കോട്ടയം: കേരളാ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രതീക്ഷയ്ക്കനുസരിച്ച് ആവേശം ലഭിക്കാതെ പോയ ജോസ് കെ. മാണിയുടെ ‘കേരളയാത്ര’ ഇന്ന് തിരുവനന്തപുരത്ത് സമാപിക്കും. പി.ജെ. ജോസഫ് കൈക്കൊണ്ട നിലപാടുകള്‍ പാര്‍ട്ടിയിലെ ഐക്യത്തിനും സമാപനം കുറിച്ചേക്കാം. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ കേരളാ കോണ്‍ഗ്രസിന്റെ തട്ടകമെന്ന് പൊതുവേ വിശേഷിപ്പിക്കപ്പെടുന്ന കോട്ടയം ജില്ലയില്‍പോലും കാര്യമായ ചലനം ഉണ്ടാക്കാന്‍ യാത്രയ്ക്ക് കഴിഞ്ഞില്ല. ഇത് പാര്‍ട്ടി ചെയര്മാന് കെ.എം. മാണിയെയും കൂട്ടരെയും ആശങ്കയിലാക്കിയിട്ടുണ്ട്.
പാര്‍ട്ടിയില്‍ വേണ്ടത്ര ചര്‍ച്ച നടത്താതെയാണ് കേരളയാത്ര ആരംഭിച്ചിരിക്കുന്നതെന്ന് വര്‍ക്കിങ് ചെയര്മാന് പി.ജെ. ജോസഫ് അഭിപ്രായപ്പെട്ടിരുന്നു. ഇത് ശരിവയ്ക്കുന്ന തരത്തിലാണ് യാത്രയുടെ പര്യടനം പൂര്‍ത്തിയാവുന്നത്. ജോസഫ് അനുയായികളുടെ പങ്കാളിത്തം പേരിന് മാത്രമായിരുന്നു. യാത്രയുടെ ഉദ്ഘാടനത്തില്‍ പങ്കെടുത്തെങ്കിലും സമാപനത്തിന് ജോസഫ് എത്തുന്നുമില്ല. ലോക കേരളസഭയുടെ ചടങ്ങില്‍ പങ്കെടുക്കാനെന്ന പേരില്‍ ഗള്‍ഫിലേക്ക് പറന്നുകഴിഞ്ഞു. ജോസഫിന്റെ നിലപാടുകളാണ് കേരളയാത്രയുടെ നിറംകെടുത്തിയതെന്നാണ് മാണി വിഭാഗം നേതാക്കള്‍ ആക്ഷേപം ഉന്നയിക്കുന്നത്.
യാത്രയ്ക്കൊടുവില്‍ പാര്‍ട്ടിയുടെ കടിഞ്ഞാണ്‍ ജോസ് കെ. മാണിയിലേക്ക് എത്തുമെന്നാണ് മാണി വിഭാഗക്കാര്‍ കരുതിയത്. എന്നാല്‍ ഈ ഘട്ടത്തിലാണ് രണ്ടാം സീറ്റെന്ന ആവശ്യവുമായി പി.ജെ. ജോസഫിന്റെ രംഗപ്രവേശം. ഇതിന് പിന്നില്‍ കോണ്‍ഗ്രസിലെ ഉമ്മന്‍ചാണ്ടി വിരുദ്ധരുടെ തുണയും ഉണ്ടെന്നാണ് മാണി വിഭാഗം അഭിപ്രായപ്പെടുന്നത്. രണ്ടാം സീറ്റ് കേരളാകോണ്‍ഗ്രസിന്റെ ആഭ്യന്തര പ്രശ്നമാണെന്നും, സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങേണ്ടതില്ലെന്നും കോണ്‍ഗ്രസ് മുന്‍കൂട്ടിത്തന്നെ നിലപാട് കൈക്കൊണ്ടതും ഇതിന്റെ ഭാഗമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
രണ്ടാം സീറ്റ് കോണ്‍ഗ്രസ് നേതൃത്വം ഔദ്യോഗികമായി തള്ളിക്കളയുന്നതോടെ നിലവിലെ കോട്ടയം സീറ്റിലാകും ജോസഫ് പിടിമുറുക്കുക. ഇക്കാര്യത്തില്‍ അനുകൂലമായ നിലപാട് മാണിയുടെ ഭാഗത്തുനിന്ന് ഉണ്ടായില്ലെങ്കില്‍ ഒന്നിച്ചുള്ള സഹവാസം അവസാനിപ്പിക്കുവാനുള്ള തീരുമാനത്തിലേക്ക് എത്തിച്ചേരാനുള്ള സാധ്യതയും ഏറെയാണ്. പാര്‍ട്ടി നേതൃനിരയിലെ മുഖ്യപദവികള്‍ മാണിയുടെയും മകന്റേയും കൈവശമാണെങ്കിലും പ്രവര്‍ത്തകരുടെ പിന്തുണയില്‍ മേല്‍ക്കൈ പി.ജെ. ജോസഫിനാണെന്ന അഭിപ്രായമാണ് നേതാക്കള്‍ക്കിടയില്‍. അതുകൊണ്ടുതന്നെ കേരളാ കോണ്‍ഗ്രസിന്റെ നിലനില്‍പ്പിന് ദോഷകരമായ അവസ്ഥയിലേക്ക് ജോസഫിന് പോകാന്‍ അവസരമുണ്ടാക്കാതെയുള്ള നീക്കുപോക്കുകള്‍ക്കാണ് മാണി ശ്രമിക്കുന്നത്. മാണി-ജോസഫ് ഭിന്നതകള്‍ പരമാവധി മുതലെടുക്കാനുള്ള ഒരുക്കത്തിലാണ് ഫ്രാന്‍സിസ് ജോര്‍ജിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ കേരളാ കോണ്‍ഗ്രസ്.
നിലവിലെ സാഹചര്യത്തില്‍ കോട്ടയം ലോക്സഭാ സീറ്റിലെ കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ പ്രഖ്യാപനം കേരളയാത്രാ സമാപനത്തില്‍ ഉണ്ടാകാനിടയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: