ന്യൂദല്‍ഹി: രാജ്യത്തെ നടുക്കി ജമ്മു കശ്മീരില്‍ പാക്ക് ഭീകരസംഘടനയുടെ ചാവേറാക്രമണം. 44 ജവാന്മാര് വീരമൃത്യു വരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. പലരുടെയും നില ഗുരുതരമാണ്.
ശ്രീനഗര്‍-ജമ്മു ദേശീയപാതയില്‍, അവന്തിപോറക്കു സമീപം സിആര്‍പിഎഫ് വാഹനവ്യൂഹത്തിലെ ബസ്സിലേക്ക് സ്ഫോടകവസ്തു നിറച്ച കാര്‍ ഓടിച്ചു കയറ്റിയായിരുന്നു ആക്രമണം. 56 ജവാന്മാരാണ് ബസ്സിലുണ്ടായിരുന്നത്. വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം. 350 കിലോ സ്ഫോടക വസ്തുക്കളാണ് കാറില്‍ നിറച്ചിരുന്നത്.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ‘മുഹമ്മദിന്റെ സൈന്യം’ എന്നര്‍ഥം വരുന്ന ഭീകരസംഘടന ജെയ്ഷ് ഇ മുഹമ്മദ് രംഗത്തെത്തി. ചാവേറായ പുല്‍വാമ സ്വദേശി ആദില്‍ മുഹമ്മറിന്റെ വീഡിയോയും പുറത്തുവിട്ടു. ജമ്മുവില്‍നിന്നും ശ്രീനഗറിലേക്ക് എഴുപത് വാഹനങ്ങളിലായി നീങ്ങിയ 54-ാം ബറ്റാലിയന് സിആര്‍പിഎഫ് സംഘത്തിന് നേര്‍ക്കാണ് ആക്രമണം ഉണ്ടായത്. സ്ഫോടക വസ്തു നിറച്ച കാര്‍ വാഹന വ്യൂഹത്തിലെ രണ്ട് ബസ്സുകളെ ലക്ഷ്യമാക്കി ഇടിച്ചു കയറുകയായിരുന്നു.
ഉഗ്രശേഷിയുള്ള ഐഇഡി ബോംബുകളാണ് ചാവേറിന്റെ കാറില്‍ നിറച്ചിരുന്നത്. അവധി കഴിഞ്ഞ് താഴ്വരയില് സേവനത്തിനായി മടങ്ങുന്നവര്‍ ഉള്‍പ്പെടെ 2500 പേരാണ് വാഹന വ്യൂഹത്തിലുണ്ടായിരുന്നത്. മറ്റ് വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. മോശം കാലാവസ്ഥ കാരണം രണ്ട് മൂന്ന് ദിവസമായി ദേശീയപാതവഴി ഗതാഗതം ഉണ്ടായിരുന്നില്ല.
സംഭവത്തെ തുടര്‍ന്ന് പ്രധാനമന്ത്രിയുടെ നിര്‍ദേശ പ്രകാരം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ അടിയന്തരയോഗം വിളിച്ചു ചേര്‍ത്ത് സ്ഥിതിഗതികള്‍ വിലയിരുത്തി. ഇന്നുരാവിലെ 9.15ന് സുരക്ഷാകാര്യങ്ങള്‍ സംബന്ധിച്ച് മന്ത്രി സഭാ സമിതി യോഗം ചേരും.
കേന്ദ്രആഭ്യന്തരമന്ത്രി രാജ്നാഥ്സിങ് ഇന്ന് കശ്മീരിലെത്തും. രാജ്നാഥ് സിങ് സിആര്‍പിഎഫ് ഡയറക്ടര്‍ ജനറല്‍ ആര്.ആര്. ഭട്നാഗറുമായി ഫോണില്‍ സംസാരിച്ചു. അടിയന്തര സാഹചര്യം കണക്കിലെടുത്ത് രാഷ്ട്രപതി രാംനാഥ് കോവിന്ദും കശ്മീരിലേക്ക് പോയേക്കുമെന്നാണ് സൂചന. രാഷ്ട്രപതി, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു എന്നിവര്‍ ആക്രമണത്തെ അപലപിച്ചു.
ആക്രമണത്തെ അപലപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ജവാന്മാരുടെ ജീവത്യാഗം വെറുതെയാവില്ലെന്ന് വ്യക്തമാക്കി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്, ഗവര്‍ണര്‍ സത്യപാല്‍ മാലിക് എന്നിവരുമായി മോദി ബന്ധപ്പെട്ടു. ഭീകരരെ മറക്കാനാകാത്ത പാഠം പഠിപ്പിക്കുമെന്ന് മന്ത്രി അരുണ്‍ ജെയ്റ്റ്ലി വ്യക്തമാക്കി. ഭീകരര്‍ക്ക് കടുത്ത തിരിച്ചടി നല്‍കണമെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് സുരേഷ് ജോഷി ആവശ്യപ്പെട്ടു. ബിജെപി അധ്യക്ഷന്‍ അമിത് ഷാ, കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ തുടങ്ങി വിവിധ കക്ഷി നേതാക്കളും ആക്രമണത്തെ ശക്തമായ ഭാഷയില്‍ അപലപിച്ചു.
മൂന്ന് വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും വലിയ ഭീകരാക്രമണമാണിത്. 2016ല്‍ ഉറിയില്‍ 19 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പ്രതികാരമായി ഇന്ത്യ പാക് മണ്ണില്‍ മിന്നലാക്രമണം നടത്തി ഭീകരരെ കൊന്നൊടുക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: