലെ ഊട്ടുത്സവം. രണ്ട് ക്ഷേത്രത്തിലേക്കും ഊട്ടുത്സവത്തിനുള്ള അരി എത്തുന്നത് കുടകുനാട്ടില്‍ നിന്നാണ്. നിറഞ്ഞ ഭക്തിയോടെയും സമര്‍പ്പിത മനസ്സോടെയുമാണ് കുടക് സമൂഹം അരിയുമായി ഈ ക്ഷേത്രങ്ങളിലേക്കെത്തുന്നത്. ഉത്സവം തുടങ്ങുന്നതിന് മാസങ്ങള്‍ക്കു മുമ്പു തന്നെ കാലിയാറീശ്വരന് സമര്‍പ്പിക്കാനുള്ള അരി ഉണ്ടാക്കാനുള്ള ഒരുക്കങ്ങള്‍ അവര്‍ തുടങ്ങും.
കാലിയാറീശ്വരനു വേണ്ടി നേര്ച്ചകൂട്ടിയിട്ടുള്ള പ്രത്യേക വയലുകളില്‍ കൃഷി ചെയ്ത്, നെല്ല് പ്രത്യേകമായി എടുത്ത് അരിയാക്കി, കാളപ്പുറത്തേറ്റിയാണ് എത്തിക്കുന്നത്. കാട്ടുവഴികളിലൂടെ കാല്‍നടയായാണ് മുതുകില്‍ അരിച്ചാക്കുകള്‍ വഹിച്ച കാളകളേയും തെളിച്ചുകൊണ്ട് കുടകര്‍ വരുന്നത്. കാലിയാറീശ്വരനെ സ്തുതിക്കുന്ന പാട്ടുകള്‍ പാടി കാട്ടുവഴികളിലൂടെയുള്ള അവരുടെ യാത്രയുടെ ദൃശ്യം നമ്മിലുണര്‍ത്തുന്നത് പ്രകൃതിയും മനുഷ്യനും ദൈവങ്ങളും തമ്മിലുള്ള പാരസ്പര്യത്തിന്റെ ഗോത്രസ്മൃതികളാണ്.
കാലിയാറീശ്വരന്റെ ഐതിഹ്യം
പാശുപതാസ്ത്രത്തിനായി തപസ്സ് ചെയ്ത അര്‍ജുനനെ പരീക്ഷിക്കാനായി കിരാതവേഷത്തില്‍ പ്രത്യക്ഷപ്പെട്ട പാര്വ്വതീപരമേശ്വരന്മാര് കാലിയാര് മലയെന്നറിയപ്പെടുന്ന കുടകുമലയില്‍ നിന്നാണത്രേ ഇറങ്ങിവന്നത്. അര്ജുനന് തപസ്സ് ചെയ്ത സ്ഥലമാണ് വയത്തൂര്. അര്ജുനന് പാശുപതാസ്ത്രം നല്കി അനുഗ്രഹിച്ച ശേഷം അപ്രത്യക്ഷരായ ശിവപാര്‍വ്വതിമാര്‍ തങ്ങളുടെ ചൈതന്യം വയത്തൂരില്‍ ശിലാരൂപത്തില്‍ അവശേഷിപ്പിച്ചു എന്നും, അവിടമാണ് കാലിയാറീശ്വരന്റെ സാന്നിധ്യമുണ്ടായതെന്നുമാണ് ഐതിഹ്യം. കിരാതരൂപിയായ ശിവനും അര്‍ജുനനും തമ്മിലുണ്ടായ മല്പിടിത്തത്തിനിടയില് ശിവന് അര്‍ജുനനെ കാല്കൊണ്ട് എടുത്തുയര്‍ത്തി എറിഞ്ഞപ്പോള്‍ ചെന്നുവീണ സ്ഥലമാണ് പയ്യാവൂര്‍. അവിടെയും ശിവചൈതന്യം സ്വയംഭൂവിഗ്രഹത്തിന്റെ രൂപത്തിലുണ്ടായി.
വയത്തൂരിലും പയ്യാവൂരിലും ഊട്ടുത്സവത്തിനുള്ള അരിയെത്തിക്കാനും പങ്കാളികളാകാനും കാലിയാറീശ്വരന് നേരിട്ട് കുടകിലെ ചില തറവാട്ടുകാരോട് നിര്‍ദ്ദേശിക്കുകയായിരുന്നുവത്രെ. ആ നിര്‍ദ്ദേശമനുസരിച്ച് നൂറ്റാണ്ടുകളായി ആ തറവാട്ടുകാര് തങ്ങളുടെ സാന്നിധ്യം കൊണ്ടും സഹായം കൊണ്ടും ഊട്ടുത്സവത്തില്‍ പങ്കാളിത്തം വഹിക്കുന്നു. വയത്തൂരില്‍ അരിയെത്തിക്കേണ്ടതും ക്ഷേത്രത്തിലെ അനുഷ്ഠാനങ്ങളില്‍ പങ്കെടുക്കേണ്ടതും പുഗ്ഗേര എന്ന തറവാട്ടുകാരും (കുടക് തക്കര്‍) പയ്യാവൂരില്‍ ബവ്വേരിയന്, മുണ്ടയോന് എന്നീ തറവാട്ടുകാരുമാണ്. ഇവര്‍ക്ക് പുറമെ കുടക് ജില്ലയിലെ നിരവധി ഗ്രാമങ്ങളില്‍ നിന്നായി നൂറുകണക്കിന് കുടുംബങ്ങള്‍ ഉത്സവനാളുകളില്‍ എത്തിച്ചേരുന്നു.
ആചാരവൈവിധ്യങ്ങളുടെ ഉത്സവം
ഉത്സവം തുടങ്ങുന്നതിന് പതിനഞ്ച് ദിവസം മുമ്പു തന്നെ ക്ഷേത്രത്തിലെ സ്ഥാനിക കോമരം ഊട്ടറിയിച്ചുകൊണ്ട് കുടകിലേക്ക് പുറപ്പെടും. കാലിയാറീശ്വരന്റെ തിരുവായുധവുമായി കോമരം കാട്ടുവഴികളിലൂടെ കാല്‍നടയായാണ് കുടകിലേക്ക് പോകുന്നത്. അവിടെയുള്ള പാരമ്പര്യ ദേവസ്ഥാനങ്ങളിലും തറവാടുകളിലും ഊട്ടറിയിച്ചതിന് ശേഷമാണ് കോമരം മടങ്ങുക.
ഉത്സവത്തിന്റെ എട്ടാം ദിവസം മുതല്‍ പതിനൊന്നാം ദിവസം വരെയുള്ള നാല് ദിവസങ്ങളിലാണ് കുടകരുടെ പങ്കാളിത്തം ഏറ്റവുമധികമുണ്ടാവുക. ഈ നാല് ദിവസങ്ങളില്‍ ആദ്യം നിശ്ചിത തറവാട്ടുകാരുടെ അരി എത്തും. ഇവര്‍ കൊണ്ടുവന്ന അരിയില്‍നിന്ന് തിരുവത്താഴത്തിനുള്ള അരി അളന്നെടുക്കുന്നു. വയത്തൂര് ക്ഷേത്രത്തില്‍ പത്താം ദിവസം കോമരം, ഊരാളന്മാര്, കുടക് തക്കര്‍ എന്നിവര്‍ പടിഞ്ഞാറെ നടയില്‍ വിളക്കുവച്ച് ഒന്നിച്ചിരുന്ന് ഊട്ടുകഴിക്കുന്നു.
കുടകില്‍ നിന്നെത്തുന്ന ഭക്തസംഘങ്ങള്‍ അവരുടെ പാരമ്പര്യരീതിയിലുള്ള തുടികൊട്ടിപ്പാട്ടും നൃത്തവും ദേവന് മുന്നില്‍ അവതരിപ്പിക്കും. പരമ്പരാഗത വേഷത്തിലാണ് പുരുഷന്മാരും സ്ത്രീകളും ചടങ്ങുകളില്‍ പങ്കെടുക്കുന്നത്. തിരിച്ചുപോകുന്നതിന് മുമ്പ് കുടക് കോമരവും ക്ഷേത്രത്തിലെ സ്ഥാനിക കോമരവും (കാലിയാറീശ്വരന്റെ പ്രതിപുരുഷന്) തമ്മിലുള്ള കൂടിക്കാഴ്ചയും അരിച്ചാക്കുകളും വഹിച്ചെത്തിയ കാളകള്‍ കാലിയാറീശ്വരനെ വന്ദിക്കുന്ന ഋഷഭാഞ്ജലി എന്ന ചടങ്ങും ഉണ്ട്.
കുടകിലെ വിവിധ ദേവസ്ഥാനങ്ങളില്‍ നിന്നുള്ള കോമരങ്ങളും (ദേവന്റെ പ്രതിപുരുഷന്) അവിടത്തെ തിരുവായുധങ്ങളുമായി കാലിയാറീശ്വരന്റെ സന്നിധിയിലെത്തും. പതിനൊന്നാം ദിവസം നടക്കുന്ന നെയ്യാട്ടത്തോടനുബന്ധിച്ച് ക്ഷേത്രത്തിലെ സ്ഥാനിക കോമരത്തിനൊപ്പം ഈ കുടക് കോമരങ്ങള്‍ ഉറഞ്ഞാടും. കാലിയാറീശ്വരന്റെ അനുഗ്രഹാശിസ്സുകള്‍ കുടകിലെ എല്ലാ മൂര്‍ത്തികള്‍ക്കും വേണ്ടി ഏറ്റുവാങ്ങിയാണ് കുടക് കോമരങ്ങള്‍ മടങ്ങുന്നത്. കുടകിലെ സാമുദായികവും കുടുംബസംബന്ധിയും വ്യക്തിപരവുമായ തര്‍ക്കങ്ങള്‍ കോമരങ്ങളുടെ മുന്നില്‍ വച്ച് പറഞ്ഞുതീര്‍ക്കുന്ന പതിവ് ഇന്നും നിലനില്ക്കുന്നു എന്നത് അത്ഭുതകരമാണ്.
കൂട്ടായ്മകളുടെ സംഗമം
കുടകരുടെ പങ്കാളിത്തം പോലെ നാട്ടുകാരായ വിവിധ സമുദായങ്ങളുടെ പങ്കാളിത്തവും ശ്രദ്ധേയമാണ്. ഒട്ടുമിക്ക സമുദായങ്ങള്‍ക്കും ഊട്ടുത്സവത്തില്‍ അവരവരുടേതായ പങ്ക് വഹിക്കാനുണ്ട്. കൊട്ടിയൂരിലെ വൈശാഖമഹോത്സവത്തിനെന്ന പോലെ എല്ലാ ജാതിസമൂഹങ്ങളുടെയും സമഞ്ജസമായ ഒത്തുചേരലിലൂടെയും കര്ത്തവ്യനിര്വ്വഹണത്തിലൂടെയുമാണ് പയ്യാവൂര്‍, വയത്തൂര് ഊട്ടുത്സവങ്ങളും പൂര്‍ണതയിലെത്തുന്നത്. കൊട്ടിയൂരില്‍ ഓരോ സ്ഥാനികരും അറിയിപ്പുകൂടാതെ തന്നെ ദേവസ്ഥാനത്തെത്തി അവരവരുടെ കര്‍ത്തവ്യം നിറവേറ്റുന്ന രീതിയാണ്. വയത്തൂര്, പയ്യാവൂര്‍ ക്ഷേത്രങ്ങളില്‍ കുടകര്‍ക്ക് മാത്രമേ ഉത്സവത്തിന്റെ അറിയിപ്പ് നല്‍കുന്നുള്ളൂ. മറ്റെല്ലാ സ്ഥാനിക സമുദായങ്ങളും അറിയിപ്പുകൂടാതെ ക്ഷേത്രത്തിലെത്തി ബന്ധപ്പെട്ട ചടങ്ങുകളില്‍ പങ്കാളികളാവുകയാണ് ചെയ്യുന്നത്.
കൊട്ടിയൂരിലെന്ന പോലെ ഈ ക്ഷേത്രങ്ങളിലും നെയ്യാട്ടം പ്രധാന ചടങ്ങാണ്. ഒരു മണ്ഡലകാലം വ്രതമെടുക്കുകയും അവസാനത്തെ ഒരാഴ്ചക്കാലം വീട്ടില്‍ നിന്നിറങ്ങി പ്രാദേശികമായുള്ള പ്രത്യേക മഠങ്ങളില്‍ നിഷ്ഠാപൂര്‍വ്വം താമസിക്കുകയും ചെയ്യുന്ന നമ്പ്യാര്‍, നായര്‍ സമുദായങ്ങളില്‍പ്പെട്ടവരാണ് നെയ്യാട്ടത്തിനുള്ള നെയ്യ് ക്ഷേത്രത്തിലെത്തിക്കുന്നത്. ഓമനക്കാഴ്ച എന്ന ചടങ്ങിന്റെ ചുമതല തീയ്യസമുദായത്തിനാണ്. പൂവന് വാഴക്കുലകളും ഇളനീര്‍കാവുകളുമായി നൂറുകണക്കിനാളുകള്‍ അണിനിരക്കുന്ന കാഴ്ചവരവാണിത്. പയ്യാവൂരില്‍ ചൂളിയാട് ഗ്രാമത്തില്‍ നിന്നും വയത്തൂരില്‍ പടിയൂര്‍ ഗ്രാമത്തില്‍ നിന്നുമാണ് ഓമനക്കാഴ്ചയുടെ വരവ്. ഊട്ടുചന്ത എന്ന പേരിലറിയപ്പെടുന്ന ഉത്സവച്ചന്തയ്ക്കും ആചാരപരതയുണ്ട്. കോഴിക്കോട് വലിയങ്ങാടിയില്‍ നിന്നെത്തുന്ന മുസ്ലിം കച്ചവടക്കാര്‍ക്ക് ഇന്നും പ്രത്യേക അവകാശങ്ങളുണ്ട്.
കാലിയാറീശ്വരന്റെ പിതൃസ്ഥാനം
വടക്കെ മലബാറിലെ കൂട്ടായ്മയെ സംബന്ധിച്ച് പിതൃസ്ഥാനീയനാണ് വയത്തൂര് കാലിയാര് ദൈവം. വിവിധ കൂട്ടായ്മകളുമായി ബന്ധപ്പെട്ട പുരാവൃത്തങ്ങളിലും തോറ്റങ്ങളിലും മറ്റും കാലിയാറീശ്വരനെ പരാമര്‍ശിക്കുന്നത് ‘അച്ഛന് വയത്തൂര് കാലിയാര്’ എന്നാണ്. മലബാറിന്റെ (കേരളത്തിന്റെയും) അധീശദേവത ശിവപുത്രിയായ ഭദ്രകാളിയാണെന്ന വസ്തുതയിലേക്കാണ് ഇത് വിരല്‍ചൂണ്ടുന്നത്.
തെയ്യാരാധനയിലും വടക്കെ മലബാറിലെ മറ്റ് ശാക്തേയാരാധനാപദ്ധതികളിലും ആരാധിക്കപ്പെടുന്ന കാളീസങ്കല്‍പത്തിലുള്ള നൂറുകണക്കിന് ദേവതമാരുടെയെല്ലാം പിതാവായി കണക്കാക്കുന്നത് കാലിയാറീശ്വരനെയാണെന്ന് കാണാം. ‘എന്റെ തമ്മപ്പന് വയത്തൂര് കാലിയാറീശ്വരന്, എന്റെ നല്ലച്ചന്‍ വയത്തൂര് കാലിയാറീശ്വരന്’ എന്നു തുടങ്ങി തെയ്യത്തോറ്റങ്ങളിലും വാചാലുകളിലും മറ്റും ഭഗവതിത്തെയ്യങ്ങളുടെ മൊഴികള്‍ കാണുന്നു (തമ്മപ്പന്, നല്ലച്ചന്‍ എന്നീ പദങ്ങള്‍ പിതാവ് എന്നര്‍ത്ഥമുള്ള ഗ്രാമ്യപ്രയോഗങ്ങളാണ്).
കോരപ്പുഴ മുതല്‍ ഉഡുപ്പി വരെയും കര്‍ണാടകത്തിലെ കുടക് ഉള്‍പ്പെടെയുള്ള കിഴക്കന്‍ പ്രദേശങ്ങളും അടങ്ങുന്ന വലിയൊരു ഭൂവിഭാഗത്തിന്റെ പരാസങ്കല്പവും ആരാധനാപദ്ധതിയും കണ്ടെത്തുന്നതിന് സഹായകമായ വിലപ്പെട്ട ഉരുപ്പടികളാണ് വയത്തൂര്, പയ്യാവൂര്‍ ക്ഷേത്രങ്ങളിലെ ഊട്ടുത്സവം കാത്തുസൂക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: