കൊല്ലം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ താല്‍ക്കാലിക നോമിനിയായി സിപിഐ ജില്ലാ സെക്രട്ടറിയാകാനിറങ്ങിത്തിരിച്ച മുല്ലക്കര രത്നാകരന് രൂക്ഷവിമര്‍ശനം. സിപിഐയില്‍ പോരുമൂര്‍ച്ഛിച്ചതോടെ ലോക്സഭാ തെരഞ്ഞെടുപ്പിന് കച്ചമുറുക്കാന്‍ തുടങ്ങും മുമ്പേ കൊല്ലത്ത് ഇടതുമുന്നണിയുടെ കെട്ടഴിഞ്ഞു.
ജില്ലയില്‍ അല്‍പ്പം വേരോട്ടമുണ്ടെന്ന് കരുതുന്ന സിപിഐയിലെ പടലപ്പിണക്കം മുന്നണിയുടെ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. മുല്ലക്കരയെ താല്‍ക്കാലിക സെക്രട്ടറിയായി തീരുമാനിച്ചുുള്ള സംസ്ഥാന എക്സിക്യൂട്ടീവ് നടപടി പാര്‍ട്ടിയില്‍ പുതിയ വിഭാഗീയതയ്ക്കാണ് വഴി തുറന്നത്. ഇന്നലെ കൊല്ലത്തു നടന്ന ജില്ലാ എക്സിക്യൂട്ടീവിലും കൗണ്‍സിലിലും നേതാക്കള്‍ ഇരുചേരികളായി തിരിഞ്ഞ് ആക്ഷേപം ഉന്നയിക്കുകയായിരുന്നു.
ഒരിക്കല്‍ സിഎംപിയില്‍ പോയ ആര്. രാജേന്ദ്രനെ സിപിഐ ജില്ലാ സെക്രട്ടറിയായി അവരോധിക്കാനുള്ള സംസ്ഥാന എക്സിക്യൂട്ടീവിന്റെ നീക്കം പാളിയതോടെയാണ് മുല്ലക്കരയ്ക്ക് താല്‍ക്കാലിക ചുമതല നല്‍കിയത്. രാജേന്ദ്രനെ അവരോധിച്ച സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം ജില്ലാ കൗണ്‍സില്‍ തള്ളിയത് കാനത്തിനും കൂട്ടര്‍ക്കും വലിയ ക്ഷീണമായിരുന്നു. തുടര്‍ന്നാണ് എന്തുവന്നാലും നിലവിലുള്ള സെക്രട്ടറി എന്‍. അനിരുദ്ധനെ മാറ്റിയേ അടങ്ങൂ എന്ന വാശിയിലേക്ക് സംസ്ഥാന സെക്രട്ടറി നീങ്ങിയത്. അതിന്റെ ഫലമാണ് മുല്ലക്കര രത്നാകരന് ലഭിച്ച താല്‍ക്കാലിക ചുമതല. ഇതോടെ ഇന്നലെ വരെ പാര്‍ട്ടിക്കുള്ളില്‍ സ്വീകാര്യനായിരുന്ന മുല്ലക്കരയും കാനം ഗ്രൂപ്പിന്റെ ആളായി വ്യാഖ്യാനിക്കപ്പെട്ടു.
രൂക്ഷമായ എതിര്‍പ്പാണ് മുല്ലക്കരയ്ക്കെതിരെ ഇന്നലെ ജില്ലാ എക്സിക്യൂട്ടീവിലും കൗണ്‍സിലിലും ഉയര്‍ന്നത്. എന്‍. അനിരുദ്ധനെ മാറ്റാനുള്ള തീരുമാനത്തിന് വഴങ്ങിയതിന് കിട്ടിയ സമ്മാനമാണ് മുല്ലക്കരയുടെ ജില്ലാ സെക്രട്ടറി പദവി എന്നാണ് ഉയരുന്ന ആരോപണം. മുല്ലക്കര പിന്നില്‍ നിന്ന് കുത്തുകയായിരുന്നുവെന്ന് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു.
മുതിര്‍ന്ന നേതാവായ അനിരുദ്ധനെതിരെ അനവസരത്തില്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വം നടപടി എടുക്കുന്നതിന്റെ കാരണം വ്യക്തമാക്കണമെന്നും ഒരുവിഭാഗം നേതാക്കള്‍ ആവശ്യപ്പെടുന്നു. ദേശീയ കൗണ്‍സിലില്‍ അംഗമായതിനാല്‍ അനിരുദ്ധന് ജില്ലാ സെക്രട്ടറിയായി തുടരാന്‍ കഴിയില്ലെന്ന കാനത്തിന്റെ വിശദീകരണം വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്നാണ് അവരുടെ പക്ഷം. അത്തരത്തില്‍ പദവികള്‍ വഹിക്കുന്നവര്‍ പാര്‍ട്ടിയില്‍ വേറെയുമുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
സിപിഐയെ തകര്‍ക്കാനുള്ള നീക്കമാണ് കാനവും കൂട്ടരും നടത്തുന്നതെന്നാണ് വിമര്‍ശനം. സി.കെ. ചന്ദ്രപ്പനെയോ വെളിയം ഭാര്‍ഗവനെയോ പോലെ സിപിഎം ധാര്‍ഷ്ട്യത്തെ തുറന്നെതിര്‍ക്കാന്‍ കാനം മടിക്കുന്നത് ദുരൂഹമാണ്. പല വിഷയങ്ങളിലും പുറത്ത് എതിര്‍ത്ത് പ്രസ്താവന ഇറക്കുമെങ്കിലും ശബരിമല വിഷയത്തിലടക്കം സിപിഎമ്മിന്റെ തൊഴുത്തിലേക്ക് പാര്‍ട്ടിയെ ആനയിക്കുകയാണ് കാനം ചെയ്തതെന്നും ആക്ഷേപമുയരുന്നുണ്ട്. ചോദ്യം ചെയ്യാതെ അനുസരിക്കുന്നവരോടാണ് കാനത്തിന് പ്രിയമെന്നും അതുകൊണ്ടാണ് അനിരുദ്ധനെ മാറ്റിയേ തീരൂ എന്ന നിലപാടില്‍ അദ്ദേഹം എത്തിയതെന്നുമാണ് വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: